|    Jan 21 Sat, 2017 11:58 am
FLASH NEWS

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് വിടവാങ്ങി

Published : 14th October 2016 | Posted By: SMR

ബാങ്കോക്ക്: തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു. 88 വയസ്സായിരുന്നു.  1946 മുതല്‍ തായ്‌ലന്‍ഡ് രാജപദവിയില്‍ തുടരുകയായിരുന്ന അതുല്യതേജ് ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇദ്ദേഹത്തെ ബാങ്കോക്കിലെ സിരിരാജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
വൃക്ക-ശ്വാസകോശ രോഗങ്ങള്‍ രാജാവിനുണ്ടായിരുന്നു. രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലം ആശുപത്രികളില്‍ ചികില്‍സയില്‍ കഴിഞ്ഞു. ഏതാനും ദിവസം മുമ്പ് ഡയാലിസിസ് നടത്തിയതിനുശേഷം ആരോഗ്യനില വഷളായിരുന്നതായി തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു.
സോങ്ക്‌ല രാജകുമാരന്‍ മഹിദോല്‍ അതുല്യതേജിന്റെയും ശൃംഗരിന്ദ്ര രാജകുമാരിയുടെയും മകനായി 1927 ഡിസംബര്‍ 5ന് യുഎസിലെ കാംബ്രിജില്‍ ജനിച്ച അതുല്യതേജ് 1946 ജൂണ്‍ ഒമ്പതിനാണ് തായ്‌ലന്‍ഡിലെ ചക്രി രാജവംശത്തില്‍ രാമ ഒമ്പതാമന്‍ രാജാവായി സ്ഥാനമേറ്റത്. 1935 മുതല്‍ 1946 വരെ തായ്‌ലന്‍ഡ് ഭരിച്ച രാമ എട്ടാമന്‍ ആനന്ദ മഹിദോലിന്റെ പിന്‍ഗാമിയായിട്ടായിരുന്നു സ്ഥാനാരോഹണം.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാഷ്ട്രത്തലവനാണ് ഇദ്ദേഹം.  ചക്രി രാജ വംശത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവും അതുല്യതേജാണ്. ഭൂരിപക്ഷം തായ്‌ലന്‍ഡുകാരുടെയും ബഹുമാനത്തിനര്‍ഹനായ ഭരണാധികാരിയായാണ് അതുല്യതേജ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് ശക്തമായ രാഷ്ട്രീയഭിന്നതകള്‍ക്കിടയിലും തായ്‌ലന്‍ഡിനെ ഏകീകരിക്കുന്ന വ്യക്തിത്വമായും അതുല്യതേജ് അറിയ പ്പെടുന്നു.
തായ്‌ലന്‍ഡ് ഭരണഘടനപ്രകാരം രാജാവിന് പരിമിതമായ രാഷ്ട്രീയാധികാരമാണുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുചടങ്ങുകളി ല്‍നിന്ന് അതുല്യതേജ് വിട്ടുനില്‍ക്കുകയായിരുന്നു. അതുല്യതേജിന്റെ മകനായ വജ്രലോങ്കോണ്‍ ആണ് തായ്‌ലന്‍ഡിന്റെ പുതിയ കിരീടാവകാശി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക