|    Oct 21 Sat, 2017 12:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തായ്പിങ് പാറക്കൂട്ടങ്ങളെന്ന ട്രൈബ്യൂണല്‍ പരാമര്‍ശത്തില്‍ പ്രതിഷേധം ; തെക്കന്‍ ചൈനാകടലിലേക്ക് തായ്‌വാന്‍ യുദ്ധക്കപ്പല്‍ അയച്ചു

Published : 14th July 2016 | Posted By: SMR

തായ്‌പേയ്: തെക്കന്‍ ചൈനാകടലിലെ ചൈനയുടെ അവകാശവാദത്തിനെതിരേ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെ തായ്‌വാന്‍ മേഖലയിലേക്ക് യുദ്ധക്കപ്പലയച്ചു.
ഉത്തരവില്‍ സ്‌പ്രേറ്റ്‌ലി ദ്വീപസമൂഹത്തിലെ ഏറ്റവും വലുതും തായ്‌വാന്‍ അവകാശവാദമുന്നയിക്കുന്നതുമായ തായ്പിങിനെ ദ്വീപെന്ന വിഭാഗത്തില്‍ നിന്നും മാറ്റി പാറക്കൂട്ടങ്ങളെന്ന വിഭാഗത്തിലുള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി. പാറക്കൂട്ടങ്ങളെന്ന വിഭാഗത്തില്‍ പെടുത്തിയതിനാല്‍ ദ്വീപെന്ന നിലയില്‍ തായ്പിങിനെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അതിനാല്‍ തായ്പിങിന് സമുദ്രാതിര്‍ത്തി സംബന്ധിച്ച് അവകാശങ്ങളുന്നയിക്കാനും സാധിക്കില്ല. വിധി ഒരു തരത്തിലും സ്വീകാര്യമല്ലെന്നും നടപടികളില്‍ തായ്‌വാന്റെ അഭിപ്രായമോ കാഴ്ചപ്പാടുകളോ ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ കുറ്റപ്പെടുത്തി. മേഖലയില്‍ രാജ്യത്തിന്റെ അവകാശം ഉറപ്പുവരുത്തുന്നതിനായാണ് യുദ്ധക്കപ്പല്‍ അയക്കുന്നതെന്നും സായ് പറഞ്ഞു.
മേഖലയില്‍ പട്രോളിങ് നടത്താന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും അയക്കുന്നത് തുടരുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പാറക്കൂട്ടങ്ങളല്ല, തായ്പിങ് ദ്വീപുകളാണെന്ന് തെളിയിക്കാന്‍ തായ്‌വാന്‍ ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ ഇവിടം സന്ദര്‍ശിച്ചു. ഇത് യുഎസ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു.
സ്‌പ്രേറ്റ്‌ലിയില്‍ ചൈന, ബ്രൂണയ്, മലേസ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്. തെക്കന്‍ തീരനഗരമായ കോസിയങില്‍ നിന്നാണ് യുദ്ധക്കപ്പല്‍ തായ്പിങ് മേഖലയിലേക്കു പുറപ്പെട്ടത്. ഫിലിപ്പീന്‍സ് സമര്‍പ്പിച്ച പരാതിക്കുമേലാണ് ചൈനയ്ക്ക് മേഖലയില്‍ ചരിത്രപരമായ ഒരു അവകാശവും ഇല്ലെന്ന് പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഉത്തരവിട്ടത്.
മല്‍സ്യബന്ധനത്തിനൊരുങ്ങി ഇന്തോനീസ്യ
ജക്കാര്‍ത്ത: വിധിക്കുപിന്നാലെ മേഖലയില്‍ മല്‍സ്യബന്ധനം നടത്താമെന്നാണ് ഇന്തോനീസ്യ പ്രതീക്ഷിക്കുന്നത്. ഇന്തോനീസ്യ അവകാശവാദമുന്നയിക്കുന്ന സ്‌പ്രേറ്റ്‌ലി ദ്വീപസമൂഹത്തിലെ നാതുന ദ്വീപിലേക്ക് മല്‍സ്യബന്ധനബോട്ടുകള്‍ അയക്കാന്‍ പദ്ധതിയിടുകയാണ് പ്രസിഡന്റ് ജോക്കോ വിദോദോ. ദ്വീപിനു ചുറ്റുമുള്ള സമുദ്രത്തില്‍ എണ്ണഖനനവും പ്രതിരോധസംവിധാനവും സ്ഥാപിക്കാനുള്ള നീക്കവും ആരംഭിച്ചതായാണ് വിവരം.
നേരത്തേ മേഖലയില്‍ നിന്നും ചൈനീസ് മല്‍സ്യബന്ധനബോട്ടുകള്‍ ഇന്തോനീസ്യ പിടിച്ചെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക