|    Dec 12 Tue, 2017 10:11 am

തായമ്പകയില്‍ വിസ്മയം തീര്‍ത്ത് എട്ടുവയസ്സുകാരന്‍

Published : 6th October 2016 | Posted By: Abbasali tf

ചേര്‍പ്പ്: ചെണ്ടപ്പുറത്ത് കൈ വേഗങ്ങള്‍ കൊണ്ട് തായമ്പകയില്‍ വിസ്മയം തീര്‍ക്കുകയാണ് എട്ടു വയസുകാരന്‍. വാദ്യ കലാകാരനായ ചേര്‍പ്പ് ചെറുശ്ശേരി പണ്ടാരത്തില്‍ മാരാത്ത് ശ്രീകുമാറിന്റെ മകന്‍ അര്‍ജുന്‍ ആണ് എട്ടാം വയസ്സില്‍ മേളപ്രമാണിയായത്. കളിപ്പാട്ടവുമായി ചങ്ങാത്തം കൂടേണ്ട പ്രായത്താണ് അര്‍ജു ന്‍ ചെണ്ടയുമായി ചങ്ങാത്തം കൂടിയത്. മൂന്നു വയസ്സുള്ളപ്പോഴാണ് കുട്ടിയുടെ മേളക്കമ്പം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. അച്ഛന്‍ ശ്രീകുമാര്‍ മാരാര്‍, മേളം നടത്തുമ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും കൈത്താളമിടുകയും ശ്രദ്ധിച്ചതോടെയാണ് ശ്രീകുമാര്‍ മാരാര്‍ മകനെ വാദ്യ കല അഭ്യസിപ്പിച്ചത്.പതികാലത്തില്‍ തുടങ്ങി കൂറും ഇടക്കാലവും കൊട്ടിയവസാനിപ്പിക്കുന്ന തായമ്പകയുടെ സങ്കീര്‍ണമായ ഇരട്ടിപ്പുകള്‍ വരെ അനായാസമായാണ് അര്‍ജുന്‍ പഠിച്ചത്. പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് കുട്ടപ്പന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, പണ്ടാരത്തില്‍ കുട്ടന്‍ മാരാര്‍, ചേര്‍പ്പ് മണി, പുതുക്കാട് കണ്ണന്‍ മാരാര്‍, പെരുവനം പ്രകാശന്‍ തുടങ്ങിയ മേളപ്രമാണിമാരുടെ സാന്നിധ്യത്തില്‍ തിരുവുള്ളക്കാവ് ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. മുതിര്‍ന്ന  മേളകലാകാരന്മാരെ പോലും വിസ്മയിക്കുന്ന പ്രകടനമായിരുന്നു അരങ്ങേറ്റത്തില്‍ തന്നെ അര്‍ജുന്‍ കാഴ്ചവെച്ചത്. പാലിശേരി ഗുരുശ്രീ വിദ്യാനികേതന്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥയാണ് അര്‍ജുന്‍. അച്ഛനെ ക്കൂടാതെ കേളത്ത് കുട്ടപ്പന്‍ മാരാരും പണ്ടാരത്തില്‍ കുട്ടന്‍ മാരാരുമാണ് അര്‍ജുന്റെ ഗുരുക്കന്മാര്‍. അര്‍ജുന്റെ പ്രമാണത്തില്‍ ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ തായമ്പക അരങ്ങേറാനിരിക്കുകയാണ്. എട്ടാം വയസ്സില്‍ തന്നെ മേള പ്രമാണിയുടെ കിരീടമണിഞ്ഞിരിക്കുകയാണ് അര്‍ജുന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക