|    Mar 28 Tue, 2017 6:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

താമസ രേഖ സ്ഥിരമായി കൈവശം വയ്ക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Published : 12th July 2016 | Posted By: sdq

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ തങ്ങളുടെ താമസ രേഖ(ആര്‍പി കാര്‍ഡ്) സ്ഥിരമായി കൈവശം വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മന്ത്രാലയം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുമ്പോള്‍ പ്രവാസികളുടെ കൈവശം ആര്‍പി കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരുടെ മുമ്പില്‍ രേഖ ഹാജരാക്കണം. രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ ഏക തിരിച്ചറിയല്‍ കാര്‍ഡാണ് താമസാനുമതി രേഖ. ആര്‍പി സ്റ്റിക്കര്‍ പാസ്‌പോര്‍ട്ടില്‍ അടിക്കുന്നത് കഴിഞ്ഞ വര്‍ഷം മുതലാണ് ഖത്തര്‍ അധികൃതര്‍ മാറ്റിയത്.
നിലവില്‍ പ്രവാസിയുടെ ഖത്തറിലെ പൂര്‍ണമായ രേഖയാണ് ആര്‍പി കാര്‍ഡ്. ആര്‍പി കാര്‍ഡ് എപ്പോഴും കൈവശം വയ്ക്കണമെന്നത് നിയമപരമായി നിര്‍ബന്ധമില്ല. എന്നാല്‍, അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 10000 റിയാല്‍വരെ പിഴ ചുമത്താം.
ഓണ്‍ലൈനിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും മന്ത്രാലയത്തിന്റെ ജോലി ഭാരം കുറക്കുന്നതിനുമായിരുന്നു കഴിഞ്ഞ വര്‍ഷം മുതല്‍ ആര്‍പി കാര്‍ഡ് സംവിധാനം ആരംഭിച്ചത്. വിദേശത്ത് നിന്ന് ഐഡി കാര്‍ഡ് നഷ്ടമായാല്‍ നടപടിക്രമങ്ങള്‍ പാലിച്ചേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുകയുള്ളൂ. വിദേശത്തു നിന്നും മടങ്ങി വരുമ്പോള്‍ താമസാനുമതി രേഖ നഷ്ടമായാല്‍ തിരികെ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ വീണ്ടും പ്രവേശനാനുമതി തേടേണ്ടി വരുമെന്നതാണ് നിയമം. വിദേശത്ത് പോയി ആറുമാസത്തിന് മുമ്പ് തിരിച്ചെത്തിയ ആളാണെങ്കില്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ റിട്ടേണ്‍ വിസ ഇഷ്യൂ ചെയ്ത് രാജ്യത്തേക്ക് പ്രവേശിക്കാം. താമസാനുമതി രേഖ നഷ്ടപ്പെട്ടതായി എമിഗ്രേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും.
അതേസമയം, രാജ്യത്തിന് പുറത്ത് പോയി ആറു മാസം കഴിഞ്ഞാണ് തിരികെ വരുന്നതെങ്കില്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും. വ്യക്തിയുടെ തൊഴിലുടമ അല്ലെങ്കില്‍ സ്‌പോണ്‍സറുടെ അനുമതിപത്രം ഇത്തരക്കാര്‍ക്ക് ആവശ്യമാണ്. ഇത് നല്‍കാന്‍ തൊഴിലുടമ തയാറായില്ലെങ്കില്‍ താമസം സംബന്ധിച്ച 2009ലെ നാലാം നമ്പര്‍ നിയമത്തിന്റെ ലംഘനം നടത്തിയതിന് നിയമ നടപടികള്‍ നേരിടേണ്ടി വരും.
ഖത്തറിലെ താമസക്കാരന്റെ കൈയില്‍ അംഗീകൃത പാസ്‌പോര്‍ട്ടും താമസാനുമതി രേഖയും നിര്‍ബന്ധമാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day