താമരശ്ശേരി: ഇരുപത് കോടി ആറുലക്ഷം രൂപ വരവും പത്തൊന്‍പത് കോടി എഴുപത്തിമൂന്നുലക്ഷം രൂപ ചെലവും മുപ്പത്തിമൂന്ന് ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മിച്ചബജറ്റിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്കി. വരള്‍ച്ച, കുടിവെള്ളം, റോഡ് എന്നിവക്ക് ഒരുകോടി 32 ലക്ഷം, ഉല്പാദന മേഖലക്ക് 68 ലക്ഷം, വയോജന പരിപാലനത്തിന് 16 ലക്ഷം, വനിതാശാക്തീകരണ പദ്ധതികള്‍ക്ക് 31 ലക്ഷം, പട്ടികജാതിവികസനത്തിന് നാല്പത് ലക്ഷം, പട്ടികവര്‍ഗ വികസനത്തിന് മൂന്നുലക്ഷം, ആരോഗ്യ വികസനത്തിന് 17 ലക്ഷം, ശിശു വികസനത്തിന് ഏഴുലക്ഷം എന്നിങ്ങനെ വിവിധ മേഖലക്കായി തുക മാറ്റിവെച്ചിട്ടുണ്ട്.
പഞ്ചായത്തിലെ പാവപ്പെട്ടവരുടെ ഭവന നിര്‍മാണത്തിന് ഒരു കോടി മൂന്നുലക്ഷം രൂപ വകയിരുത്തി. താമരശ്ശരി ചുങ്കം മുതല്‍ കാരാടി വരെ പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മാലിന്യം തള്ളുന്നവരെ പിടികൂടാനും വ്യാപാരികളുടെ സഹകരണത്തോടെ സിസിടിവി സ്ഥാപിക്കാന്‍ എട്ടുലക്ഷം, പഞ്ചായത്തില്‍ ഒരു വയോജന പാര്‍ക്ക് സ്ഥാപിക്കാന്‍ അഞ്ചുലക്ഷം, ഇവിടെ എത്തുന്ന വയോജനങ്ങള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കും.
വയോജനങ്ങള്‍ക്ക് കണ്ണട, കട്ടില്, ഊന്നുവടി, ഇയര്‍ എയ്ഡ് തുടങ്ങിയ വാങ്ങിനല്‍കും. തെരുവില്‍ താമസിക്കുന്നവര്‍ക്ക് അഭയം നല്‍കാനായി ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ അഞ്ചുലക്ഷം, ടൗണിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി രാവും പകലും വിശ്രമിക്കാനുതകുന്ന സ്ത്രീസൗഹൃദ കംഫര്‍ട്ട് സ്റ്റേഷന് 20ലക്ഷം, വനിതാസ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം, പുതിയ ബസ് സ്റ്റാന്റില്‍ അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിക്കാന്‍ അമ്പതിനായിരം,താമരശ്ശേരി ടൗണിലെയടക്കം ഓടകള്‍ വൃത്തിയാക്കുന്നതിന് പത്തുലക്ഷം, പഞ്ചായത്തിലെ എല്‍പി, യുപി സ്കൂളുകളിലെ ടോയിലറ്റ് ശുചീകരണ പദ്ധതിക്ക് മൂന്നുലക്ഷം, താമരശ്ശേരി ടൗണില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കാന്‍ പത്തുലക്ഷം, പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കുന്നതിന് പത്തുലക്ഷം, പഞ്ചായത്ത് ബസ് സ്റ്റാന്റ് നവീകരണത്തിന് അഞ്ചുലക്ഷം.
മൂന്ന് ബസ് സ്റ്റോപ്പുകളുടെ നിര്‍മാണത്തിന് 15ലക്ഷം, കുട്ടികള്‍ക്ക് നീന്തല്‍ക്കുളം നിര്‍മാണത്തിന് 10 ലക്ഷം, പാലങ്ങളില്‍ വാഹനം നിര്‍ത്തി പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പൂനൂര്- കൂടത്തായി പാലങ്ങള്‍ക്ക് ഇരുവശവും നെറ്റ് സ്ഥാപിക്കാന്‍ രണ്ടുലക്ഷം, മാലിന്യ പദ്ധതിക്ക് അഞ്ചുലക്ഷം, കുടുംബങ്ങളുടെ കെട്ടുറപ്പിന് കൗണ്‍സിലറുടെ സേവനത്തിനായി ഒരുലക്ഷം, കൃഷി ആവശ്യങ്ങള്‍ക്ക് ജലസേചന കിണര്‍കുഴിക്കാന്‍ അഞ്ചുലക്ഷം, നൂറുകുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് ഒരു ലക്ഷം , ശുദ്ധമായ പാലുല്പാദനത്തിന് മാതൃകാ ഡയറിഫാം നിര്‍മാണത്തിന് പത്തുലക്ഷം, വീടുകളില്‍ പച്ചക്കറിതോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ചുലക്ഷം.
ആടുവിതരണ പദ്ധതിക്ക് ആറുലക്ഷം, സിഡബ്ലൂആര്ഡിഎമ്മിന്റെ സഹകരണത്തോടെ ജലപരിശോധനക്കും ബോധവത്കരണത്തിനും അഞ്ചുലക്ഷം, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചുലക്ഷം, പുതിയത് സ്ഥാപിക്കാന്‍ അഞ്ചുലക്ഷം, കിണര്‍ റീച്ചാര്ജിംഗിന് അഞ്ചുലക്ഷം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മിക്കാന്‍ നാല്പത് ലക്ഷം, കൂടത്തായി മിനിസ്റ്റേഡിയം വികസനത്തിന് അഞ്ചുലക്ഷം എന്നിവയാണ് പ്രധാനപ്പെട്ട പദ്ധതികള്‍ക്കായി ഫണ്ട് വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.