|    Oct 16 Tue, 2018 3:17 pm
FLASH NEWS

താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറിയും ഭരണസമിതിയും പോരില്‍ ; ജനം പെരുവഴിയില്‍

Published : 1st May 2017 | Posted By: fsq

 

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തില്‍ സെക്രട്ടറിയും ഭരണ സമിതിയും തമ്മിലുള്ള ശീത സമരം ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഭരണസമിതിയെ അനുസരിക്കാത്ത സെക്രട്ടറിയും സെക്രട്ടറിയെ അംഗീകരിക്കാത്ത ഭരണസമിതിയും തമ്മിലുള്ള പോരാണ് താമരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് ദുരിതമായി മാറുന്നത്. മുന്‍ സെക്രട്ടറി തുടങ്ങിവെച്ച പ്രശ്‌നങ്ങളുടെ ബാക്കി ഭാഗമാണ് പുതിയ സെക്രട്ടറി നടപ്പാക്കുന്നതെന്നും ഭരണസമിതിയെയും ഒരു വിഭാഗം ഉദ്യോഗസ്ഥരെയും സെക്രട്ടറി അംഗീകരിക്കുന്നില്ലെന്നും ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കാതെ കുന്നുകൂടി കിടക്കുകയാണെന്നും പ്രസിഡന്റും മറ്റും ആരോപിക്കുന്നു. എന്നാല്‍, ശരിയായ ഫയലുകളില്‍ മാത്രമെ ഒപ്പിടൂ എന്നാണ് സെക്രട്ടറി പറയുന്നത്. കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കിയ സംഭവത്തില്‍ അഴിമതി നടന്നതായി കാണിച്ചു സീനിയര്‍ ക്ലാര്‍ക്കിനെതിരേയും മുന്‍ എഎസിനെതിരെയും സെക്രട്ടറി പരാതി നല്‍കുകയും ഇരുവരും സസ്‌പെന്‍ഷനിലാവുകയും ചെയ്തിരുന്നു. എന്നാല്‍, ഇരുവരും കുറച്ചു ദിവസങ്ങള്‍ക്കകം ജോലിയില്‍ തിരിച്ചു പ്രവേശിക്കുകയും ചെയ്തു. സീനിയര്‍ ക്ലര്‍ക്ക് സ്ഥലം മാറിപ്പോവുകയും ചെയ്തു. ഇതിനിടയില്‍ സെക്രട്ടറിയും പ്രസിഡന്റുമായി പലകാര്യത്തിലും പരസ്യമായി കൊമ്പുകോര്‍ക്കുന്ന അവസ്ഥയും നിത്യസംഭവമായി. ജീവനക്കാ ര്‍ ഇരുചേരിയിലായാണ് ഇപ്പോ ള്‍ നില്‍ക്കുന്നത്. സെക്രട്ടറിയെ അനുകൂലിക്കുന്നവരും ഭരണസമിതിയെ അനുകൂലിക്കുന്നവരും. പ്രശ്‌നം രൂക്ഷമായതോടെ സെക്രട്ടറി കോട്ടയത്തേക്ക് സ്ഥലം മാറി പോവുകയും പകരം എഎസിനു ചുമതല നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റം റദ്ദാക്കി വീണ്ടും താമരശ്ശേരിയില്‍ ജോലിക്കെത്തി. ഇത് ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കാന്‍ കാരണമായി. ഇരുകൂട്ടരും പരസ്യമായി രംഗത്തുവന്നു. ഇതോടെ ഗ്രാമപ്പഞ്ചായത്ത് കുത്തഴിഞ്ഞ നിലയിലേക്ക് കൂപ്പുകുത്തി. സെക്രട്ടറിക്കെതിരേയും ഭരണസമിതിക്കെതിരേയും ആരോപണവും അന്വേഷണങ്ങളും അരങ്ങേറുകയും ചെയ്തു. ഫലത്തില്‍ പൊതുജനങ്ങ ള്‍ക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാതെയുമായി. നിരന്തരം ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയിലാണ് താമരശ്ശേരി പഞ്ചായത്തിലെ സാധാരണക്കാരായ ഗുണഭോക്താക്കള്‍. തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിക്കേണ്ടവര്‍ തന്നെ നിരന്തരം പ്രശ്‌നത്തിലായതോടെ പൊതുജനം എന്തുചെയ്യുമെന്നറിയാതെ കഷ്ടപ്പെടുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss