|    Dec 15 Fri, 2017 2:35 am
FLASH NEWS

താമരശ്ശേരിയെ ദുഃഖത്തിലാക്കി അപകട മരണങ്ങള്‍

Published : 2nd November 2016 | Posted By: SMR

താമരശ്ശേരി: ഒരാഴ്ചയ്ക്കിടയില്‍ താമരശ്ശേരി സ്വദേശികളായ നാലു യുവാക്കള്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. ബൈക്ക് യാത്രക്കാരന്‍ കോരങ്ങാട് താമസിക്കുന്ന കോളിക്കല്‍ ഷബീറാ(22)ണ് അവസാനം മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി വെങ്ങളത്ത് ബസ് അപകടത്തിലാണ് ഷബീര്‍ മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറായ ഷബീര്‍ സുഹൃത്തുമൊന്നിച്ച് ബൈക്കില്‍ വരുമ്പോഴാണ് അപകടം. വെങ്ങളം ബൈപ്പാസില്‍ സിഗ്നല്‍ കാത്തുനില്‍ക്കുന്ന ബൈക്കിനെ പിന്നില്‍ അതിവേഗത്തില്‍ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ഇയാളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ ശേഷമാണ് നിന്നത്. ശനിയാഴ്ച താമരശ്ശേരി മൂന്നാംതോട് ജങ്ഷനില്‍ ടിപ്പറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് പരപ്പന്‍ പൊയില്‍ അലിഫ് പന്തല്‍ ജീവനക്കാരന്‍ കരണിച്ചാലില്‍ അബ്ദുല്‍ മജീദ്(42) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച ബാഗഌരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ലോറിക്കടിയില്‍പെട്ട് എസ്റ്റേറ്റ് മുക്ക് മുപ്പറ്റച്ചാലില്‍ മുഹമ്മദ് ആഷിഖ്(21) എന്ന മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയും മരണപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ പൂനൂരില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിനിടയില്‍ വ്യാപാര ഭവന്‍ ലിഫ്റ്റ് അപകടത്തില്‍ മുക്കം എംഎംഒ ഡിഗ്രി വിദ്യാര്‍ഥിയായ പൂക്കോട് പൊയില്‍ ഉമ്മറിന്റെ മകന്‍ ജുനൈദ്(17)ഉം മരിച്ചു. ഇതിനു പുറമെ താമരശ്ശേരി മേഖലയില്‍ വിവധ വാഹന അപകടങ്ങളില്‍ 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക