|    Jun 19 Tue, 2018 10:43 am
FLASH NEWS
Home   >  Kerala   >  

താമരശ്ശേരിയില്‍ ബസും ജീപ്പും കാറും കൂട്ടിയിടിച്ച് 3 കുട്ടികളുള്‍പ്പടെ 6 പേര്‍ മരിച്ചു

Published : 5th August 2017 | Posted By: mi.ptk

 

കോഴിക്കോട് : താമരശ്ശേരി അടിവാരത്ത് ബസും ജീപ്പും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പടെ 6 പേര്‍ മരിച്ചു. ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ പി സി പ്രമോദ് (38), യാത്രക്കാരായ കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുര്‍റഹ്മാന്‍ (63), ഭാര്യ സുബൈദ (58), പേരമക്കളായ മുഹമ്മദ് നിഷാന്‍ (8), ബന്ധുക്കളായ ആയിശ ലുഹ എന്ന ജസ (7), അന്ന ഫാത്തിമ (5) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് 1.45ഓടെ അടിവാരം കൈതപ്പൊയിലിനു സമീപം എലിക്കാട് ജങ്ഷനിലാണ് അപകടം.
എട്ടു പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്ടു നിന്നു ബത്തേരിക്ക് ബത്തേരിക്കു പോവുകയായിരുന്ന രാജഹംസം ബസ്സും വയനാട് വടുവഞ്ചാലില്‍ നിന്നു കൊടുവള്ളിയിലേക്ക് വരുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പിന്നില്‍ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറിലും ഇടിച്ചു. കാര്‍ റോഡില്‍ നിന്നു തെന്നിപ്പോയി. കാറിലുള്ളവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഈ അപകടത്തിലേക്ക് എത്തിയ മറ്റൊരു സ്വകാര്യ ബസ്സും ജീപ്പിലിടിച്ചതായി നാട്ടുകാര്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ജീപ്പില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞു താമരശ്ശേരിയില്‍ നിന്നു പോലിസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ജീപ്പിലും കാറിലും രണ്ടു ബസ്സിലുമുള്ള നിരവധി യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരില്‍ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്കു ശേഷം വിട്ടയച്ചു.

മരിച്ച കൊടുവള്ളി കരുവന്‍ പൊയില്‍ വടക്കേകര വീട്ടില്‍ അബ്ദുറഹിമാന്റെ മകന്‍ ഷാജഹാന്‍ (35), ഇദ്ദേഹത്തിന്റെ ഭാര്യ ഹസീന (28), ഷാജഹാന്റെ സഹോദരി സഫീന (30), സഫീനയുടെ മകള്‍ ഖദീജ നുയ (13), മലപ്പുറം മേലാറ്റൂര്‍ കാഞ്ഞിരപ്പറ്റ കുളക്കാട്ടില്‍ വീട്ടില്‍ മുഹമ്മദലി (78), ഭാര്യ മൈമുന (58) എന്നിവര്‍ക്കും ബസില്‍ യാത്ര ചെയ്ത കുന്നമംഗലം സ്വദേശി ഹാജിറ (36), പടനിലം സ്വദേശി ആമിന (64) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്്്.

 


  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss