|    Dec 12 Wed, 2018 9:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

താന്‍ സ്ഥലംമാറ്റ ഭീഷണിയിലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ഗനി ലോണിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാല്‍ താന്‍ സ്ഥലംമാറ്റ ഭീഷണിയിലാണെന്നു സൂചന നല്‍കി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗീര്‍ദാരി ലാല്‍ ദോഗ്രയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇത്തരത്തിലൊരു സൂചന നല്‍കിയത്. താന്‍ ഈ സ്ഥാനത്ത് ഉള്ളിടത്തോളം കാലമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഗവര്‍ണര്‍ ഇവിടെ തുടരുന്ന കാര്യം തന്റെ കൈയിലല്ലെന്നും താന്‍ സ്ഥലംമാറ്റ ഭീഷണിയിലാണെന്നും പറഞ്ഞു. എപ്പോഴാണ്് തന്നെ ഇവിടെനിന്നു മാറ്റുകയെന്നു പറയാനാവില്ല. എനിക്ക് ജോലി നഷ്ടപ്പെടുകയൊന്നുമില്ല, എന്നാല്‍ മാറ്റമുണ്ടായേക്കാം. ഇവിടെയുള്ളിടത്തോളം കാലം നിങ്ങള്‍ വിളിച്ചാല്‍ ഞാനെത്തുമെന്നും മല്ലിക് പറഞ്ഞു.
ഗ്വാളിയോറില്‍ ഈ മാസം 24ന് ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് സജ്ജാദ് ഗനി ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടതായി സത്യപാല്‍ മല്ലിക് പറഞ്ഞത്. അത് അനുസരിക്കാതെ താന്‍ നിയമസഭ പിരിച്ചുവിടുകയായിരുന്നുവെന്നും മല്ലിക് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം അവകാശവാദമുന്നയിച്ചത് സജ്ജാദ് ലോണാണെന്ന് മല്ലിക് പറഞ്ഞു. മെഹബൂബ മുഫ്തി സര്‍ക്കാര്‍ രൂപീകരണം ഗൗരവത്തിലെടുത്തിരുന്നില്ല. നിയമസഭ പിരിച്ചുവിടുകയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതെന്നും മല്ലിക് പറഞ്ഞു. 89 അംഗ സഭയില്‍ സജ്ജാദ് ഗനി ലോണിന്റെ പാര്‍ട്ടിക്ക് രണ്ടംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. സജ്ജാദിനെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ തന്റെ വിശ്വാസ്യത എന്നെന്നേക്കുമായി ഇല്ലാതാവുമായിരുന്നുവെന്നും മല്ലിക് പറഞ്ഞു.
താന്‍ പൂര്‍ണമായും രാഷ്ട്രീയരഹിതനാണെന്നും മല്ലിക് അവകാശപ്പെട്ടിരുന്നു. ബിജെപി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജിവച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി നാഷനല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കവെയാണ് മല്ലിക് നിയമസഭ പിരിച്ചുവിടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss