|    Jan 23 Mon, 2017 1:51 am
FLASH NEWS

താന്‍ സമാധാനത്തിന്റെ സന്ദേശവാഹകന്‍; ഭീകരതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല: സാക്കിര്‍ നായിക്

Published : 16th July 2016 | Posted By: SMR

മുംബൈ: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭീകരതയെ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നും പ്രമുഖ ഇസ്‌ലാംമത പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിന്ന് വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പ് വഴി മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തിനു പ്രചോദനമാവുന്നു എന്ന ആരോപണം തള്ളിക്കളഞ്ഞ സാക്കിര്‍, ഫ്രാന്‍സിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ചു. ആവശ്യമെങ്കില്‍ മണിക്കൂറുകളോളം സംസാരിക്കാന്‍ തയ്യാറാണെന്നും അന്വേഷണ ഏജന്‍സികള്‍ സമീപിക്കുകയാണെങ്കില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിധ്വംസകപ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു. ബംഗ്ലാദേശിലെ സായുധാക്രമണത്തില്‍ പങ്കെടുത്തവരുമായി ഒരു ബന്ധവുമില്ല. അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്.
ബോംബ് ഘടിപ്പിച്ചെത്തി പൊട്ടിത്തെറിച്ചുള്ള ആക്രമണങ്ങള്‍ ഇസ്‌ലാംവിരുദ്ധമാണ്. അതേസമയം, രാജ്യസംരക്ഷണത്തിന് യുദ്ധതന്ത്രമെന്ന നിലയില്‍ ഇത്തരം ആക്രമണങ്ങളെ ചില പണ്ഡിതര്‍ അംഗീകരിച്ചിട്ടുണ്ട്. അന്യായമായി ഒരാളെ കൊലപ്പെടുത്തിയാല്‍ ലോകത്തെ മനുഷ്യരെ മുഴുവന്‍ കൊലചെയ്തതിനു തുല്യമാണെന്നു പറയുന്ന ഒരേയൊരു വിശുദ്ധഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷമായി മതപ്രഭാഷണം നടത്തുന്ന താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനാണ്. മാധ്യമവിചാരണയാണു തനിക്കെതിരേ നടക്കുന്നത്. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എഡിറ്റ് ചെയ്ത വീഡിയോകളെ ആശ്രയിക്കരുത്. ബ്രിട്ടനില്‍ മാത്രമാണു തന്റെ പ്രഭാഷണത്തിനു വിലക്കുള്ളത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക സംവിധാനവും ഏതെങ്കിലും തരത്തിലുള്ള ചോദ്യവുമായി തന്നെ സമീപിച്ചിട്ടില്ല. സര്‍ക്കാരുമായോ പോലിസുമായോ തനിക്കു പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വേദി സംബന്ധിച്ച അനിശ്ചിതത്വംമൂലം സാക്കിര്‍ നായിക്കിന്റെ സ്‌കൈപ്പ് വഴിയുള്ള വാര്‍ത്താസമ്മേളനം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. നിലവില്‍ സൗദിയിലുള്ള സാക്കിര്‍ ഇന്നലെ രാവിലെ 11ന് ദക്ഷിണ മുംബൈയിലെ ബോയ്‌സ് ഹാളിലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക