|    Mar 24 Fri, 2017 9:46 pm
FLASH NEWS

താന്‍ മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: വിഎസ്

Published : 24th April 2016 | Posted By: SMR

തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും വിഎസ് പറഞ്ഞു. ഒരു ദേശീയ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിഎസ് നിലപാടു വ്യക്തമാക്കിയത്.
ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും കെ എം മാണിക്കുമെതിരേ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടിക കുറ്റമറ്റതല്ലെന്നും ചില സ്ഥാനാര്‍ഥികളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് അനുഭാവികള്‍ തന്നെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ചില അപാകതകങ്ങളുണ്ടെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യുമെന്നും വിഎസ് പറഞ്ഞു.
അതേസമയം, ദേശീയ മാധ്യമത്തില്‍ വന്ന അഭിമുഖത്തെ നിഷേധിച്ചും പിന്നീട് ശരിവച്ചും വിഎസ് രംഗത്തെത്തി. വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും താ ന്‍ പറയാത്ത കാര്യങ്ങളാണ് എഴുതിയിരിക്കുന്നതെന്നും പറഞ്ഞാണ് വിഎസ് ആദ്യം കോഴിക്കോട്ട് മാധ്യമങ്ങളെ കണ്ടത്. നിങ്ങളുടെ കൂട്ടുകാരായ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നതു തെമ്മാടിത്തരമാണ്. പറയാത്ത കാര്യങ്ങള്‍ വായില്‍ തിരുകിക്കയറ്റുന്നു. ഭാവി മുഖ്യമന്ത്രി ആരാവുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്. പറയാത്ത വാക്കുകള്‍ തന്റെ വായിലേക്കു കുത്തിത്തിരുകുകയാണു ചെയ്തത്. ഇത്തരം മാധ്യമപ്രവര്‍ത്തനം തെമ്മാടിത്തരമാണെന്നും വിഎസ് പറഞ്ഞു.
എന്നാല്‍, അല്‍പ്പസമയത്തിനകം വിവാദപരാമര്‍ശത്തില്‍ കുറ്റസമ്മതം നടത്തി വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സ്വയംവിമര്‍ശനം എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം: ‘ഈ മാസം 18ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനിറ്റ് സംസാരിച്ചു എന്നാണ് എന്റെ ഓര്‍മ. അതിലൊരാള്‍ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാവണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന്! ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാര്‍ട്ടിയാണ് അതു തീരുമാനിക്കുന്നത് എന്നു ഞാന്‍ പറഞ്ഞു. വേറൊരു ചോദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു. ആക്ഷേപമുണ്ടാവാമെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. പക്ഷേ, അച്ചടിച്ചുവന്നത് കേരളത്തിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാവണം എന്നാഗ്രഹിക്കുന്നു എന്ന് താന്‍ പറഞ്ഞു എന്നാണ് താന്‍ അറിഞ്ഞത്.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ തനിക്ക് ആക്ഷേപമുണ്ടെന്നും അച്ചടിച്ചുവന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചുവന്നതും വ്യത്യസ്തമായ രീതിയില്‍ വായിച്ചെടുക്കാമെന്ന തരത്തിലായി. ഇതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. വാര്‍ത്തകള്‍ക്കായി പരക്കംപായുന്ന പത്രലേഖകരുടെ മുന്നില്‍ വളരെ സൂക്ഷിച്ചുവേണം എല്‍ഡിഎഫ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന് ഞാന്‍ ഒരു പോസ്റ്റില്‍ എന്നോടുതന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തില്‍ എനിക്കുതന്നെ അബദ്ധം പറ്റി.
ഞാന്‍ പോസ്റ്റില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെക്കുറിച്ചു പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആര്‍ച്ച് ബിഷപ്പിന്റെ സ്ഥിതിയിലാണ് ഞാനുമിപ്പോള്‍. ഇത്തരം അബദ്ധം ഇനി ആവര്‍ത്തിക്കില്ല. ഇങ്ങനെ റിപോര്‍ട്ട് ചെയ്ത പത്രലേഖകര്‍ കാണിച്ചതു തെമ്മാടിത്തരമാണ് എന്ന് ഞാന്‍ ഇന്ന് പത്രലേഖകരോടു പറഞ്ഞു. ആ പദപ്രയോഗം പാടില്ലായിരുന്നു. ഞാന്‍ ആ പദപ്രയോഗം നിരുപാധികം പിന്‍വലിക്കുന്നു.
വാര്‍ത്ത വിഎസ് നിഷേധിച്ച സാഹചര്യത്തില്‍ ഇംഗ്ലീഷ് ദിനപത്രത്തിന് വിഎസ് നല്‍കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. സ്ഥാനാര്‍ഥിനിര്‍ണയ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും വിഎസിന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് പരിശോധിച്ച ശേഷം മറുപടി പറയാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വീണ്ടും മുഖ്യമന്ത്രിയാവണമെന്ന മോഹം പുറത്തുചാടിയതിലെ ജാള്യം മറയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്ന വിദ്യ വിഎസ്സിനു പറ്റിയതല്ലെന്ന് വി എം സുധീരന്‍ പ്രതികരിച്ചു.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക