|    Oct 21 Sun, 2018 5:19 am
FLASH NEWS

താന്നിമൂട് പാലത്തില്‍ വന്‍ ഗര്‍ത്തം

Published : 24th September 2018 | Posted By: kasim kzm

നെടുങ്കണ്ടം: കനത്ത മഴയില്‍ കല്ലാര്‍ കരകവിഞ്ഞൊഴുകിയതിന്റെ പിന്നാലെ താന്നിമൂട് പാലത്തില്‍ വന്‍ ഗര്‍ത്തം രൂപ്പെട്ടു. ഇത് പാലത്തിന്റെ അപകടാവസ്ഥക്കു കാരണമാവുമെന്നാണു വിലയിരുത്തല്‍. തുലാമഴയിലെ വെള്ളവും കൂടി എത്തുമ്പോള്‍ പാലത്തിനു ബലക്ഷയമുണ്ടാവുമോയെന്ന ആശങ്കയിലാണു നാട്ടുകാര്‍. കുമളി-മൂന്നാര്‍ സംസ്ഥാന പാതയുടെ ഭാഗമായ പാലത്തിലൂടെ തമിഴ്‌നാട്ടിലേക്കും തൂക്കുപാലം, കമ്പംമെട്ട്, പുളിയന്‍മല എന്നിവിടങ്ങളിലേക്കും ആയിരക്കണക്കിനു വാഹനങ്ങളാണു കടന്നുപോകുന്നത്.
കഴിഞ്ഞമാസത്തെ വെള്ളപ്പൊക്കത്തില്‍ പാലം രണ്ടു ദിവസമാണ് പാലം വെള്ളംമൂടിക്കിടന്നത്. തടികളും മരച്ചില്ലകളും ഒഴുകിയെത്തി കൈവരികള്‍ക്കും ബലക്ഷയം നേരിട്ടിട്ടുണ്ട്. അതേസമയം, യാത്ര ദുസ്സഹമായ താന്നിമൂട്ടില്‍ നിന്നു നെടുങ്കണ്ടത്തേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. നാമമാത്രമായി ചെയ്ത പാച്ച്‌വര്‍ക്കുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞതോടെ കുഴികളുടെ എണ്ണവും ആഴവും വര്‍ധിച്ചു. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഇപ്പോഴും അതേപടി നിലനില്‍ക്കുകയാണ്. റോഡിനു ഫണ്ട് അനുവദിച്ചതായി അറിയിപ്പു ലഭിക്കുകയും ഇതിന് ആവശ്യമായ മെറ്റലും മറ്റും കൂട്ടിയിടുകയും ചെയ്തതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.
ഇതിനിടെ റോഡ് റീടാറിങ് എന്ന പേരില്‍ ഒരുമാസത്തോളം ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈലുകള്‍ പതിക്കുക മാത്രമാണു ചെയ്തത്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹനങ്ങള്‍ മിക്കവയും കല്ലാര്‍ വഴി തിരിഞ്ഞുപോകുകയാണ്. ഇതുമൂലം സമയനഷ്ടവും ഇന്ധനനഷ്ടവും ഉണ്ടാകുന്നതായി വാഹന ഉടമകള്‍ പറയുന്നു. ടൗണിനോട് അടുത്ത പ്രദേശമായ മേഖലയിലെ താമസക്കാരും റോഡിന്റെ ശോച്യാവസ്ഥ മൂലം ദുരിതത്തിലാണ്. നെടുങ്കണ്ടത്തെ ടൂറിസ്റ്റ് കേന്ദ്രമായ രാമക്കല്‍മേടുമായും തമിഴ്‌നാടുമായും കോമ്പയാര്‍ തുടങ്ങിയ ഗ്രാമീണ മേഖലകളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, റോഡ് നിര്‍മാണത്തില്‍ അവഗണന തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ ആരംഭിക്കുമെന്നു പഞ്ചായത്തംഗം ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ 10 ഇരുചക്രവാഹനങ്ങളാണു കുഴിയില്‍ ചാടി അപകടത്തില്‍പ്പെട്ടത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തി ല്‍ റോഡ് ഉപരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss