|    Apr 27 Fri, 2018 6:40 am
FLASH NEWS

താനൂര്‍ സാധാരണ നിലയിലേക്ക്; ഇന്ന് സമാധാന ചര്‍ച്ച

Published : 21st April 2016 | Posted By: SMR

താനൂര്‍: താനൂര്‍ തീരദേശത്തെ കഴിഞ്ഞ ദിവസം രാഷ്ട്രീയ സംഘര്‍ഷമുണ്ടായ കോര്‍മന്‍ കടപ്പുറം, ആല്‍ബസാര്‍ പ്രദേശങ്ങളില്‍ സമാധാനന്തരീക്ഷത്തിലേയ്ക്കു നീങ്ങുന്നു.
പ്രദേശങ്ങള്‍ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ സന്ദര്‍ശിച്ചു. കല്ലേറില്‍ തകര്‍ന്ന വീടുകളും സ്ഥാപനങ്ങളും നേരില്‍കണ്ടു വിലയിരുത്തി. പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ എം പി അഷ്‌റഫിന്റെ വീടും വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും തകര്‍ത്ത സംഭവത്തിലടക്കം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ രണ്ട് കേസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹിമാനെയും പ്രവര്‍ത്തകരെയും വാഹനങ്ങളും അക്രമിച്ചതില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ പേരില്‍ എട്ടുകേസും താനൂര്‍ പോലിസ് എടുത്തിട്ടുണ്ട്. സംഘഷത്തോടനുബന്ധിച്ച് ഇന്നു വൈകീട്ട് മൂന്നിന് താനൂരില്‍ സമാധാന ചര്‍ച്ച നടക്കും. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താനൂര്‍ സിഐ ബിജോയ് പി കെ അറിയിച്ചു.
അതേസമയം, താനൂര്‍ തീരദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിലും ആക്രമണ സംഭവങ്ങളിലും പോലിസ് കാണിച്ച നിസ്സംഗതയില്‍ ദുരൂഹതയുള്ളതായി അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യൂത്ത്‌ലീഗ് ഭാരവാഹികളായ നിസാം, യൂസുഫ് എന്നിവരെ ആക്രമിച്ച സംഭവം പരാതിപെട്ടിട്ടും പോലിസ് മുഖവിലയ്‌ക്കെടുക്കാത്തതാണു സംഘര്‍ഷം രൂക്ഷമാക്കിയത്. മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി താനൂരിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നത്. തീരദേശത്ത് സംഘര്‍ഷമുണ്ടെന്നു പ്രചരിപ്പിച്ചതിനു പിന്നില്‍ പോലിസാണ്. ഡിജിപി, ആഭ്യന്തരമന്ത്രി എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപി വിഭാഗത്തിന്റെ ഓഫിസ് അടിച്ചു തകര്‍ത്തുവെന്നത് കുപ്രചാരണമാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ആക്രമിച്ചുവെന്ന് പ്രചാരണം നടത്തി മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പര്യടനം റദ്ദാക്കാനുള്ള ശ്രമമായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ എം പി അഷ്‌റഫിന്റെ വീട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള സമയത്ത് വീട്ടില്‍കയറി പൂര്‍ണമായും തകര്‍ത്തു.
വീട്ടുപകരണങ്ങള്‍ കിണറ്റിലിട്ടു. അലമാര കുത്തി തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തിട്ടുണ്ട്. താനൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് സിപിഎമ്മാണ്. തിരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടാണ് സ്ഥാനാര്‍ഥി ആക്രമിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നത്.
എപി വിഭാഗം സുന്നികളുമായി പ്രദേശത്ത് സംഘര്‍മുണ്ടായിട്ടില്ലെന്നും ഇത്തരം ആക്രമണ സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ പോലിസ് ജാഗ്രത പാലിക്കണമെന്നും മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം പി അഷ്‌റഫ് പങ്കെടുത്തു.
ആര്‍എസ്എസിനെപ്പോലെ വിളയാടാന്‍ ലീഗിനെ അനുവദിക്കില്ല: ഇടതുപക്ഷം
തിരൂര്‍: ആര്‍എസ്എസിനെപ്പോലെ വിളയാടാന്‍ താനൂരില്‍ മുസ്‌ലിംലീഗിനെ അനുവദിക്കില്ലെന്ന് ഇടതു നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസ് ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന രീതിയിലുള്ള അസഹിഷ്ണുതയുടെ രാഷ്ട്രീയം താനൂരില്‍ പ്രാവര്‍ത്തികമാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടാണ് ലീഗ് പരക്കെ അക്രമം അഴിച്ചുവിടുന്നത്.
കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇടതു സ്ഥാനാര്‍ഥിയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച വാഹനം ലീഗുകാര്‍ അക്രമിച്ചത്. താനൂരിലെ എംഎല്‍എയുടെ അറിവോടെയാണ് സംഭവം നടന്നത്. ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാണ്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ അതിനു തെളിവാണ്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ അതു വ്യക്തമാവും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
സംസ്ഥാന പോലിസിന്റെ സാന്നിധ്യത്തില്‍ താനൂരില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സാധ്യമല്ല. അതിനാല്‍ കേന്ദ്ര സേനയുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ഉറപ്പാക്കണം.
കഴിഞ്ഞ ദിവസം കോര്‍മന്‍ കടപ്പുറത്ത് നടത്തിയ എല്‍ഡിഎഫ് മുഖാമുഖം അലങ്കോലപ്പെടുത്താന്‍ ലീഗ് ശ്രമിച്ചതിനെത്തുടര്‍ന്നാണ് താനൂരില്‍ അക്രമം അരങ്ങേറിയത്. അക്രമത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഇടതു നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍, ഇടതു നേതാക്കളായ ഇ ജയന്‍, അഡ്വ. റഹൂഫ്, ഉസ്മാന്‍ ചെറിയമുണ്ടം, കെ പുരം സദാനന്ദന്‍ പങ്കെടുത്തു.
പരാജയ ഭീതിയില്‍ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നു: മുസ്‌ലിംലീഗ്
മലപ്പുറം: താനൂരില്‍ പരാജയ ഭീതിയില്‍ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അക്രമമാര്‍ഗമാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന യുഡിഎഫിനെ ആക്രമിച്ച് പിറകോട്ടടിപ്പിക്കാമെന്ന് സിപിഎം വ്യാമോഹിക്കേണ്ട.
താനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനം ചരിത്രവിജയമായത് ഇടതുമുന്നണിക്ക് ദഹിച്ചിരുന്നില്ല. വമ്പിച്ച വികസനത്തിലൂടെ താനൂരിന്റെ മുഖഛായ മാറ്റിയ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്ക് പിന്നില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കുന്നതില്‍ അസൂയപൂണ്ടിട്ട് കാര്യമില്ല. ഇടതുപക്ഷം വ്യാജ വാര്‍ത്തകള്‍ പരത്തി സമാധാനഭംഗമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മജീദ് പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് പ്രതിഷേധിച്ചു
മലപ്പുറം: താനൂരില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നു കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.വൈസ്. പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, എം അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുഹാജി വേങ്ങര, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ബശീര്‍ ഹാജി പടിക്കല്‍, സി കെ യു മൗലവി, പി എം മുസ്തഫ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss