|    Jul 23 Sun, 2017 2:32 pm
FLASH NEWS

താനൂര്‍ തീരദേശത്തെ ആക്രമം : സമാധാന സന്ദേശ യാത്ര നടത്താന്‍ സര്‍വകക്ഷി തീരുമാനം

Published : 20th March 2017 | Posted By: fsq

 

താനൂര്‍: എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി തീരദേശത്ത് സമാധാന സന്ദേശയാത്ര നടത്താന്‍ താനൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. തീരദേശത്തെ അക്രമത്തെ തുടര്‍ന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ താനൂര്‍ വ്യാപാരഭവനില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്.
സംഘര്‍ഷം നടത്തുന്നവരെ പോലിസിന് കൈമാറാന്‍ പാര്‍ട്ടികള്‍ ശ്രമിക്കുക, നിലവിലുള്ള കേസുകള്‍ ഒരുമാസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുക, തീരദേശം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങി പതിനൊന്നോളം തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടതായി മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന നിലപാട് പാര്‍ട്ടികള്‍ തിരുത്തണമെന്നും തീരദേശത്തെ സന്നദ്ധ ക്ലബുകളെ ഉള്‍പ്പെടുത്തി കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്താനും തീരുമാനിച്ചു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാരത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പിനുശേഷമേ നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനം കൈക്കൊള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സാദിഖലി ശിഹാബ് തങ്ങള്‍, വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി ഇ ജയന്‍, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍, കുട്ടി അഹമ്മദ്കുട്ടി, ആര്‍ഡിഒ സുഭാഷ്, ഡിസിസി സെക്രട്ടറി ഒ രാജന്‍, എന്‍സിപി മണ്ഡലം പ്രസിഡന്റ് മേപ്പുറത്ത് ഹംസു, സി അറുമുഖന്‍, കെപുരം സദാനന്ദന്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിപിഎം ജില്ലാ കമ്മിറ്റിയംഗം എ ശിവദാസന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ്, ഡിവൈഎസ്പി ജെ ബാബു പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക