|    Oct 22 Sun, 2017 5:36 pm
FLASH NEWS

താനൂര്‍ കോര്‍മന്‍ കടപ്പുറത്തെ സ്‌കൂളില്‍ കുട്ടികള്‍ എത്തിത്തുടങ്ങി

Published : 21st March 2017 | Posted By: fsq

 

താനൂര്‍: സംഘര്‍ഷ ഭീതിയില്‍ വിദ്യാര്‍ഥികള്‍ വരാത്തതിനെ തുടര്‍ന്ന് പഠനം പ്രതിസന്ധിയിലായിരുന്ന താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്തെ എഎംഎല്‍പി സ്‌കൂളില്‍ ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങി.
വ്യാഴാഴ്ച മുതല്‍ സ്‌കൂളില്‍ കൊല്ലപ്പരീക്ഷ ആരംഭിക്കും. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന്റെ അടുത്ത ദിവസമായ കഴിഞ്ഞ തിങ്കളാഴ്ച ഒറ്റ വിദ്യാര്‍ഥിയും സ്‌കൂളില്‍ പഠിക്കാനെത്തിയിരുന്നില്ല. അടുത്തദിവസം വെറും 25 കുട്ടികള്‍ മാത്രമാണ് എത്തിയത്. ഇന്നലെ 120 ഓളം കുട്ടികള്‍ എത്തി. ആകെ 200 വിദ്യാര്‍ഥികളാണ് തീരദേശത്തെ ഈ സ്‌കൂളില്‍ പഠിക്കുന്നത്. സംഘര്‍ഷത്തില്‍ ഭയപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പ്രധാനാധ്യാപിക സൈനബ തേജസിനോട് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് തീരദേശത്തെ കുടുംബങ്ങള്‍ അയല്‍പ്രദേശങ്ങളിലേക്ക് മാറി താമസിച്ചതാണു കുട്ടികള്‍ സ്‌കൂളിലെത്താതിരിക്കാന്‍ പ്രധാന കാരണം. ഇനിയും കുടുംബങ്ങള്‍ പൂര്‍ണമായും സ്വന്തം വീടുകളിലേക്ക് എത്താത്തതിനാല്‍ സ്‌കൂളില്‍ മുഴുവന്‍ കുട്ടികളും വരാന്‍ തുടങ്ങിയിട്ടില്ല. ഒരു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന തീരദേശവാസികളുടെ കുട്ടികളെല്ലാം ഈ സ്‌കൂളിലാണ് പഠിക്കുന്നത്. 1982ല്‍ മാനേജര്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തതാണ് ഈ വിദ്യാലയം. 10 അധ്യാപകര്‍ക്കു പകരം ഏഴ് പേര്‍ മാത്രമാണ് ഇപ്പോള്‍ പഠിപ്പിക്കാനുള്ളത്. ഉപ്പമാര്‍ വീട്ടിലില്ലാത്തതിനാലാണ് സ്‌കൂളില്‍ വരാതിരുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്. പിതാക്കന്മാര്‍ വീട്ടിലെത്തിയാല്‍ പോലിസ് പിടിച്ചുകൊണ്ടുപോവുമെന്ന് പറയുന്നതായും കുട്ടികള്‍ പറഞ്ഞതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. പട്ടാളം ഇറങ്ങുമെന്നു പേടിച്ചാണ് തിങ്കളാഴ്ച മാതാപിതാക്കളോടൊപ്പം അയല്‍പ്രദേശത്തെ ബന്ധുവീടുകളിലേക്ക് പോയതെന്നും സ്‌കൂളില്‍ വന്ന കുട്ടികള്‍ പറയുന്നു. മുസ്‌ലിം കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ പഠിക്കുന്നത്. അയല്‍വാസികളേയും മറ്റുള്ളവരേയും സ്‌നേഹിക്കാന്‍ കുട്ടികളോട് നിരന്തരം അസംബ്ലികളിലും ക്ലാസുകളിലും പറയാറുള്ളതായി പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂള്‍ പൂട്ടിയാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കാതെ ബന്ധുക്കളുടെ വീടുകളിലേക്ക് പോവുമെന്നാണ് കുട്ടികളില്‍ കൂടുതല്‍ പേരും പറയുന്നത്.  എം ചെറിയ ബാവയുടെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റിയും സ്‌കൂളിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പരിശ്രമിച്ചതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക