|    Apr 24 Mon, 2017 4:47 pm
FLASH NEWS

താനൂരില്‍ ഫിഷറീസ് വകുപ്പിന്റെ അഞ്ച് പദ്ധതികള്‍ക്ക് അനുമതി

Published : 27th October 2016 | Posted By: SMR

താനൂര്‍: തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് താനൂര്‍ നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ അഞ്ച് പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. മല്‍സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും, വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികള്‍. താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബീച്ച് റഫറല്‍ ആശുപത്രിയായി ഉയര്‍ത്തും. ഇതിന് പുറമെ രണ്ട് സ്‌കൂളുകള്‍ക്ക് കെട്ടിടവും താനൂരില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള മാര്‍ക്കറ്റിനും ഭവനനിര്‍മാണ പദ്ധതിക്കും ഫിഷറീസ് വകുപ്പ് അനുമതി നല്‍കി. തീരദേശത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറെ നാളായി ഉയരുന്നതാണ് ബീച്ച്  റഫറല്‍ ആശുപത്രി. നിരവധി രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മതിയായ സംവിധാനമില്ലാത്തതും, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ അപര്യാപ്തതയും മൂലം രോഗികള്‍ വീര്‍പ്പ് മുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. റഫറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതാണ് ഈ പ്രശ്‌നത്തിന് പരിഹാരമാകുക. പുതിയ സ്റ്റാഫ് പാറ്റേണ്‍ വരുന്നതോടെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ കുറവും നികത്തപ്പെടും. താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ & വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനും അനുമതി ലഭിച്ചു. 24 ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും, അനുബന്ധ സൗകര്യവും ഒരുക്കാന്‍ 3.5 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ഇതിന് പുറമെ ചീരാന്‍കടപ്പുറം ജിഎംയു പി സ്‌കൂളിനും പുതിയ കെട്ടിടം നിര്‍മിക്കും.കെട്ടിടവും ചുറ്റുമതിലും നിര്‍മിക്കാന്‍ 1.60 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിക്കും അനുമതിയായി. 7.8 കോടി രൂപ ചെലവില്‍ 78 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫഌറ്റ് നിര്‍മിക്കാനാണ് പദ്ധതി. ഇതിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെയാണ് താനൂരിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂരഹിത ഭവന രഹിതര്‍ക്കാണ് ഫഌറ്റ് ലഭിക്കുക.ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മല്‍സ്യവില്‍പനക്ക് സൗകര്യം ഒരുക്കാനാണ് മല്‍സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. മുനിസിപ്പാലിറ്റി സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് മാര്‍ക്കറ്റ് നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങും. താനൂരില്‍ നിലവില്‍ സ്വകാര്യമാര്‍ക്കറ്റാണ് മല്‍സ്യവില്‍പനയ്ക്ക് ഉപയോഗിക്കുന്നത്. പൊതുമാര്‍ക്കറ്റ് വരുന്നത് മല്‍സ്യത്തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമാകും. ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വി അബ്ദുര്‍റഹ് മാന്‍ എംഎല്‍എ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day