|    Apr 21 Sat, 2018 7:50 am
FLASH NEWS

താനൂരില്‍ കനത്ത പോരാട്ടം; സമാധാനപരം

Published : 17th May 2016 | Posted By: SMR

താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുവെ സമാധാന പരം. താനൂര്‍ ശോഭപറമ്പ് ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ ബൂത്തു ഏജന്റാെണന്നു പറഞ്ഞു യുഡിഎഫ് പ്രവര്‍ത്തകന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതുപോലിസുമായി വാക്കേറ്റത്തിനിടയാക്കി.
താനൂര്‍ ടൗണ്‍ ജിഎംയുപി സ്‌കൂളില്‍ രാവിലെ വോട്ടു ചെയ്യാനെത്തിയവരും എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റത്തിന് ഇടയായി. നിര്‍മരതൂര്‍ പഞ്ചായത്തിലെ ജ്ഞാന പ്രഭാ സ്‌കൂളില്‍ നടന്ന പോളിങിനിടെ ഏജന്റുമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് പോലിസെത്തി ഇരു വിഭാഗക്കാരേയും പിന്തിരിപ്പിച്ചു.
പൊന്മുണ്ടത്ത് ബിഎല്‍ഒയെ ലീഗു പ്രവര്‍ത്തകര്‍ സ്വാധീനിച്ചെന്നും ബിഎല്‍ഒ വിതരണം നടത്തുന്ന സ്ലിപ്പിനു കൂടെ ലീഗ് സ്ഥാനാര്‍ഥിയുടെ ചിഹ്നം വിതരണം നടത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎല്‍ഒയെ നിരീക്ഷിക്കാന്‍ റിട്ടേണിങ് ഓഫിസര്‍ പോലിസിനെ നിയോഗിച്ചു.
ചെറിയമുണ്ടത്ത് ഒരു ബൂത്തില്‍ ഉച്ചയോടെ മെഷീന്‍ തകരാറിലായതിനാല്‍ അരമണിക്കൂറോളം പോളിങ് വൈകിയതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷത്തിലേക്ക് വഴിവച്ചു. പിന്നീട് പോലിസ് ശക്തമായി നിലയുറപ്പിച്ചതിനാല്‍ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാനായി.
ഇത്തരം ഒറ്റപ്പെട്ട അക്രമസാധ്യകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ തികച്ചും ശാന്തവും സമാധാന പരവുമായിരുന്നു പോളിങ്. രാവിലെ ഏഴുമണിക്ക് പോളിങ് തുടങ്ങിയതുമുതലേ ഒട്ടുമിക്ക ബൂത്തുകളിലും വന്‍ തിരക്കു അനുഭവപ്പെട്ടു.
തീരമേഖലകളില്‍ രാവിലെ പത്തുമണിയോടെ തന്നെ നാല്‍പ്പത് ശതമാനം പോളിങ് നടന്നതായാണ് വിവരം. താനൂരിന്റെ കിഴക്കന്‍ മേഖലകളിലും മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളായ താനാളൂര്‍, ഒഴൂര്‍, നിര്‍മരതൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം എന്നീവിടങ്ങളിലൊക്കെയും തന്നെ ശക്തമായ പോളിങ് ഉച്ചയുടെ മുമ്പ് തന്നെ നടന്നിട്ടുണ്ട്.
താനൂര്‍ തീരദേശത്ത് വളരെ വൈകിയും സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. താനൂര്‍ മുന്‍സിപ്പാലിറ്റിയിലെ ചീരാന്‍ കടപ്പുറത്തും ഒഴൂര്‍ പഞ്ചായത്തിലെ പെരിഞ്ചേരിയിലും,താനാളൂര്‍ പഞ്ചായത്തിലെ മീനടത്തൂരിലും ആറുമണിക്ക് ശേഷവും നൂറിലധികം വോട്ടര്‍മാര്‍ ക്യൂവില്‍ നിന്നിരുന്നു.പിന്നീട് ടോക്കന്‍ നല്‍കി വൈകീട്ട് 7മണിക്ക് ശേഷമാണ് വോട്ടുകള്‍ പൂര്‍ത്തീകരിക്കുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും ശക്തമായ പോരാട്ടമാണ് താനൂരില്‍ നടന്നത്.താനൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം പോരാട്ടത്തെ നേരിടുന്നതെന്ന് വോട്ടര്‍മാര്‍ പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ തൊന്നൂറു ശതമാനം സ്ത്രീ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയെന്നത് യുഡിഎഫിനു വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തലുകള്‍. കന്നിവോട്ടുകള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും പെട്ടിയിലായതായാണ് കഴിഞ്ഞകാല ശതമാനം വിലയിരുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss