|    Jul 24 Mon, 2017 10:21 pm
FLASH NEWS

താനൂരിലെ രാഷ്ട്രീയ സംഘര്‍ഷം: സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു

Published : 15th July 2017 | Posted By: fsq

 

താനൂര്‍: രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം സ്ഥാപിക്കുന്നതിനായി സര്‍വകക്ഷി സമാധാന യോഗം ചാപ്പപ്പടിയില്‍ ചേര്‍ന്നു. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. അക്രമസംഭവങ്ങള്‍ക്ക് ആര് രംഗത്തുവന്നാലും അവരെ ഒറ്റപ്പെടുത്താനും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശാശ്വത പരിഹാരം ഉറപ്പുവരുത്തുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനും എല്ലാവരും പ്രയത്‌നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രദേശവാസികളുടെ നിത്യജീവിതത്തെ ബാധിച്ചതായും യോഗം വിലയിരുത്തി. വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ, മുന്‍മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ്, ആര്‍ഡിഒ ടി വി സുഭാഷ് ബാബു, താനൂര്‍ സി ഐ അലവി, സിപിഎം ഏരിയാ സെക്രട്ടറി ഇ ജയന്‍, മുസ്്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ എന്‍ മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ് എന്നിവരും വില്ലേജ്-റവന്യൂ അധികൃതരും പങ്കെടുത്തു. തീരദേശത്ത് സമാധാനന്തരീക്ഷം നിലനിന്നാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുകയുള്ളുവെന്നും ശാശ്വത സമാധാനത്തിന് എല്ലാവരും ഒന്നിച്ച് രംഗത്തെത്തിയത് ശുഭസൂചനയാണെന്നും വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക