|    Jan 16 Mon, 2017 8:45 pm
FLASH NEWS

താനുള്ള കാലത്തോളം എസ്പിയില്‍ ഭിന്നതയില്ല: മുലായം

Published : 17th September 2016 | Posted By: SMR

ലഖ്‌നോ: താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സമാജ്‌വാദി പാര്‍ട്ടി (എസ്പി)യില്‍ ഭിന്നതയുണ്ടാവില്ലെന്ന് മുലായംസിങ് യാദവ്. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച തന്റെ സഹോദരന്‍ ശിവപാല്‍ യാദവ് യുപി മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും രാജിവച്ചതിന്റെ പശ്ചാത്തലത്തിലാണ് മുലായംസിങ് യാദവ് ഇക്കാര്യം പറഞ്ഞത്.
മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ ഖനന മന്ത്രി ഗായത്രി പ്രജാപതിയെ തിരിച്ചെടുക്കും. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തന്റെ വാക്കുകളെ ധിക്കരിക്കുകയില്ല. എസ്പി വലിയ കുടുംബമാണ്. ഭിന്നതകള്‍ സംഭവിക്കാം. ശിവപാല്‍ യാദവും അഖിലേഷുമായി പോരാട്ടമൊന്നുമില്ല. തന്റെ വസതിയില്‍വച്ച് അഖിലേഷ് ശിവപാലുമായി കൂടിക്കാഴ്ച നടത്തും. മുലായം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അഖിലേഷ്-ശിവപാല്‍ ഭിന്നത, എസ്പിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, മുലായം ഭിന്നത നിസ്സാരമായിട്ടാണ് കാണുന്നത്.
അതേസമയം, ശിവപാലിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി മുദ്രാവാക്യം വിൡു. താന്‍ മുലായത്തിനൊപ്പമാണെന്നാണ് ശിവപാല്‍ അനുയായികളോട് പറഞ്ഞത്. അഖിലേഷ്-ശിവപാല്‍ പോര് തീര്‍ക്കാന്‍ മുലായം സജീവമായി രംഗത്തുണ്ട്. ശിവപാലിന്റെ രാജി മുലായം സ്വീകരിച്ചിട്ടില്ല. പ്രശ്‌നപരിഹാരത്തിന് നിയമസഭാ സ്പീക്കര്‍ മാതാ പ്രസാദ് പാണ്ഡെയും കാര്യമായി ശ്രമിക്കുന്നുണ്ട്.
ഇറ്റാവ ജില്ലാ സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പദവിയില്‍നിന്നു ശിവപാലിന്റെ ഭാര്യ സരളയും പ്രാദേശിക സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അവരുടെ മകന്‍ ആദിത്യയും രാജിവച്ചിട്ടുണ്ട്.
ശിവപാലിന്റെ എല്ലാ വകുപ്പുകളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്നലെ ഇറ്റാവയില്‍ ധര്‍ണ നടത്തി. അദ്ദേഹത്തിന്റെ ഒരു അനുയായി ആത്മാഹൂതി ശ്രമവും നടത്തി. ശിവപാലിന്റെ മണ്ഡലമായ ജസ്വന്ത് നഗറില്‍ അനുയായികള്‍ കടകള്‍ അടപ്പിച്ചു. അവര്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. അഖിലേഷിനെ ഉത്തര്‍പ്രദേശ് എസ്പി അധ്യക്ഷ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം മുലായം നീക്കംചെയ്തിരുന്നു. ഇതോടെയാണ് എസ്പിയില്‍ ഭിന്നത രൂക്ഷമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക