|    Jul 20 Fri, 2018 12:39 pm
FLASH NEWS
Home   >  News now   >  

താടി കൊറ്റനാടിനെ മാത്രമല്ല ഓര്‍മ്മിപ്പിക്കുന്നത്

Published : 29th October 2016 | Posted By: G.A.G

imthihan-SMALL
മുസലിയാരുട്ടി ആ പ്രദേശത്ത് ഉറുതി(മതപ്രസംഗം) നടത്താന്‍ ആദ്യമായി എത്തിയതായിരുന്നു. ജമാഅത്ത് നമസ്‌കാരത്തിന് ഒരുപാട് ആളുകളെ കണ്ടപ്പോള്‍ മുസലിയാരുട്ടിക്ക് വലിയ സന്തോഷമായി. ഇന്നത്തെ കലക്ഷന്‍ മോശമാവില്ല. എന്നാല്‍ മുസലിയാരുട്ടി ഹംദും സ്വലാത്തും(ആമുഖ ഭാഷണം) ചൊല്ലി തുടങ്ങിയപ്പോഴേക്ക് മിക്കയാളുകളും സ്്ഥലം കാലിയാക്കിയിരുന്നു. പക്ഷേ ഒരാള്‍ മാത്രം ഇരുന്നിടത്തുനിന്നങ്ങാതെ മുസലിയാരുട്ടിയെ സാതൂകതം നോക്കിനിന്നു.

പ്രസംഗം പുരോഗമിക്കുന്നതിനനുസരിച്ച് അയാള്‍ കണ്ണീര്‍ വാര്‍ക്കുന്നുമുണ്ടായിരുന്നു. മുസലിയാരുട്ടിക്ക് ആവേശം കത്തിക്കയറി. ആദ്യമായിട്ടാണ് തന്റെ പ്രസംഗം കേട്ട് ഒരാള്‍ കരയുന്നത്. പ്രസംഗം അവസാനിച്ച ശേഷം കൗതുകം നിയന്ത്രിക്കാനാവാതെ മുസലിയാരുട്ടി ആ ശ്രോതാവിനെ സമീപിച്ച് എന്താണ് തന്റെ പ്രസംഗത്തില്‍ അദ്ദേഹത്തെ കരയിപ്പിച്ചത് എന്നന്വേഷിച്ചു. മുസലിയാരുട്ടിയുടെ പ്രസംഗം കേട്ടിട്ടല്ല താന്‍ കരഞ്ഞതെന്നും മറിച്ച് മുസ്ലിയാരുടെ താടി കണ്ടപ്പോള്‍ അടുത്തിടെ ചത്തുപോയ തന്റെ കൊറ്റനാടിനെ ഓര്‍ത്തു പോയതു കൊണ്ടാണ് കരഞ്ഞതെന്നുമുളള മറുപടി കേട്ടപ്പോള്‍ മുസലിയാരുട്ടി നിന്ന നില്‍പ്പില്‍ ആവിയായിപ്പോയി.
മുസലിയാരുട്ടിയുടെ ശ്രോതാവിന് താടി കണ്ടപ്പോള്‍ തന്റെ കൊറ്റനാടിനെ ആണ് ഓര്‍മ്മ വന്നതെങ്കിലും താടി ഇസ്‌ലാമിക ലോകത്തിലെ ശക്തമായ പ്രതീകമാണ് എന്നുളളത് നിഷേധിക്കാനാവില്ല. പ്രവാചക കാലഘട്ടം മുതല്‍ക്കിന്നോളം മുസ്‌ലിം ലോകത്തിലെ ബഹുഭൂരിപക്ഷം താടി മതനിഷ്ഠയുടേയും പ്രവാചകചര്യയുടേയും പ്രതീകമായി കണക്കാക്കി വരുന്നു. മക്ക-മദീന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സലഫി പണ്ഡിതന്‍മാര്‍ ഉള്‍പ്പെടെ ലോക മുസ്‌ലിംകളില്‍ പലരും  താടി വെക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്  എന്നഭിപ്രായക്കാരാണ്.
എന്നാല്‍ താടിവെക്കല്‍  നിര്‍ബന്ധ ബാധ്യത (ഫര്‍ള്) യില്‍ പെടുകയില്ലെന്നും അത് സുന്നത്ത് (ഐഛികം) മാത്രമാണ് എന്നഭിപ്രായമുളള ന്യൂനപക്ഷവുമുണ്ട്. താടിക്ക് മതപരമായ പ്രധാന്യമില്ലെന്നും അത് കേവലം പ്രവാചകന്റെ അറബി പാരമ്പര്യവുമായി ബന്ധപ്പെട്ട ഒന്നാണെന്ന് കരുതുന്നവരും കുറവല്ല. ഇനിയുമൊരു കൂട്ടര്‍ പ്രവാചകന്‍ വിശ്വാസികളുടെ ഹബീബ് (പ്രിയപ്പെട്ടവന്‍) ആയിരിക്കയാല്‍ പ്രവാചകനെ ഓരോ ഇഞ്ചിലും അനുധാവനം ചെയ്യല്‍ പ്രവാചകാനുരാഗത്തിന്റെ തേട്ടമാണെന്നും അതില്‍ ഫര്‍ള് സുന്നത്ത് ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്നും വാദിക്കുന്നവരാണ്. ഇനിയുമൊരു കൂട്ടര്‍ താടി ഒരു സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നഭിപ്രായക്കാരാണ്.
സംസ്ഥാന പോലീസിലെ മുസ്‌ലിംകള്‍ക്ക് താടിവെക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളാണ് ലോകാടിസ്ഥാനത്തില്‍ തന്നെ ഭീകരവാദ/ പ്രതിഭീകരവാദ ചര്‍ച്ചകള്‍  മുസലിം ലോകത്തിന്റെ അടിക്കല്ല് മാന്തിക്കൊണ്ടിരിക്കുന്ന  അഥവാ താടിവെച്ച മുസലിം സമം ഭീകരവാദി എന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ ചിലര്‍ക്കെങ്കിലും ചേനക്കാര്യമായി തോന്നിയേക്കാവുന്ന താടിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രചോദനമേകിയത്.
താടിവെക്കല്‍ നിര്‍ബന്ധബാധ്യതയല്ലെന്നതിനാല്‍ സാഹചര്യം അത്യന്തം വഷളായ ഈ സമയത്തില്‍ അക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ അഭിപ്രായം തീര്‍ത്തും തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍ ലീഗ് എം എല്‍ എ മാര്‍ ആരും താടിവെച്ചിട്ടില്ല എന്ന കാരണം  കൊണ്ടു മാത്രമോ യശശരീരനായ സിഎച്ച് കുറഞ്ഞ കാലം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നതിനാലുമോ  തീര്‍ത്തും പ്രതികൂല സാഹചര്യത്തില്‍ തങ്ങളുടെ സാംസ്‌കാരികാസ്തിത്വം നിലനിര്‍ത്താനുളള  സമുദായാഗങ്ങളുടെ സമാധാനപൂര്‍ണമായ ശ്രമങ്ങളെ പിന്തുണക്കാതിരുന്നതും ശരിയായ നടപടിയായില്ല.
മുസ്്‌ലിംകളെപ്പോലെത്തന്നെ ഇന്ത്യയിലെ മറ്റൊരു ന്യൂനപക്ഷമായ സിക്ക് സമുദായാംഗങ്ങള്‍ തികച്ചും മതപരമായ കാരണങ്ങളാല്‍ മാത്രം ഇതേ ആനുകൂല്യം അനുഭവിക്കുന്നുണ്ട് എന്നതും കൂടി ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുമുണ്ട്.
ഇസ്‌ലാമിനെപ്പോലൊരു പ്രത്യയശാസ്തവും തദനുസാരമുളള ഒരു സമുദായവും നിലനില്‍ക്കുന്നത് ദാര്‍ശനിക അടിത്തറയോടൊപ്പം  സാംസ്‌കാരികവും മതപരവുമായ ഒരുപാട് വ്യതിരിക്തതകളും കൊണ്ട് കൂടിയാണ്. ബഹുമത-ബഹുസ്വര സാമൂഹിക ജീവിതത്തിന്റെ ആന്തോളനങ്ങളില്‍ പെട്ട് ആ വ്യതിരിക്തതകളെ ഓരോന്നായി അവര്‍കൈയ്യൊഴിയുന്ന പക്ഷം മൂലഗ്രന്ഥങ്ങള്‍ എത്ര തന്നെ സുരക്ഷിതമാണെങ്കിലും ഒരു സമുദായമെന്ന നിലയിലുളള അതിന്റെ നിലനില്‍പ് അപകടത്തിലായിരിക്കുമെന്നുറപ്പ്. അക്കാര്യം കൃത്യമായി തിരിച്ചറിയുന്നതു കൊണ്ടു തന്നെയാണ് സമുദായത്തിനകത്തും പുറത്തുമുളള മതേതര -പുരോഗമന നാട്യക്കാര്‍ മുസ്‌ലിംകളുടെ താടിയുടെയും പര്‍ദ്ദയുടേയും പിറകെ സ്ഥാനത്തും അസ്ഥാനത്തും വാളോങ്ങുന്നതും. അഥവാ താടിയും പര്‍ദ്ദയും ഭീകരതയുടെ പ്രതീകങ്ങളാകുന്നതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss