|    May 26 Sat, 2018 4:20 am
Home   >  Editpage  >  Lead Article  >  

താടിരോമങ്ങളുടെ തടവുകാര്‍

Published : 11th January 2017 | Posted By: fsq

 

o-abdullah

ഒ അബ്ദുല്ല

ഡിസംബറിലെ അവസാനത്തെ വെള്ളിയാഴ്ച. ചാനല്‍ പരിപാടി കഴിഞ്ഞ് ധൃതിപ്പെട്ടു കോഴിക്കോട് നഗരത്തിലെ പള്ളികളിലൊന്നിലെത്തി. അവസരം ലഭിക്കുമ്പോഴൊക്കെയും കണ്ണൂര്‍ റോഡിലുള്ള ഈ പള്ളിയിലാണു സംബന്ധിക്കാറ്. ഖുതുബ പണ്ഡിതോചിതവും കാര്യമാത്രപ്രസക്തവുമാണ്. അന്നു പക്ഷേ, ഖത്തീബ് എത്തിയില്ല. എന്തോ ആക്‌സിഡന്റില്‍ പെട്ടിരിക്കുകയാണ്. ഭാരവാഹികള്‍ പരക്കം പായുന്നു. 1921ലെ ലഹളക്കാലത്തുപോലും മലബാറില്‍ ഖുതുബ മുടങ്ങിയിട്ടില്ല. പള്ളിയില്‍ കാലുകുത്തേണ്ട താമസം എന്നെ അവര്‍ മിംബറിലേക്കാനയിച്ചു.

ഒട്ടും പതറിയില്ല. അണിയിലിരിക്കുന്ന ഒരപരിചിതന്റെ തലയില്‍നിന്നൊരു ടൗവ്വലെടുത്തു തലമറച്ച് മിംബറില്‍ കയറി. ഖുതുബയുടെ നിര്‍ബന്ധോപാധികള്‍ തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള അതിവിശിഷ്ടവും ചൈതന്യവത്തുമായ ഏതാനും സൂക്തങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് ഉദ്ധരിച്ച് പ്രസംഗം നടത്തി. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്നു പറയുകയും അപ്പറഞ്ഞതില്‍ യാതൊരു വിട്ടുവീഴ്ചയും, അഥവാ താല്‍പര്യങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ച സൂക്തം ഉദ്ധരിച്ചുകൊണ്ട് ഇന്നലെകളില്‍ മാത്രമല്ല, കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കു മുമ്പു നടന്ന സംഭവങ്ങളില്‍ വരെ ഇത്തരം ദൃഢവിശ്വാസം പ്രകടിപ്പിക്കുന്ന കോരിത്തരിപ്പിക്കുന്ന അനുഭവങ്ങളുണ്ടെന്നു പറഞ്ഞു.

സിറിയയിലെ നരഭോജിയായ ഭരണാധികാരിയുടെ കിങ്കരന്‍മാര്‍ ശിയാ വിശ്വാസികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് തെരുവുകളില്‍ കൊന്നുതീര്‍ക്കുന്നതിനിടയില്‍ ഒരാളെ കഴുത്തറ്റം കുഴിയില്‍ ഇറക്കിനിര്‍ത്തിയശേഷം അയാളെക്കൊണ്ട് ”ബശ്ശാറല്ലാതെ ഞങ്ങള്‍ക്കൊരാരാധ്യനില്ല” (ലാഇലാഹ ഇല്ലാ ബശ്ശാര്‍) എന്ന് നിര്‍ബന്ധപൂര്‍വം പറയിപ്പിക്കാന്‍ ശ്രമിച്ച കാര്യം പറഞ്ഞു. കാരിരുമ്പ് കണക്കെയുള്ള ഈമാനിന്റെ ഉടമയായ അദ്ദേഹം ”ലാഇലാഹ ഇല്ലല്ലാഹ്” എന്ന് ഉച്ചൈസ്തരം ആവര്‍ത്തിച്ചു. തുടര്‍ന്നവര്‍ അദ്ദേഹത്തെ ജീവനോടെ മണ്ണിട്ടുമൂടി. ആയിടെ മാത്രം വാട്‌സ്ആപ്പ് വഴി കാണാനിടയായ അതിഭീകരമായ ഈ ദൃശ്യം ഉദ്ധരിച്ച് ഇസ്‌ലാമിക മാര്‍ഗത്തില്‍ പോരാട്ടം നടത്തുന്ന ജീവിച്ചിരിക്കുന്നവരും വീരമൃത്യു പ്രാപിച്ചവരുമായ ധീരപോരാളികളുടെ പരലോകമോക്ഷത്തിനായി സര്‍വശക്തനോട് പ്രാര്‍ഥിച്ചുകൊണ്ട് ഖുതുബ പര്യവസാനിപ്പിച്ചു. ജീവിതത്തിലെ അത്യപൂര്‍വ അനുഭവം. പ്രാര്‍ഥന കഴിഞ്ഞ ഉടനെ വിശ്വാസികള്‍ ചുറ്റും കൂടി. ഓരോരുത്തരായി അഭിനന്ദിച്ചു. അന്നത്തെ ദിവസം അനിവാര്യമായ ഖുതുബ ഭംഗംവിനാ നിര്‍വഹിക്കപ്പെട്ടതിന്റെ ചാരിതാര്‍ഥ്യമായിരുന്നു അവരുടെ ചുണ്ടുകളില്‍. പ്രസംഗം അവര്‍ക്കിഷ്ടമായി. അഭിനന്ദിക്കാന്‍ ചുറ്റും കൂടിയവരുടെ ആധിക്യം കാരണം പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

അതിനിടെ ഇനിയും എന്നാണ് ഖുതുബയ്ക്ക് വരുക എന്ന അവരിലൊരാളുടെ ചോദ്യത്തിന് ഇനിയും നിങ്ങളുടെ ഖത്തീബ് ആക്‌സിഡന്റില്‍ അകപ്പെടുമ്പോള്‍ എന്നായിരുന്നു മറുപടി. എല്ലാം ആക്‌സിഡന്റല്‍ ആയിരുന്നു.കാറില്‍ കയറി. എന്താണു സംഭവിച്ചതെന്ന് ഒരുനിമിഷം പിറകോട്ടു ചിന്തിച്ചു. ഇങ്ങനെയൊന്ന് എന്നെങ്കിലും സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയിട്ടില്ല. തമാശയല്ല വെള്ളിയാഴ്ച ദിവസത്തെ ഖുതുബ. അതിന് അതിന്റേതായ ഗൗരവവും മതപരമായ പ്രാധാന്യവുമുണ്ട്. അരനൂറ്റാണ്ടിനപ്പുറം മലപ്പുറം ജില്ലയിലെ വടക്കാങ്ങര എന്ന കുഗ്രാമത്തില്‍ പത്തറുപതാളുകള്‍ പങ്കെടുക്കാറുള്ള പള്ളിയില്‍ ഞാന്‍ ഖുതുബ നിര്‍വഹിച്ചിരുന്നു. പക്ഷേ, വലിയ നഗരത്തിലെ ജനനിബിഡവും പ്രബുദ്ധവുമായ സദസ്സ് മുമ്പാകെ മുന്നൊരുക്കങ്ങളില്ലാതെയും മുട്ടുവിറക്കാതെയും നിബന്ധനകള്‍ കടുകിട തെറ്റാതെയും ആയത്തുകളുടെ അനുസ്യൂതത്വവും നൈരന്തരികതയും നഷ്ടപ്പെടാതെയും ഖുതുബ നിര്‍വഹിക്കാന്‍ ആ തേഞ്ഞുമാഞ്ഞില്ലാതായ അനുഭവം അപര്യാപ്തമായിരുന്നു. പടച്ചവന്‍ കാത്തു.

ഒരുകാര്യം വീട്ടിലേക്കുള്ള യാത്രാമധ്യേ ഓര്‍ത്തു. ഞാന്‍ താടി വളര്‍ത്തിയിട്ടില്ല. സാധിക്കുമെങ്കില്‍ വയറ്റത്ത് വിശ്രമിക്കുന്ന താടിയോടും അതിനൊത്ത തലേക്കെട്ടോടും കൂടിയ വേഷഭൂഷാദിയായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ എത്ര തെറ്റിയാലും പ്രസംഗമധ്യേ ഒന്നിനുപിറകെ മറ്റൊന്നായി പമ്പരവിഡ്ഢിത്തം വിളമ്പിയാലും സദസ്സ് സഗൗരവം ഉറങ്ങിത്തൂങ്ങി അതാസ്വദിക്കുകയും പ്രാസംഗികനെ അഭിനന്ദിക്കുകയും ചെയ്യും. കാരണം, ചിലരുടെ കാര്യത്തിലെങ്കിലും അജ്ഞത മറച്ചുപിടിക്കാനുള്ള ഉപകരണങ്ങളാണ് താടിയും തലേക്കെട്ടും.ഞാന്‍ താടി വളര്‍ത്തിയിരുന്നു പണ്ട്. പാതിവഴിയില്‍ ഉപേക്ഷിച്ചു. താടിയോടു പാലിക്കേണ്ട വഖാര്‍ അഥവാ സൂക്ഷ്മതയും ഗാംഭീര്യവും എന്റെ ഹൃദയത്തില്‍ പൊട്ടിമുളച്ചില്ല. അതിനാല്‍ ആ താടിരോമങ്ങളെ അപമാനിക്കേണ്ടെന്നു കരുതി പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നെ പിന്നെ പലതരം അതിതീവ്രവാദികള്‍ അരങ്ങത്തു വരുകയും അവര്‍ നിലപാടുകള്‍കൊണ്ടും വേഷവിധാനങ്ങള്‍ കൊണ്ടും ലോകത്തെ ഭയപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താടി ഉപേക്ഷിച്ച് ക്ലീന്‍ ഷേവിലേക്ക് ബോധപൂര്‍വം മാറി.

താടിവളര്‍ത്തല്‍ സുന്നത്താണെങ്കിലും അതിരുവിട്ട താടിരോമങ്ങളും അധികം കയറ്റി ഉടുത്ത വസ്ത്രങ്ങളും ഇക്കാലത്ത് പൊതുവെ ഭീകരതയുടെ അടയാളങ്ങളാണ്. അത്തരക്കാരുമായി വിയോജിക്കാന്‍ ആദ്യമായി വേണ്ടത് വേഷവിധാനങ്ങളിലെ മാറ്റമാണെന്ന് ന്യായമായും ഞാന്‍ കരുതുന്നു. അങ്ങനെ പറയാന്‍ കാരണമുണ്ട്. അക്കാലത്തെ ജൂതന്മാരടങ്ങിയ സമൂഹത്തില്‍നിന്ന് മുസ്‌ലിംകളെ വേറിട്ടു മനസ്സിലാക്കാനാണ് താടി വളര്‍ത്താന്‍ പ്രവാചകന്‍ അനുശാസിച്ചത്. ഇക്കാലത്ത് ജൂത റബ്ബി(പുരോഹിതന്‍)മാര്‍ വ്യാപകമായി താടി വളര്‍ത്തുന്നുണ്ട്. ഇസ്രായേലില്‍ പോയി ജൂതന്മാരുടെ ഒരാരാധനാച്ചടങ്ങില്‍ സംബന്ധിക്കവെ താടിയും സാസര്‍ തൊപ്പിയും ധരിച്ച ജൂതയുവാക്കളുടെ സദസ്സ് കണ്ടപ്പോള്‍ കേരളത്തിലെ ചില മതപാഠശാലകളില്‍ പങ്കെടുത്താലെന്നപോലത്തെ അനുഭൂതിയാണുണ്ടായത്. എന്നിരിക്കെ വല്ലവരോടും വിയോജിക്കണമെങ്കില്‍ ഇക്കാലത്ത് താടി വടിച്ച് ഒരേയവസരം ജൂതന്മാരോടും ലശ്കറെ ത്വയ്യിബ, സഹാബ മുതലായ ഭീകരരോടും വിയോജിക്കുകയാണു വേണ്ടത് എന്ന അഭിപ്രായമാണ് എനിക്ക്. എന്നെ ബലമായി മിംബറില്‍ കയറ്റിയ പള്ളി സലഫി നിയന്ത്രണത്തിലുള്ളതാണ്. പക്ഷേ, പള്ളി കമ്മിറ്റി സെക്രട്ടറി താടി വളര്‍ത്തിയിട്ടില്ല. അദ്ദേഹത്തിന്റെ താടിരഹിതമുഖകമലമാണ് താടി വളര്‍ത്താത്ത എനിക്ക് സലഫി പള്ളിയുടെ മിംബറില്‍ കയറാന്‍ ധൈര്യം നല്‍കിയത്. താടിയെക്കുറിച്ച് ഇത്ര വിശദമായി പറയാന്‍ കാരണമുണ്ട്.

ഈയിടെ നബിദിനാഘോഷം സംബന്ധിച്ച് ഞാനിട്ട വിഷ്വല്‍ മെസേജിന് വാട്‌സ്ആപ്പ് വഴി വന്ന പ്രതികരണം ഇപ്രകാരമായിരുന്നു: ‘പോടാ, താടിവയ്ക്കാത്ത നീ ഞങ്ങളെ മതം പഠിപ്പിക്കുന്നോ?’ താടി നീട്ടിവളര്‍ത്തി ഉടലോടെ ശഹീദാവാന്‍ അഫ്ഗാന്‍ വഴി സിറിയന്‍ യുദ്ധഭൂമിയിലേക്കോ ആടുമേക്കാന്‍ യമനിലേക്കോ പോവാന്‍ കഴിയാത്തതിലുള്ള അമര്‍ഷം 70 പിന്നിട്ട എന്നെ എടോ പോടാ വിളിച്ചു കരഞ്ഞുതീര്‍ക്കുകയായിരുന്നു ടിയാന്‍. ഒരു ഫൈസി പണ്ഡിറ്റുമുണ്ട് താടിയുടെ പേരില്‍ എന്നെ നരകത്തിലേക്ക് എടുത്തെറിയുന്നവരുടെ മുന്‍പന്തിയില്‍. മുജാഹിദ് പ്രസ്ഥാനത്തെ ഇസ്‌ലാം ജിന്ന് ജനലഴിക്കുള്ളിലൂടെ കടന്നുവന്ന് പിടികൂടും മുമ്പ് അവര്‍ ഒറ്റക്കെട്ടായിരുന്നുവല്ലോ.

പാര്‍ട്ടി പിളര്‍ന്ന് രണ്ടു മന്‍ഹജുകളായതില്‍ പിന്നെ ഒരു ഗ്രൂപ്പിന്റെ തലപ്പത്ത് ഒരുഘട്ടത്തില്‍ ഒരു ക്ലീന്‍ ഷേവ് മുന്‍ മോഡേണിസ്റ്റ് ആയിരുന്നു- മങ്കട അബ്ദുല്‍ അസീസ് മൗലവി. നേരം പുലരും മുമ്പ് കൃത്യമായി താടി വടിച്ചു സ്വതവേ സുന്ദരമായിരുന്ന മുഖത്തിന് കൂടുതല്‍ സൗന്ദര്യം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന മാന്യദേഹം. മുജാഹിദുകള്‍ തങ്ങളുടേത് ഒരു നവോത്ഥാനപ്രസ്ഥാനമാണെന്നും അതിന്റെ ആദ്യകാല നേതാക്കള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, കെ എം സീതി സാഹിബ് തൊട്ടുള്ളവരാണെന്നുമാണു പറയാറ്.ഇപ്പറഞ്ഞവരാരും ഒരിക്കലും താടി വളര്‍ത്തിയതായി കണ്ടിട്ടില്ല. മുന്‍ചൊന്ന ഫൈസിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇവരൊക്കെയും എന്നെപ്പോലെ നരകത്തിലേക്ക് വലിച്ചെറിയേണ്ടവരായിരുന്നു. കേരള സലഫികള്‍ക്കിടയില്‍ അക്ഷരതീവ്രത ഇത്രത്തോളം ശക്തമായിരുന്നില്ല അന്ന്. പ്രസ്ഥാനം വളര്‍ന്നു. ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും രാഷ്ട്രീയമടക്കമുള്ള സമഗ്രതയും വഴിയിലുപേക്ഷിച്ചതുകൊണ്ട് സംഘടനയ്ക്ക് പരിസരത്തേക്കു പടരാനും മേല്‍പ്പോട്ടുയരാനുമുള്ള പഴുതുകളില്ലാതായി.

നേതൃത്വം ആശയക്കുഴപ്പത്തിലായി. സംഘടനയുടെ വളര്‍ച്ച മുരടിച്ചു. അതില്‍ പുഴുവരിച്ചു. പിളര്‍ന്നു. ആത്മീയതയില്‍ അഭിരമിച്ചവരെ ഇസ്‌ലാം ജിന്ന് പിടികൂടി. അവര്‍ മറ്റുള്ളവര്‍ കടക്കാതിരിക്കാന്‍ കട്ടിലുകള്‍ ചുവരിനോടു ചേര്‍ത്തിട്ടു. വാതായനങ്ങള്‍ക്ക് സാക്ഷയിട്ടു. വഴിയേ പോവുന്ന അന്യമതസ്ഥരെ അകത്തിരുന്ന് തെറിവിളിച്ചു. മുസ്‌ലിം ഇന്ത്യ ചെന്നെത്തിനില്‍ക്കുന്ന ദുരന്തമുഖം അവര്‍ കണ്ടതേയില്ല. കലാപങ്ങളില്‍ പെട്ടും ബലാല്‍സംഗം ചെയ്യപ്പെട്ടും മാതൃത്വം പിച്ചിച്ചീന്തപ്പെട്ടും ഉമ്മപെങ്ങന്മാര്‍ ദീനാട്ടഹാസം മുഴക്കവെ അവര്‍ക്കു ചുറ്റും പ്രതിരോധം തീര്‍ക്കുന്നവരെ അവര്‍ ഭീകരവാദികളായി മുദ്രകുത്തി അകറ്റിനിര്‍ത്തി. ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ പുതിയ രീതിശാസ്ത്രം രചിച്ചു.കാലഘട്ടത്തിലെ മഹല്‍ പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായത്തില്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഒരുതരം ആത്മീയമായ ചിന്താഭീകരതയിലേക്ക് എറിയപ്പെട്ടവരാണ് ഈ വിഭാഗം.

തങ്ങള്‍ക്കു ചുറ്റും നടമാടുന്ന തിന്മയോട് തീവ്രമായി പ്രതികരിക്കണമെന്നുണ്ട് അവര്‍ക്ക്. പക്ഷേ, അതെങ്ങനെയെന്ന് അവര്‍ക്കറിഞ്ഞുകൂടാ. ഒടുവില്‍ അവരുടെ തീവ്രവികാരം മതത്തിന്റെ ശാഖാപരമായ കാര്യങ്ങളിലേക്കു ചുരുങ്ങുന്നു. ഇത്തരം കാര്യങ്ങളിലുള്ള കാര്‍ക്കശ്യമാണ് ഇതിന്റെ ആദ്യപടി. തങ്ങളല്ലാത്തവരാരും ശരിയായ പാതയിലല്ലെന്ന്  അവര്‍ സ്വയം വിധിക്കുന്നു. തുടര്‍ന്ന് അപരന്റെ ഓരോ ചലനത്തെയും മതത്തിന്റെ മുടിനാരിഴ കീറി പരിശോധിക്കുന്നു. നബി തിരുമേനി മുണ്ട് കയറ്റി ഉടുക്കാന്‍ പറഞ്ഞിരിക്കുന്നു. അവര്‍  അളവുകോലുമായി ആളുകളുടെ ഞെരിയാണികള്‍ അളക്കുന്നു. പാന്റ്‌സ് ഞെരിയാണിക്ക് താഴെ തൂങ്ങിയവനെ നരകത്തിലേക്കെറിയുന്നു. കാരണം, നബിയുടെ പ്രസ്തുത വാക്യം പ്രാവര്‍ത്തികമാക്കാത്തവര്‍ നരകത്തിലാണെന്ന് ഹദീസിലുണ്ട്. താടി വളര്‍ത്തല്‍ സുന്നത്താണ്. പക്ഷേ, അത് സുന്നത്ത് മാത്രമാണ്. ഉപേക്ഷിച്ചാല്‍ പിഴച്ചവനാവില്ലെന്നര്‍ഥം. ഇവരാവട്ടെ താടി വളര്‍ത്താത്തവരെയൊക്കെയും നിലംതൊടാതെ നരകത്തിലേക്ക് വലിച്ചെറിയുന്നു. ഇവര്‍ എപ്പോഴും രണ്ടു സാധ്യതകളുള്ള മതപരമായ കാര്യങ്ങളില്‍ കഠിനമായതിനെ പിന്‍പറ്റുന്നു.

ഐച്ഛികത്തിനെ നിര്‍ബന്ധത്തിന്റെയും നിര്‍ബന്ധത്തെ ഐച്ഛികത്തിന്റെയും സ്ഥാനത്തിരുത്തുന്നു. മതത്തെക്കുറിച്ചോ അതിന്റെ മൗലിക കാര്യങ്ങളെക്കുറിച്ചോ ഇവര്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുപോലും മതിയായ അറിവില്ല. ഇളയവരോട് കരുണ കാണിക്കാത്തവരും മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും നമ്മില്‍ പെട്ടവരല്ലായെന്ന് സ്വീകാര്യമായ പ്രവാചകവചനത്തിലുണ്ട്. അതിനാലവര്‍ താടി വളര്‍ത്താത്ത 75കാരനെ എടോ എന്നു വിളിച്ച് അസഭ്യം പറയുന്നു. അവരുടെ എല്ലാ ബഹുമാനാദരവുകളും താടിക്കുള്ളതാണ്. താടിക്കു മാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss