|    Dec 19 Wed, 2018 6:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

താജ് ബക്കറിന്റെ ‘കമീനോ’ ശ്രദ്ധേയമാകുന്നു

Published : 30th November 2018 | Posted By: kasim kzm

പൊന്നാനി: കലയെ ഭ്രാന്തമായി സ്‌നേഹിക്കുന്ന പൊന്നാനിക്കാരന്‍ താജ് ബക്കറിന്റെ ‘കമീനോ’ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കലയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് താജ് ബക്കറിന്റെ ചിത്രപ്രദര്‍ശനമായ കമീനോ കാണുന്നവര്‍. കോഴിക്കോട് ആര്‍ട്ട് ഗാലറിയിലാണ് താജിന്റെ കലാപ്രദര്‍ശനം നടക്കുന്നത്.
താജിന്റെ ആത്മസംഘര്‍ഷങ്ങള്‍ തന്നെയാണ് കലാവിഷ്‌കാരങ്ങളില്‍ പ്രകടമാവുന്നത്. വള്ളി പൊട്ടിയ ചെരിപ്പുകള്‍, നിരത്തിവച്ച അത്തര്‍ കുപ്പികള്‍, തൂങ്ങിക്കിടക്കുന്ന പട്ടങ്ങള്‍… അതിജീവിച്ച സംസ്‌കാരങ്ങളെ കലാപരമായി അവതരിപ്പിക്കുകയാണ് ചിത്രകാരനും ആക്ടിവിസ്റ്റുമായ താജ് ബക്കറിന്റെ ചിത്രങ്ങളും ചിത്രീകരണങ്ങളും. കലാജീവിതത്തില്‍ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാവുന്നതോടൊപ്പം നേരിന്റെയും നന്‍മയുടെയും പക്ഷത്ത് സജീവമായിരിക്കുക എന്ന ഉത്തരവാദിത്തം കൂടി കലാകാരനുണ്ടെന്ന് താജിന്റെ ചിത്രങ്ങള്‍ കാണിച്ചുതരുന്നു.
കുട്ടികളുടെ ദൈന്യതയും ശവകുടീരങ്ങളുടെ സാമ്പത്തിക രാഷ്ട്രീയവും പ്രമേയമാവുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. ശവകുടീരങ്ങള്‍ക്കായി ചെലവഴിച്ച പണമുണ്ടെങ്കില്‍ ഒരു ജനതയ്ക്ക് പട്ടിണിയില്ലാതെ ജീവിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന താജ്, ജീവിക്കുന്നവരെ മരിപ്പിച്ച് മരിച്ചവരെ ജീവിപ്പിക്കുന്ന സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നു. ഇന്‍സ്റ്റലേഷന്‍ വിഭാഗത്തിലാണ് വള്ളി പൊട്ടിയ ചെരുപ്പുകളും ഒഴിഞ്ഞ അത്തര്‍കുപ്പികളും ഒരുക്കിയത്. കടന്നുപോയ ഒരു സംസ്‌കാരത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഇതു രണ്ടും.
വീഡിയോ ആര്‍ട്ട് വിഭാഗത്തില്‍ രണ്ടു വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലുകള്‍ താണ്ടിയ മുഹൂര്‍ത്തങ്ങളാണ് ഇതില്‍ പ്രമേയമാവുന്നത്. പൊതുഇടങ്ങള്‍ സാധ്യമാക്കിയ ആശയവിനിമയത്തെ ചിത്രീകരിച്ച ടോയ്‌ലറ്റ് എന്ന ചിത്രവും മുത്തശ്ശിയുടെ നന്‍മകളെ അടയാളപ്പെടുത്തിയ ചിത്രവും ശ്രദ്ധേയമാണ്. വിവിധ ശൈലിയില്‍ വ്യത്യസ്ത ആശയങ്ങളടങ്ങിയ ചിത്രങ്ങളും ചിത്രീകരണങ്ങളുമടങ്ങിയ 30ഓളം കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ട്.
ചിത്രം വര പഠിച്ചിട്ടില്ലാത്ത താജ് ബക്കര്‍ ഇതാദ്യമായാണ് സോളോ ചിത്രപ്രദര്‍ശനം ഒരുക്കുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ച് പുസ്തക ശേഖരണവും സംഘടിപ്പിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പുസ്തകങ്ങള്‍ സമാപന ദിവസം സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികള്‍ക്ക് നല്‍കും. പൊന്നാനിക്കാരനായ താജ് ബക്കര്‍ നാടക പ്രവര്‍ത്തകന്‍ കൂടിയാണ്. പ്രദര്‍ശനം ഡിസംബര്‍ 2ന് സമാപിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss