|    Jul 21 Fri, 2017 4:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തസ്തിക നിര്‍ണയം: വാര്‍ത്ത വസ്തുതാവിരുദ്ധം വിദ്യാഭ്യാസമന്ത്രി

Published : 20th March 2017 | Posted By: fsq

 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും വിദ്യാഭ്യാസവകുപ്പ് എടുത്തിട്ടില്ലെന്നു മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പ് ഇറക്കിയ അണ്‍ ഒഫീഷ്യല്‍ നോട്ടിന്റെ ഭാഗമായുള്ള ധനവകുപ്പിന്റെ നിര്‍ദേശം മാത്രമാണ് മാധ്യമ വാര്‍ത്തയ്ക്ക് അടിസ്ഥാനം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അധ്യാപകരും പൊതുവിദ്യാഭ്യാസമേഖലയെ സ്‌നേഹിക്കുന്നവരുമായും കൂടിയാലോചനകളില്ലാതെ ഒരു തീരുമാനവും വിദ്യാഭ്യാസവകുപ്പെടുക്കില്ല. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച സ്‌കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപക നിയമന—കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരം അധ്യാപകര്‍ക്ക് ഗസ്റ്റ് വേതനം നല്‍കാന്‍ ഉത്തരവിറക്കി. ബജറ്റില്‍ തസ്തിക സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കി. തസ്തികനിര്‍ണയം സംബന്ധിച്ച് ധനവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അധ്യാപകരില്‍ ആശങ്ക സൃഷ്ടിക്കാന്‍ മാത്രമാണ്. പൊതുവിദ്യാഭ്യാസവും ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയും ലയിപ്പിക്കുമെന്ന  വാര്‍ത്തയും വസ്തുതാവിരുദ്ധമാണ്. ഇതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ആഴ്ചയില്‍ 8 പീരിയഡ്കൂടി അധികം പഠിപ്പിക്കണമെന്നും പീരിയഡുകളുടെ എണ്ണം ആഴ്ചയില്‍ 24ല്‍ നിന്ന് 32 ആക്കണമെന്നുമായിരുന്നു ധനകാര്യവകുപ്പിന്റെ വിവാദ നിര്‍ദേശം. ഇതിനെതിരെയാണ് അധ്യാപകസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. 35 മണിക്കൂറാണ് ആഴ്ചയില്‍ ഹയര്‍ സെക്കന്‍ഡറിക്കുള്ളത്. ഇതില്‍  32 മണിക്കൂറും അധ്യാപകന്‍ പഠിപ്പിക്കണമെന്നും അതിനാനുപാതികമായി തസ്തിക നിര്‍ണയിച്ചാല്‍ മതിയെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട 3,000 അധ്യാപകര്‍ അംഗീകാരം കിട്ടാതെ ജോലി ചെയ്യുന്നുണ്ട്. 2,500 തസ്തികകള്‍ സൃഷ്ടിക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. എന്നാലും നിലവിലുള്ള 500 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. പീരിയഡുകളുടെ എണ്ണം കൂട്ടുകകൂടി ചെയ്താല്‍ മൂന്ന് അധ്യാപകര്‍ ജോലിചെയ്തിരുന്നിടത്ത് രണ്ട് അധ്യാപകര്‍ മതിയാവും. ഒരാള്‍ക്ക് ജോലിയില്ലാതാവുന്ന താണ് അധ്യാപകരുടെ പ്രതിഷേധത്തിനു കാരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക