|    Jul 21 Fri, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തസ്തിക നിര്‍ണയം പൂര്‍ത്തിയായി; സംസ്ഥാനത്ത് 4060 സംരക്ഷിത ജീവനക്കാര്‍

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയവും അധികമുള്ള സംരക്ഷിത ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്‍ത്തിയായി. സംസ്ഥാനത്തൊട്ടാകെ 4060 സംരക്ഷിത അധ്യാപകരും ഇതര ജീവനക്കാരുമുള്ളതായി തസ്തിക നിര്‍ണയത്തില്‍ കണ്ടെത്തി. ഇവരില്‍ 3919 പേരെ അവരുടെ മാതൃജില്ലകളില്‍ തന്നെ പുനര്‍വിന്യസിച്ചു. ശേഷിക്കുന്ന 141 സംരക്ഷിത ജീവനക്കാരെ ഇതര ജില്ലകളില്‍ നിലവിലുള്ള ഒഴിവുകളില്‍ പുനര്‍വിന്യസിക്കാ ന്‍ ഉത്തരവു നല്‍കി. 3737 സംരക്ഷിത ജീവനക്കാരായിരുന്നു 2015-16ലെ തസ്തിക നിര്‍ണയത്തില്‍ കണ്ടെത്തിയത്. ഇവര്‍ ഉള്‍പ്പെടെയാണ് ഈ വര്‍ഷത്തെ 4060 സംരക്ഷിത ജീവനക്കാര്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം സംരക്ഷിത ജീവനക്കാര്‍ (480). ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും (12). ജൂലൈ 15നു മുമ്പ് സ്‌കൂളുകളിലെ തസ്തിക നിര്‍ണയവും അധികമുള്ള സംരക്ഷിത ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്‍ത്തിയാക്കിയതു വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രനേട്ടമാണ്. 2017-18ലെ തസ്തിക നിര്‍ണയത്തെ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചത് ജൂണ്‍ 19നായിരുന്നു. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 20നു തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് എല്ലാ ജില്ലകളിലും ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച പരിശീലനവും നല്‍കി. ജൂണ്‍ 20 മുതലുള്ള എല്ലാ അവധിദിനങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ ഓഫിസുകളിലെയും ജീവനക്കാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് വിദ്യാഭ്യാസ വകുപ്പിന് ഈ നേട്ടം കൈവരിക്കാനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക