|    Dec 12 Tue, 2017 7:59 am

തവിഞ്ഞാല്‍ കാപ്പിക്കളത്തെ ഭൂമി പ്രശ്‌നം പരിഹരിച്ചു

Published : 10th August 2017 | Posted By: fsq

 

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ കാപ്പിക്കളം പ്രദേശത്തെ എഴുപതോളം കുടുംബങ്ങളുടെ ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം. കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് ലാന്റ് ബോര്‍ഡ് യോഗത്തിലാണ് ഭൂ പ്രശനത്തിന് പരിഹാരമായത്. തവിഞ്ഞാല്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 96/10ല്‍ പെട്ട എഴുപതിലധികം  കുടുംബങ്ങളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി ഭൂമിയുടെ രേഖ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു കഴിഞ്ഞുവന്നത്. 26.5 ഏക്കറോളം ഭൂമിയാണ് ഈ സര്‍വേ നമ്പറില്‍. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം നില്‍ക്കുന്ന ഭൂമിയില്‍ ഉള്‍പ്പെടെ വീടുവച്ചും കൃഷിചെയ്തും ജീവിച്ചുവരുന്ന കുടംബങ്ങള്‍ക്കാണ് ഇക്കാലമത്രയും നീതി നിഷേധമുണ്ടായത്. മുമ്പ് വന്‍കിട തോട്ടം ഉടമകളില്‍ നിന്നു മിച്ചഭൂമി പിടിച്ചെടുത്തപ്പോള്‍, മിച്ചഭൂമിയായി അടയാളപ്പെടുത്തുകയും പിന്നീട് വനംവകുപ്പിന്റെ നിക്ഷിപ്ത വനഭൂമിയാണെന്ന വാദഗതിയുമായിരുന്നു വിലയ്ക്കു വാങ്ങിയ ഭൂമിയില്‍ സര്‍ക്കാരിന്റെ ആനുകൂല്യം നിഷേധിക്കാനിടയാക്കിയത്. രണ്ടുവര്‍ഷം മുമ്പ് ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി താല്‍ക്കാലികമായി നികുതി സ്വീകരിച്ചിരുന്നെങ്കിലും കൈവശരേഖയോ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളോ കുടുംബങ്ങള്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് ലാന്റ് ബോര്‍ഡ് ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം കൈവശ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ രേഖകളും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ വീടുവച്ച് താമസിക്കുന്നുണ്ടെങ്കിലും വീട് പുതുക്കിപ്പണിയാനോ വിദ്യാഭ്യാസ ആവശ്യത്തിനോ ബാങ്ക് വായ്പ ഉള്‍പ്പെടെ യാതൊരു ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക