|    Oct 19 Fri, 2018 1:59 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തവളകള്‍ കരഞ്ഞാല്‍ മഴ പെയ്യില്ല!

Published : 8th September 2017 | Posted By: fsq

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജാതിവ്യവസ്ഥയുടെയും ഹൈന്ദവ രാഷ്ട്രീയത്തിന്റെയും മുഖ്യ വിമര്‍ശകയായിരുന്ന അവരുടെ കൊലപാതകം വിദേശമാധ്യമങ്ങളില്‍പ്പോലും വലിയ വാര്‍ത്തയായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കൊലപാതകം ആസൂത്രിതമാണ്. വര്‍ഗീയരാഷ്ട്രീയം, അഴിമതി, ജാതിവ്യവസ്ഥ, അന്ധവിശ്വാസം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കല്‍ തുടങ്ങിയവയെ നിശിതമായി വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കടുത്ത ഭീഷണികള്‍ നേരിട്ടുവരുകയാണ്. ഇത്തരം ജനപക്ഷ മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും നിശ്ശബ്ദരാക്കുന്ന കൊലയാളിസംഘം ഇവിടെ ശക്തമാണ്. അക്രമികളെയും കൊലപാതകികളെയും സംരക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങളുണ്ട്. ഇഷ്ടംപോലെ സമ്പത്തുണ്ട്. കൊലകളെ മൂടിപ്പുതപ്പിക്കാന്‍ സമര്‍ഥരായ ന്യായീകരണ തൊഴിലാളികളുമുണ്ട്. അക്രമങ്ങളും കൊലപാതകങ്ങളും ജനാധിപത്യസംവിധാനത്തെ തകിടംമറിക്കുമ്പോള്‍ ഇതിനെല്ലാം കുടപിടിക്കുന്ന മാധ്യമങ്ങളും നിലവിലുണ്ട്. വര്‍ത്തമാനകാലത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുകയാണെന്നു പ്രത്യേകം പറയേണ്ടതില്ല. 1992നു ശേഷം ദേശീയതലത്തില്‍ 27 മാധ്യമപ്രവര്‍ത്തകരാണു കൊലചെയ്യപ്പെട്ടത്. ഇവരില്‍ അധികവും അഴിമതിക്കെതിരേ പോരാടുന്നവരായിരുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങളും ഗുണ്ടാസംഘങ്ങളുടെ മര്‍ദനങ്ങളും കള്ളക്കേസുകളുംകൊണ്ട് പൊറുതിമുട്ടിക്കഴിയുന്ന അനേകം മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. ജീവന്‍ അപകടത്തിലാവുമെന്ന് അറിഞ്ഞുകൊണ്ട് ധീരമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എത്രയോപേരെ നമുക്കു കാണാം. അത്തരക്കാരാണു യഥാര്‍ഥ രാജ്യസ്‌നേഹികള്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് ആവേശകരമായ അനുഭവമായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരും വനിതാ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെല്ലാം വെറും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല.  ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി കൂടിയാണ്. എന്നാല്‍, കൊലപാതകത്തെ മറച്ചുവയ്ക്കാനും വഴിതിരിച്ചുവിടാനും ചില പത്രങ്ങളും ചാനലുകളും ഉണ്ടായിരുന്നു. അക്രമികള്‍ക്കും ഭീകരര്‍ക്കും വേണ്ടി വാദിക്കാന്‍ സമൂഹമാധ്യമങ്ങളിലും ചില പണ്ഡിതന്മാരൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും വേണ്ടത്ര വിലപ്പോയില്ല. രാജ്യത്തെ നടുക്കിയ ഗൗരി ലങ്കേഷിന്റെ കൊല നടന്നത് ചൊവ്വാഴ്ച വൈകീട്ടാണ്. കര്‍ണാടകയില്‍ രാത്രി തന്നെ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നുകഴിഞ്ഞിരുന്നു. ബുധനാഴ്ച അതിരാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നു. അതൊക്കെ അറിയാനും കാണാനും മലയാള ചാനലുകള്‍ തുറന്നപ്പോഴാണ് അമ്പരന്നുപോയത്. ജയിലില്‍ നിന്ന് അച്ഛന്റെ ശ്രാദ്ധത്തിനു പരോളില്‍ ഇറങ്ങിയ സിനിമാനടന്റെ ലൈവ് പരിപാടി തുടര്‍ച്ചയായ രണ്ടു മണിക്കൂര്‍! ചാനലുകള്‍ മാറ്റി മാറ്റി നോക്കിയപ്പോള്‍ എല്ലാ ചാനലുകളിലും ഒരേ കാഴ്ച. ഈറനുടുത്ത സിനിമാനടന്‍ അച്ഛന്റെ ബലികര്‍മങ്ങള്‍ നടത്തുന്നു. ചുറ്റിലും ബന്ധുമിത്രാദികള്‍. സിവില്‍ വേഷത്തില്‍ നിറയെ പോലിസുകാരും. നടന്‍ വീടിനകത്തേക്കു പോവുന്നത്, വരുന്നത്, പെറ്റമ്മയെ കെട്ടിപ്പിടിക്കുന്നത്, ഭാര്യയുടെയും മകളുടെയും വികാരപ്രകടനങ്ങള്‍- ഇങ്ങനെ പോലിസ് വണ്ടിയില്‍ നിന്ന് ജയില്‍കവാടത്തിനു മുന്നില്‍ ഇറങ്ങുന്നതുവരെയുള്ള കാഴ്ചകള്‍. സിനിമാ ചിത്രീകരണംപോലെ. ഈ സമയം ബംഗളൂരുവില്‍ ഗൗരി ലങ്കേഷിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയ രംഗങ്ങളും അരങ്ങേറിയ പ്രതിഷേധങ്ങളും ക്രിമിനലായ ഒരു സിനിമാനടനുവേണ്ടി മലയാളം ചാനലുകള്‍ മാറ്റിവച്ചു. മാനുഷിക പരിഗണന വച്ച് രണ്ടുമണിക്കൂര്‍ പരോള്‍ ലഭിച്ചത് ജയിലില്‍ നിന്നു പുറത്തിറങ്ങാനുള്ള തുറുപ്പുചീട്ടായി ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇതിനകം ജനപ്രതിനിധി ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങള്‍ നടനെ ഒറ്റയ്ക്കും കൂട്ടായും സന്ദര്‍ശിച്ച് പൊതുസമൂഹത്തിന്റെ മനസ്സ് മാറ്റാന്‍ ശ്രമിച്ചുവരുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ഇടപെടണമെന്ന ആവശ്യങ്ങളും ചില സിനിമാതാരങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ: തവളകള്‍ക്ക് കരയാനേ കഴിയൂ, മഴ പെയ്യിക്കാനാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss