|    Jul 19 Thu, 2018 9:52 am
FLASH NEWS

തഴുത്തലയില്‍ വീണ്ടും മദ്യശാല ആരംഭിക്കാന്‍ ശ്രമം

Published : 9th August 2017 | Posted By: fsq

 

കണ്ണനല്ലൂര്‍: തഴുത്തല വാലി മുക്കിനടുത്ത് ജനവാസ മേഖലയില്‍ സര്‍ക്കാര്‍ വക വിദേശമദ്യ വില്‍പ്പനശാല തുടങ്ങാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. മദ്യവില്‍പ്പനശാല തുടങ്ങുന്നതിനായി കണ്ടെത്തിയ വീട് കച്ചവട സ്ഥാപനത്തിനായുള്ള കടയാക്കി പഞ്ചായത്ത് സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വീണ്ടും സമരവുമായി സമരസമിതി രംഗത്തെത്താന്‍ കാരണമാക്കിയിട്ടുള്ളത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ തൃക്കോവില്‍വട്ടം പഞ്ചായത്ത് കമ്മറ്റി യോഗം ചേര്‍ന്നത് കനത്ത പോലിസ് സുരക്ഷയോടെയാണ്. വീട് കടയാക്കി മാറ്റിയ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ നിലവിലുണ്ടായിരുന്ന 19 പേരില്‍ ഭരണകക്ഷിയായ സിപിഎമ്മിലെ ഒമ്പതുപേര്‍ ഇതിനെ അനുകൂലിക്കുകയും ഭരണകക്ഷിയില്‍പ്പെട്ട സിപിഐയിലെ പഞ്ചായത്ത്പ്രസിഡന്റ് അടക്കം പത്ത് പേര്‍ സെക്രട്ടറിയുടെ നടപടിയെ എതിര്‍ക്കുകയും ചെയ്തു. വിവേചനാധികാരം ഉപയോഗിച്ചാണ് വീട് കടയാക്കി മാറ്റി നല്‍കിയതെന്ന് സെക്രട്ടറി കമ്മറ്റിയില്‍ പറഞ്ഞു. ഇത് വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ഇവിടെ മദ്യവില്‍പ്പനശാല ആരംഭിക്കുന്നതിനായുള്ള വഴി തുറക്കുമെന്ന ആശങ്കയില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റി നടക്കുന്ന ഹാളിന് താഴെ പ്രതിഷേധവും നടത്തുന്നുണ്ടായിരുന്നു. കണ്ണനല്ലൂരിനടുത്ത് മദ്യ വില്‍പ്പനശാല ആരംഭിക്കുന്നതിനെതിരേ സമരസമിതി നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറി ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തഴുത്തലയില്‍ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരേ കണ്ണനല്ലൂരില്‍ റോഡ് ഉപരോധവും മരത്തില്‍ കയറി ആത്മഹത്യാ സമരവും നടന്നിരുന്നു. അന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുകൊടുത്താണ് സമരം അവസാനിച്ചത്. ജനകീയ  പ്രതിഷേധം അവസാനിച്ചതോടെയാണ് വീണ്ടും മദ്യവില്‍പ്പനശാല തുടങ്ങുന്നതിനായി ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇന്നലെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് സമരസമിതി നേതാക്കളായ ജിഷാര്‍, അസനാരു കുഞ്ഞ്, റിയാസ്, മോനിഷ, ഷെഫീര്‍, യഹിയ ,പ്രവീണ്‍ നേതൃത്വം നല്‍കി. സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് വിജിലന്‍സിന് പരാതി നല്‍കുവാനും വരും ദിവസങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാനുമാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.  സര്‍ക്കാരിന്റെ നയത്തിന് എതിരു നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയുടെ നടപടിയെ സിപിഎം പഞ്ചായത്ത് കമ്മിറ്റിയില്‍ അനുകൂലിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss