|    Feb 21 Wed, 2018 5:17 am
FLASH NEWS

തഴുത്തലയില്‍ മദ്യ വില്‍പ്പന ശാലക്കുള്ള ശ്രമം; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

Published : 23rd January 2017 | Posted By: fsq

 

കൊട്ടിയം: സ്‌കുളുകളും ആരാധാനാലയങ്ങളും ഉള്‍പ്പടെയുള്ള ജനവാസ മേഖലയിലേക്ക് സര്‍ക്കാര്‍ വക വിദേശമദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ബഹു ജന പ്രക്ഷോഭം ശക്തമാവുന്നു. കൊട്ടിയം ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പനശാല കണ്ണനല്ലൂരിനടുത്ത് തഴുത്തല വാലി മുക്കിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. തഴുത്തലശ്രീ മഹാ ഗണപതി ക്ഷേത്രം, നാഷണല്‍ പബ്ലിക് സ്‌കൂള്‍, ശ്രീ ചിത്തിര തിരുനാള്‍ സെന്‍ട്രല്‍ സ്‌കൂള്‍, ഖാദിസിയ്യാ മസ്ജിദ്, ഖാദിസിയ്യ കോളജ്, കിഴവൂര്‍ മസ്ജിദ്, കണ്ണനല്ലൂര്‍ ജുമാ മസ്ജിദ് എന്നിവക്കടുത്തായാണ് മദ്യശാല സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ മദ്യശാല സ്ഥാപിക്കാന്‍ പോകുന്നുവെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വാലി മുക്കിനടുത്തുള്ള ഒരു കെട്ടിടം ഇതിനായി സജ്ജീകരിച്ചു തുടങ്ങിയപ്പോഴാണ് വിവരം പ്രദേശവാസികളുടെ ശ്രദ്ധയില്‍ വരുന്നത്. ഇതേതുടര്‍ന്ന് പരിസരവാസികളായ സ്ത്രീകളാണ് ആദ്യം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. മദ്യ വില്‍പ്പനശാല  സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു കാട്ടി പ്രചരണവുമായി സ്ത്രീകള്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്. എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. സമരസമിതിയുടെ നേതൃത്വത്തില്‍ കണ്ണനല്ലൂരില്‍ നിന്നും തഴുത്തലയിലേക്ക് പ്രതിഷേധറാലിയും നടത്തി.  മദ്യശാല സ്ഥാപിക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കരുതെന്ന ആവശ്യവുമായാണ് സ്ത്രീകള്‍ സമര രംഗത്തിറങ്ങിയിട്ടുള്ളത്. ഇതിനെതിരേ ലഘുലേഖകളും സ്ത്രീകള്‍ വിതരണം നടത്തുന്നുണ്ട്. മദ്യശാല സ്ഥാപിച്ചാല്‍ ജനങ്ങളുടെ സൈ്വര ജീവിതം തകരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറിയില്ലെങ്കില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രക്ഷോഭം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss