|    Oct 18 Thu, 2018 5:42 am
FLASH NEWS

തഴുത്തലയിലെ മദ്യവില്‍പന ശാല സ്ഥാപിക്കാന്‍ നീക്കം: ഹര്‍ത്താല്‍ ആചരിച്ചു

Published : 28th January 2017 | Posted By: fsq

 

കണ്ണനല്ലൂര്‍:  തൃക്കോവില്‍വട്ടം പഞ്ചായത്തില്‍പ്പെട്ട തഴുത്തല വാലിമുക്കില്‍ സര്‍ക്കാര്‍ വക മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരേ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞുകിടന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എന്‍ കെ  പ്രേമചന്ദ്രന്‍ എംപിയടക്കമുള്ളവര്‍ തഴുത്തലയിലെത്തി.വ്യാഴാഴ്ച രാവിലെ സമരസമിതിയുടെ നേതൃത്വത്തില്‍ തഴുത്തലയില്‍ നടത്തിയ റോഡ് ഉപരോധം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല ജനവാസ മേഖലയില്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെങ്കില്‍ ഔട്ട്‌ലെറ്റ് റദ്ദ് ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍, എസ്ഡിപിഐ നേതാവ് അയത്തില്‍ റസാക്ക്, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എയൂനുസ് കുഞ്ഞ്, പിഡിപി ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, ബിജെപി നേതാവ് ശ്യാം കുമാര്‍ എന്നിവര്‍ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം അറിയിച്ചു.തഴുത്തലയില്‍ റോഡ് ഉപരോധിച്ചവരെ നീക്കം ചെയ്യുവാന്‍ കൊട്ടിയം പോലിസ് തിടുക്കം കാട്ടിയത് പ്രതിഷേധത്തിന് കാരണമാക്കി. തഴുത്തല വാലിമുക്കില്‍ മദ്യഷാപ്പ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം കണ്ണനല്ലൂരില്‍ നടന്നു. വ്യാഴാഴ്ച രാവിലെ കണ്ണനല്ലൂര്‍ സ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജെ മേഴ്‌സി കുട്ടിയമ്മയെ സമരസമിതി പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് പരാതി പറഞ്ഞെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. മന്ത്രിയില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കണ്ണനല്ലൂരില്‍ പ്രകടനം നടത്തിയത്. രാത്രികാലങ്ങളില്‍ ഇവിടെ മദ്യം ഇറക്കാതിരിക്കുന്നതിനു വേണ്ടി സമരസമിതി നേതൃത്വത്തില്‍ തഴുത്തല വാലി മുക്കില്‍ രാപകല്‍ സമരം നടത്തി വരികയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവിടെ മദ്യം ഇറക്കുവാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. വെള്ളിയാഴ്ച സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുള്ള ജനവാസ മേഖലയായ തഴുത്തലയിലേക്ക് കൊട്ടിയത്ത് പ്രവര്‍ത്തിച്ചു വരുന്ന മദ്യ വില്‍പ്പന മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതരെ വിലക്കണമെന്നാവശ്യപ്പെട്ടാണ് വനിതാ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുള്ളത്. സമരസമിതിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രിയുടെ ഓഫിസില്‍ നിന്നും ജില്ലയിലെ എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss