|    Jun 24 Sun, 2018 9:29 am
FLASH NEWS

തള്ളി വീഴ്ത്തി 9.65 ലക്ഷം അപഹരിച്ചെന്ന പരാതിയില്‍ വീട്ടമ്മ കുടുങ്ങി

Published : 9th November 2016 | Posted By: SMR

പത്തനംതിട്ട: ബാങ്കില്‍ നിന്നും വായ്പ ഇനത്തില്‍ കിട്ടിയ പണവുമായി വരുമ്പോള്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചവര്‍ തള്ളി വീഴ്ത്തി 9.65 ലക്ഷം രൂപ അപഹരിച്ചുവെന്ന വീട്ടമ്മയുടെ പരാതി കള്ളമെന്ന് പോലീസ്. മോഷണം പോയെന്ന് പറഞ്ഞ ബാഗും കസ്റ്റഡിയില്‍ എടുത്തു. വെട്ടിപ്രം മോടിപ്പടിയില്‍ താമസിക്കുന്ന സുശീലയാണ് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡോക്‌ടേഴ്‌സ് ലേനില്‍ വച്ച് താന്‍ കൊള്ളയടിക്കപ്പെട്ടതായി പത്തനംതിട്ട പോലിസില്‍ പരാതിപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവര്‍ പരാതിപ്പെട്ടതെന്നതും ബാങ്കിന്റെ സിസിടിവി ക്യാമറയില്‍ 15 മിനുട്ടു നേരം ഇവര്‍ അപ്രത്യക്ഷമായതും മനസിലാക്കിയ പോലിസിന് പരാതിയില്‍ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞു. വായ്പ കിട്ടിയ പണത്തില്‍ 2.50 ലക്ഷം രൂപ ഇവര്‍ മറ്റൊരു ബാങ്കിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കുറച്ചു കടങ്ങള്‍ വീട്ടിയതായും ശേഷിച്ച മൂന്നരലക്ഷം വീട്ടില്‍ സൂക്ഷിച്ചിരുന്നതായും പോലിസ് കണ്ടെത്തി. പണം ഇവര്‍ തന്നെ മാറ്റിയ ശേഷം പരാതി നല്‍കിയതാകാനുള്ള സാധ്യതയാണ് പോലിസ് അന്വേഷിച്ചത്. സിഐ എ എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പണം ഇവര്‍ തന്നെ മാറ്റിയ ശേഷം പോലിസില്‍ പരാതി നല്‍കി വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് വഴിതെളിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഇവര്‍ പോലിസിനോട് പരാതിയില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെയായിരുന്നു: പുതുതായി നിര്‍മിക്കുന്ന വീടിന്റെ ആവശ്യത്തിനായി കോളജ് റോഡില്‍ ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പാ ഗഡുവായ 9.65 ലക്ഷം രൂപ എടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഡോക്‌ടേഴ്‌സ് ലേനില്‍ വിജിലന്‍സ് ഓഫിസിന് മുന്നില്‍ റബര്‍ തോട്ടത്തിന് സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പുറകില്‍ നിന്ന് തള്ളി വീഴ്ത്തിയ ശേഷം കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ഹാന്‍ഡ് ബാഗ് പിടിച്ചു പറിച്ചു. അപ്പോള്‍ ബഹളം വയ്ക്കുകയോ നിലവിളിച്ച് ആളെ കൂട്ടുകയോ ചെയ്യാതിരുന്ന ഇവര്‍ ജനറല്‍ ആശുപത്രിക്ക് സമീപം ചെന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയി. അയല്‍വീട്ടിലെത്തി കപ്പയും മീന്‍കറിയും കഴിച്ച ശേഷം സ്വന്തം വീട്ടിലെത്തി. എന്നിട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചപ്പോള്‍ തന്നെ സിഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെയും കൂട്ടി ബാങ്കിലെത്തി. സുശീല പണം പിന്‍വലിച്ചത് സത്യമാണെന്ന് മനസിലായി. തുടര്‍ന്ന് സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ഇവര്‍ ബാങ്കില്‍ നിന്നിറങ്ങി കോളജ് റോഡിലൂടെ സെന്‍ട്രല്‍ ജങ്ഷനിലേക്ക് നടന്നു പോവുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് 15 മിനുട്ടിന് ശേഷം ഇവര്‍ വന്ന വഴി തന്നെ മടങ്ങിയെത്തി ഡോക്‌ടേഴ്‌സ് ലൈന്‍ ഭാഗത്തേക്ക് പോവുന്നതും കാമറയിലുണ്ടായിരുന്നു. ഈ വിവരം ചോദിപ്പോള്‍ സുശീല പറഞ്ഞത് താന്‍ ആദ്യം സെന്‍ട്രല്‍ ജങ്ഷനിലേക്ക് നടന്നു പോവുകയായിരുന്നുവെന്നും കടുത്ത വെയിലായതിനാല്‍ ഡോക്‌ടേഴ്‌സ് ലൈനിലൂടെ നടന്ന് ചെന്ന് ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ പോവുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു. ഈ മൊഴി പോലിസ് മുഖവിലയ്ക്ക് എടുത്തില്ല. പകരം, സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലുള്ള ബാങ്കുകളില്‍ അന്വേഷണം നടത്തുകയാണ് ചെയ്ത്. അങ്ങനെയാണ് യൂനിയന്‍ ബാങ്ക് ശാഖയില്‍ ഇവര്‍ക്കുള്ള അക്കൗണ്ടില്‍ പണം മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന സമയത്ത് ഇവര്‍ 2.50 ലക്ഷം നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാത്രവുമല്ല, കൊള്ളയടി നടന്നതായി പറയുന്ന ഡോക്‌ടേഴ്‌സ് ലൈന്‍ തിരക്കേറെയുള്ള സ്ഥലമാണ്. ഇതിനോട് ചേര്‍ന്ന് തന്നെ വിജിലന്‍സ് ഓഫിസ് അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുശീല പറയുന്ന സമയത്ത് ഇവിടെ ഒരു പിടിവലി നടന്നതായി ആരും സാക്ഷികളില്ല. മാത്രവുമല്ല, ഹെല്‍മറ്റ് ധരിച്ച് ഈ സമയത്തൊന്നും ബൈക്കില്‍ രണ്ടു പേര്‍ ഈ വഴി വന്നിട്ടുമില്ലെന്ന് സമീപത്തെ കടകളിലെ സിസിടിവി കാമറ പരിശോധിച്ചതിലൂടെ പോലിസ് മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ പണം താന്‍ തന്നെ മാറ്റിയതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ ജോലി ചെയ്യുകയാണ്. മകന്‍ എന്‍ജിനീയറിങ്ങിനും പഠിക്കുന്നു. ഒരു പാട് സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ പെട്ടെന്നുണ്ടായ തോന്നലിലാണ് ഈ നാടകം കളിച്ചതെന്നാണ് സുശീല പോലീസിനോട് പറഞ്ഞത്. നേരത്തേ ഇവര്‍ നടത്തിയ ഒരു പാട് ബിസിനസുകള്‍ പൊളിഞ്ഞു പോയിട്ടുണ്ട്. ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചതും ബാധ്യതയ്ക്ക് കാരണമായി. കടം വാങ്ങിയവരില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ തന്ത്രം പ്രയോഗിച്ചത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയതിനാലാണ് കൊള്ളയടി നാടകം പാളിപ്പോയത്. ഒരു പാട് ബാങ്കുകളില്‍ കടമുള്ളതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. ഇതോടെ നഗരത്തെ 24 മണിക്കൂറായി ഭീതിയിലാഴ്ത്തിയ കവര്‍ച്ചാ ശ്രമത്തിനും അവസാനമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss