|    Aug 23 Wed, 2017 7:06 pm
FLASH NEWS

തളിക്കുളം സ്‌കൂള്‍ ഗ്രൗണ്ട് വെട്ടിമുറിക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം

Published : 8th August 2017 | Posted By: fsq

 

തൃപ്രയാര്‍: തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിനെ വെട്ടിമുറിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ സിപിഎം നേതാവിന്റെ മകന്റെ സ്ഥലത്തേക്ക് വഴി കണ്ടെത്താനുള്ള ശ്രമമാണിവിടെ നടക്കുന്നതെന്നാണ് ആക്ഷേപം. സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വഴിവെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഹോം ഗ്രൗണ്ടിന്റെ സംരക്ഷണത്തിനായി സേവ് ഗ്രൗണ്ട് എന്ന കൂട്ടായ്മ രൂപീകരിച്ച യുവാക്കള്‍ ആഗസ്ത് പതിനഞ്ചിന് സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധ പരിപാടിക്ക് തുടക്കമിടും. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ വഴിവെട്ടല്‍ വിഷയം സി.പി.എം-സി.പി.ഐ ബന്ധത്തെ തന്നെ ഉലയ്ക്കുകയാണ്. ഗ്രൗണ്ടില്‍ വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാറിനെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതോടെയാണ് ഈ വിഷയം വിവാദമായത്. നാട്ടിക മണപ്പുറത്തെ ഏറ്റവും പ്രശസ്തമായതാണ് തളിക്കുളം ഗ്രൗണ്ട്. ഇന്നത്തെ കഴിവുറ്റ ഒട്ടേറെ കായികതാരങ്ങള്‍ക്ക് ജന്മം നല്‍കിയ ഹോം ഗ്രൗണ്ടാണിത്. ഇതിനിടയിലാണ് ഗ്രൗണ്ടിന് ഭീഷണിയായുള്ള വഴിവെട്ടല്‍ ആവശ്യം കായികപ്രേമികളെ ആശങ്കപ്പെടുത്തുന്നത്. ഗ്രൗണ്ടിന് കിഴക്കുഭാഗത്തെ നാലുവീട്ടുകാര്‍ക്ക് വേണ്ടിയായിരുന്നു വഴിവെട്ടല്‍ എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. അയല്‍സഭയിലും ഗ്രാമസഭയിലും ഇക്കാര്യം പ്രമേയത്തിലൂടെ അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ചുറ്റുമതിലിന്റെ അടിത്തറയ്ക്ക് മുകളിലൂടെയാണ് സമീപവാസികള്‍ നടന്നുപോയിരുന്നത്. ഇതിനിടെ അടിത്തറയുടെ ഒരുഭാഗം പൊളിച്ച് മണ്ണുമാന്തി യന്ത്രവും മറ്റും ഇവിടെ സ്ഥലം വാങ്ങിയ നേതാവിന്റെ മകന്റെ വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് സ്‌കൂള്‍ വികസന കമ്മിറ്റിയും പിടിഎയും രംഗത്തെത്തുകയും പൊളിച്ചുമാറ്റിയ ഭാഗം വീണ്ടും അടച്ചുകെട്ടുകയുമായിരുന്നു. സ്വകാര്യവ്യക്തി ഇതോടെ ബന്ധപ്പെട്ട ഭാഗം തുറന്നുകിട്ടുവാന്‍ ജില്ലാപഞ്ചായത്ത് അധികൃതരെ സമീപിക്കുകയും ചെയ്തു. നൂറോളം യുവാക്കള്‍ ഉള്‍പ്പെട്ട സേവ് ഗ്രൗണ്ട് കൂട്ടായ്മയാണ് വഴിവെട്ടലിനെതിരെ ആദ്യം രംഗത്തെത്തിയത്. ലോങ്ങ് ജമ്പ്, ഹൈജമ്പ് പരിശീലനത്തിനുള്ള ഭാഗമാണ് വഴിക്കായി നല്‍കുന്നതെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ആരോപണ വിധേയനായ വ്യക്തി ഇടപെട്ട് മറ്റ് രണ്ട് വീട്ടുകാരുടെ നടവഴി അടപ്പിച്ചിരിക്കുകയാണ്. ഗ്രൗണ്ടിനൊപ്പം സ്‌കൂളിന്റെ സ്ഥലവും അളന്നുതിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. അതേസമയം ഗ്രൗണ്ടിന്റെ ഘടനയില്‍ മാറ്റംവരുത്താതെ നാലു വീട്ടുകാര്‍ക്ക് നടവഴി നല്‍കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും കയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും സിപിഎം തളിക്കുളം ലോക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഐ കെ വിഷ്ണുദാസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക