|    Dec 11 Tue, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തളരാതെ കേരളം

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറുന്നു. ഇന്നത്തോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരും പറവൂരും പാണ്ടനാടും നെല്ലിയാമ്പതിയുമാണ് രക്ഷാപ്രവര്‍ത്തനം ശേഷിക്കുന്നത്. മഴയും വെള്ളപ്പൊക്കവും ശമിച്ചതോടെ ക്യാംപുകളില്‍ നിന്ന് പലരും വീട്ടിലേക്ക് മാറിത്തുടങ്ങി.
അതേസമയം, സംസ്ഥാന വ്യാപകമായി 9,28,015 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ക്യാംപുകളിലെത്തിയവര്‍ക്കു മാത്രമാണ് സഹായമെന്ന പ്രചാരണം തെറ്റാണ്. അര്‍ഹതയുള്ള എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും. റവന്യൂ ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷമായിരിക്കും നഷ്ടപരിഹാരം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പാണ്ടനാട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഘത്തിന്റെ ഭാഗമായ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് അന്തിമഘട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതോടൊപ്പം കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോഎന്നും സൈന്യം പരിശോധന നടത്തുന്നുണ്ട്. ആലപ്പുഴ എസ്പി എസ് സുരേന്ദ്രനാണ് സംഘത്തിന്റെ മേല്‍നോട്ടം. എയര്‍ഫോഴ്‌സിന്റെ ഗരുഡ് കമാന്‍ഡോസ് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ രംഗത്തുണ്ട്. പ്രയാര്‍, കുത്തിയതോട്, മുറിയായിക്കര, ഉമയാറ്റുകര എന്നിവിടങ്ങളില്‍ പാണ്ടനാട്ട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒഴുക്കുള്ള പമ്പാനദി മുറിച്ചുകടക്കാനാവാത്തതാണ് പ്രതിസന്ധിക്കു കാരണം. ചെങ്ങന്നൂരില്‍ ഇനിയും നിരവധി പേര്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് റിപോര്‍ട്ട്.
അതേസമയം, പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലയായ എറണാകുളത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിക്കും. എന്നാല്‍, പന്തളത്തിന്റെ കിഴക്കന്‍ മേഖലയില്‍ വെള്ളമിറങ്ങാത്ത സാഹചര്യത്തില്‍ കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റും.
കോട്ടയം നഗരം സാധാരണനിലയിലേക്ക് മടങ്ങുമ്പോഴും പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി മോശമാണ്. കുമരകം, തിരുവാര്‍പ്പ് മേഖലകളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. വീടിന് മുകളില്‍ കഴിയുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ 97 ശതമാനം പേരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കലക്ടര്‍ അറിയിച്ചിരുന്നു. ആലപ്പുഴ യില്‍ ആയിരത്തിലധികം ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം, പ്രളയക്കെടുതി നേരിടുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കണം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. താമസസ്ഥലമോ ഭക്ഷണമോ കിട്ടാതെ പലരും പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കും ആശ്വാസമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളമിറങ്ങുന്ന സാഹചര്യത്തില്‍ ഇഴജന്തുക്കളുടെ ശല്യം പല പ്രദേശങ്ങളിലും ഉണ്ടാവും. അതു കണക്കിലെടുത്ത് പ്രളയബാധിത പ്രദേശത്തെ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിവെനം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss