|    Oct 20 Sat, 2018 5:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തല്ലിക്കൊന്നശേഷം ആടിനെ പട്ടിയാക്കുന്ന വിധം”

Published : 18th March 2018 | Posted By: kasim kzm

അട്ടപ്പാടിയില്‍ സംഭവിക്കുന്നത് -2 – പി എച്ച് അഫ്‌സല്‍

മധു ഒരു വിശപ്പാളിയായിരുന്നു. ആഴ്ചയില്‍ ഒന്നിലധികം തവണ കാടിറങ്ങിവരും. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ച് കടന്നുകളയും. രാത്രികാലങ്ങളി ല്‍ സ്ത്രീകള്‍ക്കുപോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മാവോവാദികള്‍ക്കാണ് മധു അരിയും സാധനങ്ങളും എത്തിച്ചുകൊടുക്കുന്നത്”- അട്ടപ്പാടി ഭവാനി റേഞ്ചിലെ തുടുക്കി ഫോറസ്റ്റ് സ്റ്റേഷനിലെ വാര്‍ഡന്റേതാണ് ഈ വാക്കുകള്‍.
”രാത്രിയില്‍ മാത്രമാണ് മധു നാട്ടിലെത്തുന്നത്. കാടിന് സമീപമുള്ള വീടുകളില്‍ കയറും. ആളുകള്‍ ഓടിച്ചുവിട്ടാല്‍ കാടുകയറും. പിന്നെ കുറേ ദിവസത്തേക്കു ശല്യമുണ്ടാവില്ല”- ചിണ്ടക്കി ഊരിലേക്കുള്ള വഴിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. സംഭവങ്ങള്‍ നേരിട്ട് കണ്ടവരെപ്പോലെയായിരുന്നു ഇരുവരുടെയും വിവരണം. ഒരു തെളിവും ഇല്ലാതെയാണ് മധുവിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ മധുവിനെതിരായി കേസോ നേരിട്ടു കണ്ടവരോ ഇല്ല. ഫോറസ്റ്റ് വാര്‍ഡനും ഹോട്ടല്‍ ജീവനക്കാരനും ആരോപണങ്ങള്‍ ഏറ്റുപിടിക്കുക മാത്രമാണു ചെയ്തത്. മധുവിനെതിരായ ആസൂത്രിതമായ കാംപയിനാണ് അട്ടപ്പാടിയില്‍ ഇപ്പോ ള്‍ നടക്കുന്നത്. മധുവിനെ അടിച്ചുകൊന്ന സംഭവത്തില്‍ 16 പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ബിജെപി, മുസ്‌ലിംലീഗ്, സിപിഎം തുടങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലും വിഭാഗങ്ങളിലും പെട്ടവരുണ്ട്. അതുകൊണ്ടുതന്നെ മധുവിനെതിരായ കാംപയിന് അട്ടപ്പാടിയില്‍ ഐക്യമുന്നണി തന്നെ രൂപപ്പെട്ടിട്ടുണ്ട്. മനോരോഗിയായ മധുവിനെ മാവോവാദികളുടെ സഹായിയായിപ്പോലും ചിത്രീകരിക്കുന്നു. പ്രതികളെ രക്ഷിച്ചെടുക്കാനുള്ള കാംപയിനിന്റെ ഭാഗമാണ് ഇതെല്ലാം.
കുറുമ്പ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധു ഒമ്പതു വര്‍ഷമായി മാനസികമായി വെല്ലുവിളി നേരിടുന്നു. നാലാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മധുവിന് 17ാം വയസ്സിലാണ് മാനസികപ്രശ്‌നങ്ങള്‍ ആദ്യമായി കാണുന്നത്. ഇതോടെ വീട്ടുകാരില്‍ നിന്നും ജനങ്ങളില്‍ നിന്നും അകന്ന് താമസം തുടങ്ങി. വീട്ടുകാര്‍ കാട്ടില്‍ ചെന്ന് മധുവിനെ കൂട്ടിക്കൊണ്ടുവരാന്‍ തുടങ്ങിയതോടെ അവന്‍ ഉള്‍ക്കാട്ടില്‍ കയറി. സഹോദരി ചന്ദ്രിക പറയുന്നു: മധുവിനെ കുറിച്ച് പഴയൂരിലെ ആദിവാസികള്‍ക്ക് ആര്‍ക്കും യാതൊരു പരാതിയുമില്ല.
”മധുവിനെ അടിച്ചുകൊന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇനി പഴുതടച്ച അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കില്ല”- മുഖ്യമന്ത്രി പിണറായി വിജയന്റേതാണ് ഈ വാക്കുകള്‍. മധുവിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മധു കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു ആദിവാസി യുവാവും ജനമധ്യത്തില്‍ ആക്രമിക്കപ്പെട്ടു. പരാതിപ്പെട്ടിട്ടും പോലിസ് തിരിഞ്ഞുനോക്കിയില്ല.
ആദിവാസി പ്രശ്‌നങ്ങളില്‍ ഭരണകൂടവും സ്വയംസംരക്ഷകരായി ചമയുന്നവരും പുലര്‍ത്തുന്ന അലംഭാവപൂര്‍ണമായ സമീപനങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സംഭവങ്ങള്‍. പ്രഖ്യാപനങ്ങള്‍ക്കും വൈകാരിക പ്രകടനങ്ങള്‍ക്കും അപ്പുറം ആദിവാസികള്‍ നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളെ ആരും നേരിടുന്നില്ല. മധുവിനെതിരേ നടന്നത് വംശീയാതിക്രമമാണെന്നു തിരിച്ചറിഞ്ഞിട്ടും മറ്റൊരു തലത്തിലാണ് കേരളം അതിനെ ചര്‍ച്ചയാക്കിയത്. 2013നു ശേഷം അട്ടപ്പാടിയിലെ പട്ടിണിയും പരിവട്ടവും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപക ചര്‍ച്ചയായി. ആദിവാസി ഊരിലെ വിശപ്പിനെക്കുറിച്ചായിരുന്നു പിന്നീടുള്ള കണ്ണീര്‍ കഥകള്‍. അരിയും പഞ്ചസാരയും കെട്ടിനിറച്ച ചാക്കുകളുമായി പാര്‍ട്ടിപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ചുരം കയറി. വിശപ്പാണ് ആദിവാസി നേരിടുന്ന മുഖ്യ പ്രശ്‌നം എന്ന രീതിയില്‍ ആസൂത്രിതമായ കാംപയിന്‍ തന്നെ കേരളത്തി ല്‍ നടന്നു. എന്നാല്‍, വിശപ്പോ ഭക്ഷ്യപ്രതിസന്ധിയോ അല്ല ആദിവാസികള്‍ നേരിടുന്ന പ്രശ്‌നമെന്ന് ഊരുകള്‍ സന്ദര്‍ശിച്ചാല്‍ വ്യക്തമാവും.
പട്ടിണിയല്ല ആദിവാസിയുടെ പ്രശ്‌നം. ഞങ്ങള്‍ സന്ദര്‍ശിച്ച ഒരു ആദിവാസി ഊരുപോലും ഭക്ഷ്യ പ്രതിസന്ധി നേരിടുന്നില്ല. ഗോത്രവര്‍ഗത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളെ സമര്‍ഥമായി മറച്ചുപിടിക്കാനുള്ള കൈയേറ്റക്കാരുടെ തന്ത്രം മാത്രമാണ് വിശക്കുന്ന ആദിവാസികളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകള്‍. നാളെ ആദിവാസികള്‍ അവരുടെ കഥ പറയും. കൃഷിഭൂമിയില്‍ നിന്ന് ആട്ടിയറക്കപ്പെട്ടവരുടെ ദുരിതങ്ങള്‍.

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss