|    May 29 Mon, 2017 9:29 am
FLASH NEWS

തലായി ഐസ് ഫാക്ടറി പൂട്ടിയിട്ട് അഞ്ചുവര്‍ഷം

Published : 29th July 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മല്‍സ്യഫെഡിന്റെ ഐസ് ഫാക്ടറി അടച്ചുപൂട്ടിയിട്ട് അഞ്ചു വര്‍ഷം.ദിനംപ്രതി 200 മുതല്‍ 300 വരെ ബ്ലോക്ക് ഐസുകള്‍ നിര്‍മിച്ച് ലാഭകരമായി പ്രവര്‍ത്തിച്ച ഫാക്ടറിയാണ് അടച്ചുപൂട്ടിയത്.
അധികൃതര്‍ ശ്രദ്ധിക്കാതായതോടെ കെട്ടിടവും ഫാക്ടറിക്കകത്തുള്ള ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. മാഹി-തലശ്ശേരി ദേശീയപാതയില്‍ തലായിലുള്ള 70 സെന്റ് സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. 1969ല്‍ അന്നത്തെ മന്ത്രി അവു കാദര്‍ കുട്ടി നഹയാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്.
17 കൊല്ലം ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി തികച്ചും ദുരൂഹമായ കാരണങ്ങളാലാണ് അടച്ചുപൂട്ടിയത്. ഇതിന്റെ കാരണം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ പ്രദേശവാസികള്‍ക്കോ ഇപ്പോഴും അറിയില്ല. കുറച്ചു കാലം കുറിച്ചി പൂന്നോല്‍ സൊസൈറ്റി ഫാക്ടറി ഏറ്റെടുത്തു നടത്തുകയും ലാഭകരമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും പൊടുന്നനെ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു. ജില്ലയില്‍ മല്‍സ്യസംഭരണത്തിനും സംസ്‌കരണത്തിനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുള്ള ഏക ഫാക്ടറിയുമാണ് തലായിലേത്. ഇവിടെ നിന്ന് ലഭിക്കുന്ന ശുദ്ധജലത്തിന് പ്രത്യേകതയുള്ളതിനാല്‍ നിര്‍മിക്കുന്ന ഐസ് ബ്ലോക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഫാക്ടറി അടച്ചുപൂട്ടിയ ശേഷം ഇവിടെയുള്ള വലിയ കിണറില്‍ നിന്നു തലായി, പെട്ടിപ്പാലം, പുന്നോല്‍, ഗോപാല്‍പേട്ട എന്നീ തീരദേശ പ്രദേശത്തിലെ വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലേക്കാണ് നഗരസഭ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറുകളില്‍ നിന്നു ശുദ്ധജലമെത്തിക്കുന്നത്.
പൂട്ടിയ ഐസ് ഫാക്ടറിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ രണ്ട് സ്വകാര്യ ഐസ് ഫാക്ടറികള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ഫാക്ടറികളുടെ താല്‍പര്യപ്രകാരമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐസ് ഫാക്ടറി അടച്ചുപൂട്ടിയതെന്ന ആരോപണവും ശക്തമാണ്. തലായില്‍ പുതുതായി നിര്‍മിക്കുന്ന ഹാര്‍ബറില്‍ നിന്ന് 50 മീറ്റര്‍ ദൂരമാണ് ഫാക്ടറിയിലേക്കുള്ളത്. ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഐസ് ഫാക്ടറി തുറക്കാനുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നുമെടുക്കുന്നില്ല. കെട്ടിടം തകര്‍ച്ചയെ നേരിടുന്നതും ഫാക്ടറി ഉപകരണങ്ങള്‍ തുരുമ്പെടുത്തതിനാലും വന്‍തുക മുതല്‍ മുടക്കിയാല്‍ മാത്രമേ ഫാക്ടറി പ്രവര്‍ത്തനക്ഷമമാവുകയുള്ളു.
കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഐസ് ഫാക്ടറി പുനുരുജീവനത്തിന് ഒരു രൂപ പോലും നീക്കിവച്ചിട്ടുമില്ല. എന്നാല്‍ കടലിലെ മല്‍സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞതാണ് തലായ് ഐസ് ഫാക്ടറിയെ പ്രതിസന്ധിയിലാക്കിയെതെന്നാണ് മല്‍സ്യ ഫെഡ് അതികൃതരുടെ വാദം. ആഗസ്ത് മാസത്തോടെ കടലില്‍ ചാകര കണക്കിനെത്തുന്ന മത്തി പോലും തലശ്ശേരിയില്‍ ലഭ്യമല്ലാത്തതും ഐസ് ഫാക്ടറിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day