|    Aug 19 Sat, 2017 9:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തലസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ ധാരണ

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്ന തലസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സിപിഎം-ബിജെപി ജില്ലാ നേതാക്കളുടെ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചയുടെ തുടര്‍ച്ചയായി തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍  ചേര്‍ന്ന യോഗത്തില്‍  സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമാധാനം നിലനിര്‍ത്താനും സംയമനം പാലിക്കാനും ഇരുപാര്‍ട്ടിയിലെയും അണികളോട് നേതാക്കള്‍ ആഹ്വാനം ചെയ്തു. അതേസമയം, ഉഭയകക്ഷി ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ മാധ്യമങ്ങളെ വിലക്കി. സമാധാനത്തിനായി സഹകരിക്കുമെന്നും അക്രമസംഭവങ്ങളില്‍ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്നും ചര്‍ച്ചയ്ക്കുശേഷം  നേതാക്കള്‍ പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുകൂട്ടരും ഒഴിവാക്കും. വീടുകള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ അക്രമം ഉണ്ടാവരുതെന്നാണ് യോഗത്തിലുയര്‍ന്ന പൊതുവികാരം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫിസുകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളെ യോഗം അപലപിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീടുകളും പാര്‍ട്ടി ഓഫിസുകളും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഇരുകൂട്ടരും ശക്തമായ നിലപാടെടുക്കണം. അതത് പാര്‍ട്ടികളില്‍നിന്ന് പ്രകോപനപരമായ പ്രസ്താവനകളും നിലപാടുകളും ഉണ്ടാവാതിരിക്കാന്‍ നേതാക്കന്മാര്‍ ശ്രദ്ധിക്കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേതാക്കള്‍ ഇടപെട്ട് പരിഹരിക്കും. കഴിഞ്ഞ ദിവസങ്ങളിലെ അതിക്രമങ്ങളില്‍ പോലിസ് എടുത്ത കേസുകളില്‍ ഇടപെടില്ല.പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. സമാധാനശ്രമങ്ങള്‍ പ്രവര്‍ത്തകരിലെത്തിക്കാന്‍ നടപടിയുണ്ടാവുമെന്നും സിപിഎം അറിയിച്ചു. യോഗത്തില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയതിനോട്, സമാധാന ചര്‍ച്ച നടക്കുമ്പോള്‍ മാധ്യമ സാന്നിധ്യം ഗുണകരമാവില്ലെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. പോലിസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു യോഗത്തില്‍ ബിജെപിയുടെ പ്രധാന പരാതി. നിയമസംവിധാനം നിഷ്പക്ഷമായി മുന്നോട്ടുപോവണമെന്ന് യോഗത്തിനുശേഷം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. ക്രിമിനലുകളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേര്‍തിരിച്ചു കാണണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി ബിജെപി നേതാക്കള്‍ അറിയിച്ചു.  താഴെത്തട്ടിലേക്ക് സമാധാന സന്ദേശം എത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് യോഗം പിരിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക