|    Oct 19 Fri, 2018 6:46 am
FLASH NEWS

തലസ്ഥാനത്ത് ലഹരിമാഫിയ പിടിമുറക്കുന്നു : രണ്ടു മാസത്തിനിടെ 300 കിലോ കഞ്ചാവ് പിടിച്ചെടുത്തു

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: കഞ്ചാവ് വില്‍പനയ്‌ക്കെതിരെ പോലിസ് നടപടികള്‍ ശക്തമാമെന്ന് വാദങ്ങള്‍ക്കിടയിലും തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് കച്ചവചം സജീവമാവുന്നു. രണ്ടു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സൈസ് പോലിസ് സംഘങ്ങള്‍ പിടികൂടിയത് 300 കിലോയിലധികം കഞ്ചാവാണ്. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് എത്തിച്ചു വില്‍ക്കുന്ന സംഘങ്ങള്‍ വീണ്ടും ജില്ലയില്‍ വേരുറപ്പിക്കുന്നതായാണ് സൂചനകള്‍.  ഗ്രാമപ്രദേശങ്ങളിലാണ് കച്ചവടം കൊഴുക്കുന്നത്.  തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു തന്നെയാണ് കഞ്ചാവ് ഏറെയും എത്തുന്നത്. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇടയ്ക്ക് മന്ദീഭവിച്ച വില്‍പന വീണ്ടും സജീവമായതായാണു പോലിസ് നര്‍ക്കോട്ടിക് വിഭാഗങ്ങള്‍ നല്‍കുന്ന സൂചന. ട്രെയിനിലോ ബസുകളിലോ ഒളിപ്പിച്ചാണു കടത്ത്. പ്രധാന സ്‌റ്റേഷനില്‍ ഇറക്കാതെ അടുത്ത സ്ഥലങ്ങളിലാണു ചരക്ക് ഇറക്കുന്നത്. ഇവിടെ നിന്നു കാരിയര്‍മാര്‍ വഴി ചെറുകിട കച്ചവടക്കാരിലേക്ക്. നൂറ് മുതല്‍ 500 രൂപ വരെയുള്ള പൊതികളാക്കിയാണു ചെറിയ സംഘങ്ങളുടെ വില്‍പന. നഗരത്തെ അപേക്ഷിച്ചു പിടിക്കപ്പെടാന്‍ സാധ്യത കുറവായ മേഖലയായാണു ഗ്രാമങ്ങളെ സംഘങ്ങള്‍ കാണുന്നത്.വട്ടിയൂര്‍ക്കാവ്, വലിയതുറ, കാട്ടാക്കട, ആര്യനാട്, മലയിന്‍കീഴ്, നെടുമങ്ങാട് തുടങ്ങിയ മേഖലകളില്‍ നിന്നു കഞ്ചാവ് വില്‍പനക്കാരെ അടുത്തകാലത്തു പിടികൂടിയതു കഞ്ചാവ് സംഘങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നതിന്റെ സൂചനയായി കരുതാമെന്നു പൊലീസ് വൃത്തങ്ങള്‍ പറയുന്നു. നഗരത്തിലെ കഞ്ചാവ് കച്ചവടത്തില്‍ ഇപ്പോള്‍ ഒളിയും മറയുമായി നടക്കുന്ന ലോബികള്‍ ഗ്രാമങ്ങളില്‍ പരസ്യമായ വില്‍പന നടത്തുന്നതായി ആക്ഷേപമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കാനായി നാഗര്‍കോവില്‍ ഭാഗത്തു നിന്നുള്ള ട്രെയിനുകളെയും ബസുകളെയുമാണ് സംഘം കൂടുതലായി ആശ്രയിക്കുന്നത്. ഇവ നേമം, പാറശാല, കൊച്ചുവേളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇറക്കി വയ്ക്കുന്നത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി രണ്ടു മാസത്തിനിടയില്‍ പത്തിലധികം തമിഴ്‌നാട് സ്വദേശികളാണു പിടിയിലായത്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു വില്‍പന നടത്തുന്നവരും സജീവമാണ്.പൂജപ്പൂര സ്‌റ്റേഷന്‍ പരിധിയില്‍ തിരുമല ആലപ്പുറത്ത് നിന്ന് 75,000 രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു. തമിഴ്‌നാട് ബസിന്റെ സീറ്റിനിടയില്‍ ഒളിപ്പിച്ചു കടത്തിയ ഒരുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമായി തിരുനെല്‍വേലി സ്വദേശി പിടിയിലായതു കഴിഞ്ഞ മാസമാണ്. നഗരത്തില്‍ മുമ്പുള്ളതിനെക്കാള്‍ കഞ്ചാവ് സംഘങ്ങള്‍ കുറഞ്ഞതായാണു പോലിസ് വിലയിരുത്തല്‍. പകരം, സംഘം ഇപ്പോള്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിക്കുകയാണെന്നു സൂചനയുണ്ട്. പോലിസിനു പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു കച്ചവടം. വാറ്റുചാരായത്തിന്റെ ഉപഭോക്താക്കളെയാണ് ഇവര്‍ വലയിലാക്കിയിരിക്കുന്നത് എന്നാണു വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss