|    Jan 24 Tue, 2017 8:51 pm
FLASH NEWS

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം വ്യാപകം; പോലിസ് നിഷ്‌ക്രിയം

Published : 13th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം നഗരത്തില്‍ ഗുണ്ടാ വിളയാട്ടം വ്യാപകമാവുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വീണ്ടും തലപൊക്കിയപ്പോള്‍ ദിവസങ്ങള്‍ക്കിടയില്‍ രണ്ട് യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. കണ്ണമ്മൂല പുത്തന്‍പാലം കോളനിയില്‍ 19 വയസുകാരനായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടടുത്തിയതാണ് ആദ്യ സംഭവം. അമ്മയുടേയും മറ്റ് ബന്ധുക്കളുടേയും മുന്നിലിട്ടാണ് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പെ കാരയ്ക്കാമണ്ഡപത്ത് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന വെള്ളായണി കൊല്ലമ്പുഴഞ്ഞി വീട്ടില്‍ റഫീക്ക് (28) മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഗുണ്ടാ കുടിപ്പക മാരകമായ രീതിയിലേക്ക് വളര്‍ന്നിട്ടും പോലിസ് നിഷ്‌ക്രിയാവസ്ഥയിലാണ്.തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കേന്ദ്രമായി കണ്ണമ്മൂല പ്രദേശം മാറിയിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാ ന്‍ പോലിസിന് സാധിച്ചിട്ടില്ല. ഗുണ്ടാ നേതാക്കള്‍ തമ്മിലുള്ള കുടിപ്പകയില്‍ കണ്ണമ്മൂലയില്‍ പൊലിയുന്ന രണ്ടാമത്തെ ജീവനാണ് വിഷ്ണുവിന്റേത്. അടുത്തിടെ ഗൂണ്ടാ കൊലപാതകങ്ങള്‍ തലസ്ഥാനത്ത് കുറഞ്ഞത് പോലിസിനും തരത്തില്‍ ആശ്വാസമായിരുന്നു. എന്നാല്‍വീണ്ടും ഇത് ആവര്‍ത്തിക്കുന്നതിന്റെ ആശങ്ക ജനങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍പാലം രാജേഷിന്റേയും ദിനു ബാബുവിന്റേയും സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ ഡിസംബറില്‍ ഗുണ്ടാ നിയമപ്രകാരം ജയിലിലായിരുന്ന ദിനു ബാബുവിന്റെ സഹോദരന്‍ സുനില്‍ ബാബുവിനെ കണ്ണമ്മൂലയില്‍വെച്ച് പുത്തന്‍പാലം രാജേഷിന്റെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അടുത്ത ദിവസം തന്നെ ഇയാള്‍ മരിച്ചു. ഇതിന്റെ പ്രതികാരമാണ് വിഷ്ണുവിന്റെ കൊലയില്‍ കലാശിച്ചത്. തലസ്ഥാനത്തെ ഗുണ്ടാപ്പകയും ഗുണ്ടാ ആക്രമണങ്ങളും വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നതാണ്. ഇത് പരിഹരിച്ച് മുന്നോട്ടുകൊണ്ടു പോകാന്‍ പോലിസിന് ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് കൊലപാതകങ്ങളിലും കൂട്ടയടിയിലും കലാശിക്കുന്നത്. 2011 നവംബറില്‍ നഗരത്തിലെ പ്രധാന ഗുണ്ടയായിരുന്ന കണ്ണാടി ഷാജിയെ കവടിയാര്‍ പൈപ്പ് ലൈന്‍ റോഡിലിട്ട് വെട്ടിക്കൊന്നതും സജി എന്ന 21 കാരന്‍ നടുറോട്ടില്‍ കുത്തേറ്റു മരിച്ചതും ഗുണ്ടാപ്പകയുടെ അനന്തരഫലങ്ങളാണ്. കണ്ണാടി ഷാജിയുടെ ദേഹത്ത് 23 വെട്ടുകളും മുഖത്ത് ആറ് വെട്ടുകളുമാണ് ഉണ്ടായിരുന്നത്. ഈ കേസിന്റെ വിചാരണ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്. മണല്‍ക്കടത്തും വിതരണവും നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തികള്‍ സംബന്ധിച്ച തര്‍ക്കമാണ് ഷാജിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. 2008 ഏപ്രിലില്‍ വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം  ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയില്‍ പൊലിഞ്ഞ വിഷ്ണുവിന്റെ ജീവന് പകരം വീട്ടിയത്് അമ്പലമുക്ക് കൃഷ്ണകുമാറാണ്. മണ്ണന്തലക്ക് സമീപം പച്ചക്കറി കടയിലിട്ട് വിഷ്ണു വധക്കേസിലെ പ്രധാന പ്രതി രഞ്ജിത്തിനെ കൃഷ്ണകുമാര്‍ ദാരുണമായി കൊലപ്പെടുത്തി. ഈകേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും വീണ്ടും ഗുണ്ടാരംഗത്ത് സജീവമായി. ഇയാളുടെ സംഘാംഗങ്ങളാണ് കരകുളത്ത്  വെച്ച് വെട്ടേറ്റ് മരിച്ച കൊക്കോട്ട് ശ്യാമും പ്രവീണും. ക്വട്ടേഷന് പുറമെ മേനംകുളം സിഡ്‌കോയില്‍ നിന്ന് കുറഞ്ഞ വിലക്ക് മണല്‍ എടുത്ത് കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണ് ഗുണ്ടാ സംഘത്തിന്റെ പ്രധാന വരുമാനം. കുന്നിടിക്കല്‍, മണ്ണിട്ട് നികത്തല്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയും ബിസിനസ്സുകളില്‍പ്പെടും. കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി മണ്ണിട്ട് നികത്തി കൂടിയ വിലക്ക് വില്‍ക്കുന്നതും ഇവരുടെ പതിവ് ബിസിനസ് ആണ്. ഈ മേഖലയിലുണ്ടാകുന്ന വൈരാഗ്യമാണ് പിന്നീട് കൂടുതല്‍ ശത്രുതയിലേക്കും കുടിപ്പകയിലേക്കും വഴി മാറുന്നത്. വാഹന വ്യാപരമാണ് ഗുണ്ടകളുടെ മറ്റൊരു മേഖല. വാഹനങ്ങളുടെ സിസി പിടുത്തം നടത്തുന്ന വലിയൊരു സംഘം തന്നെ തലസ്ഥാനത്തുണ്ട്. കള്ളനോട്ട് വ്യാപാരത്തിലും നഗരത്തിലെ ഗുണ്ടാസംഘം സജീവമാണ്. വനിതാ ഗുണ്ടയായിരുന്ന ശോഭാജോണ്‍ ഏറെക്കാലം നഗരത്തിലെ ഒരു ഗുണ്ടാ സംഘത്തെ നയിച്ചിരുന്നു. അമ്മക്കൊരു മകന്‍ സോജു, കേപ്പന്‍ അനി എന്നിവരായിരുന്നു ഈ സംഘത്തിലെ പ്രധാനികള്‍. നേരത്തെ ആല്‍ത്തറ വിനീഷ് വധക്കേസില്‍ കേപ്പന്‍ അനി, ശോഭാ ജോണ്‍ എന്നിവര്‍ ജയിലിലായിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പോലീസ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും പാതിവഴിയില്‍ ഉദ്യമം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് ചില പോലിസുകാരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. ഗൂണ്ടാ ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിരവധി പുതിയപദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നുണ്ടെന്ന് പോലിസ് അധികൃതരും വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക