|    Jan 23 Mon, 2017 6:07 am
FLASH NEWS

തലസ്ഥാനത്തെ എടിഎം കവര്‍ച്ച: പ്രാദേശിക സഹായം ലഭിച്ചെന്ന് പോലിസ്

Published : 15th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎം കവര്‍ച്ച നടത്തിയ റുമേനിയന്‍ സംഘത്തിനു പ്രാദേശിക സഹായം ലഭിച്ചെന്ന് പോലിസ്. കേരളത്തില്‍ സഹായം നല്‍കിയവരെക്കുറിച്ചു സൂചന ലഭിച്ചു.
പ്രധാനപ്രതി ഗബ്രിയേല്‍ മരിയന്‍ പിടിയിലായശേഷം മുംബൈയില്‍ തട്ടിപ്പു നടത്തിയത് ഇന്ത്യക്കാരനാണെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഇയാള്‍ എടിഎമ്മില്‍ നിന്നു വ്യാജ കാര്‍ഡുപയോഗിച്ചു പണം തട്ടുന്ന ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചു. ഒട്ടേറെ സമയം വിവിധ കാര്‍ഡുകള്‍ എടിഎമ്മില്‍ പരീക്ഷിക്കുന്നതു ദൃശ്യത്തില്‍ കാണാം. ഗബ്രിയേല്‍ അറസ്റ്റിലായതിനു പിന്നാലെ 9നു രാത്രി 11.46ന് ഒരാള്‍ എടിഎം മുറിയിലേക്കു കടന്നു പണം പിന്‍വലിക്കുന്നതാണു ദൃശ്യം. കറുത്ത ഷര്‍ട്ടും ജീന്‍സുമായിരുന്നു ഇയാളുടെ വേഷം. പോലിസ് ആവശ്യപ്പെട്ടപ്രകാരം ബാങ്ക് അധികൃതരാണു ചിത്രങ്ങളും വീഡിയോയും കൈമാറിയത്.
എന്നാല്‍, ഈ വീഡിയോ കാണിച്ചപ്പോള്‍ തനിക്ക് ഇയാളെ അറിയില്ലെന്നായിരുന്നു ഗബ്രിയേലിന്റെ പ്രതികരണം. എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ കവര്‍ച്ചാസംഘത്തിലെ അഞ്ചാമനായ കോസ്‌നേ മുംബൈയില്‍ മറ്റാരുടെയോ സഹായം തേടിയെന്ന സംശയമാണ് ഈ ദൃശ്യത്തോടെ ബലപ്പെടുന്നത്. പണം പിന്‍വലിക്കുന്ന ഇതേസമയത്താണു തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുന്‍ ചീഫ് മാനേജരുമായ ബി ജ്യോതികുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്. ഇതോടൊപ്പം മറ്റൊരു അക്കൗണ്ടില്‍ നിന്ന് 17,500 രൂപയും ഇയാള്‍ പിന്‍വലിച്ചിരുന്നു. ചോര്‍ത്തലിനു വിധേയമായ എല്ലാ അക്കൗണ്ടുകളും ഗബ്രിയേലിന്റെ അറസ്റ്റിനു ശേഷം ബ്ലോക്ക് ചെയ്‌തെങ്കിലും മരവിപ്പിക്കാന്‍ വിട്ടുപോയ അക്കൗണ്ടുകളായിരുന്നു ഇത്. ഒമ്പതിനാണ് ഗബ്രിയേല്‍ മരിയന്‍ അറസ്റ്റിലായത്. അന്നു രാത്രിയും 11നുമായാണ് രണ്ട് ഇടപാടുകാരുടേതായി 65,300 രൂപ മുംബൈയില്‍ നിന്ന് ഇയാള്‍ പിന്‍വലിച്ചത്. തുടര്‍ന്ന് 11ന് തന്നെ കോസ്‌നേ രാജ്യംവിട്ടു.
അഞ്ചാമന്റെ പേര് കോസ്റ്റ എന്നാണെന്നായിരുന്നു ഗബ്രിയേലിന്റെ മൊഴി. അതു കണക്കിലെടുത്ത് പോലിസ് വിമാനത്താവളങ്ങള്‍ക്കു മുന്നറിയിപ്പു സന്ദേശം നല്‍കിയിരുന്നെങ്കിലും പേരിലെ വ്യത്യാസമാണ് ഇയാള്‍ക്കു രക്ഷപ്പെടാനിടയാക്കിയത്. 11നു മുംബൈ വിമാനത്താവളത്തില്‍ നിന്നു തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കാണ് കോസ്‌നേ കടന്നത്. ഇതോടെ, റുമേനിയയില്‍ നിന്നു കേരളത്തിലെത്തി ഏഴു ലക്ഷം രൂപയുടെ ഹൈടെക് തട്ടിപ്പു നടത്തിയ അഞ്ചംഗ സംഘത്തിലെ മറ്റു നാലുപേരെയും കണ്ടെത്താന്‍ റെഡ്, പര്‍പ്പിള്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്നു സംസ്ഥാന പോലിസ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനില്‍ എടിഎം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു. സ്‌കിമ്മര്‍ ഉപകരണമല്ല, മെഷീന്‍ ഹാക്കിങാണ് നടന്നതെന്നാണു പുതിയ കണ്ടെത്തല്‍. അക്കൗണ്ടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി പോലിസ് സംശയിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക