|    Mar 24 Fri, 2017 11:38 pm
FLASH NEWS

തലസ്ഥാനത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതി പരിസരത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കു പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഒരുവിഭാഗം അഭിഭാഷകരുടെ ആക്രമണം. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു വക്കീല്‍ ഗുമസ്തനും പരിക്കേറ്റു.
ജീവന്‍ ടിവിയുടെ തിരുവനന്തപുരം റിപോര്‍ട്ടര്‍ അനുലാല്‍, മാതൃഭൂമി ന്യൂസ് കാമറാമാന്‍ ബിജു, കേരളകൗമുദി ലേഖകന്‍ രാജീവ് എന്നിവര്‍ക്കാണു പരിക്കേറ്റത്. അനുലാലിന്റെ തലയ്ക്കാണു പരിക്ക്. ഏതാനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കുണ്ട്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, കൈരളി ടിവി തുടങ്ങിയ ചാനലുകളുടെ കാമറകള്‍ തകര്‍ത്തു.
മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് കോടതിയിലെ മീഡിയാ റൂമില്‍ പോസ്റ്ററുകള്‍ പതിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. നാലാം ലിംഗക്കാര്‍ക്കു പ്രവേശനമില്ലെന്നായിരുന്നു പോസ്റ്റര്‍. കൂടാതെ മീഡിയാ റൂം പൂട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ പ്രകോപനവുമായി രംഗത്തെത്തി. കടകംപള്ളി കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്.
നാട്ടുകാരുള്‍പ്പെടെ ഇടപെട്ടാണ് അഭിഭാഷകരെ പിന്തിരിപ്പിച്ചത്. മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ജില്ലാ ജഡ്ജിയുമായും ചര്‍ച്ചനടത്തിയെങ്കിലും പരിഹാരമായില്ല. കല്ലേറ് നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് കൂട്ടാക്കാതിരുന്നതാണു സ്ഥിതിഗതികള്‍ വഷളാക്കിയത്. അക്രമം നടത്തിയവരുടെ ദൃശ്യങ്ങളടക്കം കൈമാറാമെന്ന് അറിയിച്ചെങ്കിലും പോലിസ് വഴങ്ങിയില്ല. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി കവാടത്തിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയില്‍ അനുനയചര്‍ച്ചകള്‍ നടക്കുമ്പോഴാണ് അഭിഭാഷകര്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച അഭിഭാഷകര്‍ ഇവര്‍ക്കുനേരെ ട്യൂബ് ലൈറ്റുകളും ബിയര്‍ കുപ്പികളും ഇഷ്ടികയും വലിച്ചെറിഞ്ഞു. കല്ലേറില്‍ സമീപത്തെ വീടുകളുടെ ജനല്‍ച്ചില്ലുകളും തകര്‍ന്നു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് ഐജി മനോജ് എബ്രഹാമിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

(Visited 64 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക