|    Jan 17 Tue, 2017 6:45 pm
FLASH NEWS

തലസ്ഥാനം പിടിച്ചാല്‍ ഭരണമെന്ന് ചരിത്രം; വിധി നിര്‍ണായകമാവും

Published : 9th March 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരളത്തിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ തലസ്ഥാനം കൂടിയാണ് തിരുവനന്തപുരം. കേരളത്തിലെ ഏത് തിരഞ്ഞെടുപ്പിലും ശ്രദ്ധാകേന്ദ്രമാവുക തിരുവനന്തപുരത്തിന്റെ രാഷ്ട്രീയചിത്രം തന്നെയാണ്. തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാമെന്നതാണ് മുന്‍കാലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു സംസ്ഥാന ഭരണം. ഈ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. 1996ല്‍ ഒമ്പത് സീറ്റും 2006 ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടി. യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന 1991, 2001, 2011 വര്‍ഷങ്ങളില്‍ തലസ്ഥാന ജില്ലയും ഐക്യമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. 1991ല്‍ എട്ടും 2001ല്‍ ഒരു സ്വതന്ത്രനടക്കം 10ഉം 2011ല്‍ ആദ്യം എട്ടും പിന്നീട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഒമ്പതും സീറ്റാണ് ജില്ലയിലെ യുഡിഎഫ് സമ്പാദ്യം.
കഴിഞ്ഞ തവണ 14ല്‍ ഒമ്പതും യുഡിഎഫ് നേടിയപ്പോള്‍ രണ്ടു സീറ്റിനാണ് ഇടതിന് ഭരണം പോയത്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് ജയസാധ്യതയുണ്ടായിരുന്ന സീറ്റുകള്‍ പാഴാക്കിയതെന്ന് സിപിഎം നേതാക്കള്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. സ ര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരക്കാരും ഏറെയുള്ള തലസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. തലസ്ഥാന ജില്ല ഒരു മുന്നണിയോടും സ്ഥിരമായ രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്താറില്ലെന്നതാണ് സത്യം. അതതു കാലത്തെ രാഷ്ട്രീയാന്തരീക്ഷം, വികസന പദ്ധതികള്‍, സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ മികവ്, സാമുദായിക താല്‍പര്യങ്ങള്‍ എന്നിവയൊക്കെ വോട്ട് ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് പതിവ് പ്രവചനരീതികള്‍ ഭരണതലസ്ഥാനത്ത് അപ്രസക്തമാവും. 14 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം യുഡിഎഫിന്റെയും അഞ്ചെണ്ണം എല്‍ഡിഎഫിന്റെയും അക്കൗണ്ടിലാണ്.
വര്‍ക്കല, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവ യുഡിഎഫും ആറ്റിങ്ങ ല്‍, ചിറയിന്‍കീഴ്, വാമനപുരം, നേമം, കോവളം എന്നിവ എല്‍ഡിഎഫും കൈവശം വയ്ക്കുന്നു. നെയ്യാറ്റിന്‍കരയില്‍ 2011ല്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഎമ്മിലെ ആര്‍ ശെല്‍വരാജാണ് ജയിച്ചത്. എന്നാല്‍, അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ഏതാണ്ട് അതേ ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ചു. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന അരുവിക്കരയില്‍ മകന്‍ ശബരീനാഥന്‍ പിതാവിന്റെ അതേ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തിയ എല്‍ഡിഎഫ് ഫൈന ല്‍ വിജയത്തിന്റെ പ്രതീക്ഷയിലാണ്. 26 അംഗ ജില്ലാ പഞ്ചായത്തില്‍ 19ഉം ഇടതിനൊപ്പമായിരുന്നു. നേരത്തെ ഭരണം പിടിച്ചിരുന്ന യുഡിഎഫ് ആറിലൊതുങ്ങി. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറന്നു. വിജയത്തിന് മാറ്റ് കുറവാണെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി.
നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികളുടെ ഭരണവും പിടിച്ചെടുത്തു. യുഡിഎഫാവട്ടെ കോ ര്‍പറേഷനില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ ആറിന്റെ സ്ഥാനത്ത് 34 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. വര്‍ക്കല, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികളുടെ ഭരണവും യുഡിഎഫിന് നഷ്ടമായി. 73 ഗ്രാമപ്പഞ്ചായത്തുകളില്‍ 50ഓളം ഇടതുമുന്നണി പിടിച്ചപ്പോള്‍ നേരത്തെ അത്രത്തോളം ഭരിച്ചിരുന്ന യുഡിഎഫിന് ലഭിച്ചതാവട്ടെ 19 മാത്രം. നാലിടത്ത് ബിജെപിയും കയറി. 11 ബ്ലോക്കുകളില്‍ ഒമ്പതിലും ഇടതിനാണ് മേല്‍ക്കൈ. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയാണ് തിരുവനന്തപുരം. നിയമസഭയില്‍ തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്നാണ് അവരുടെ അവകാശവാദം.
2011ലെ നിയമസഭ, 2014ലെ ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെയും അരുവിക്കര, നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുകളിലെയും പ്രകടനമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. നേമത്തും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലും ബിജെപിയിലെ പ്രമുഖരുടെ സാന്നിധ്യം ശക്തമായ ത്രികോണ മല്‍സരത്തിന് കളമൊരുക്കും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ ആറ് സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ നേടിയത് 34 സീറ്റാണ്. (തുടരും)

..

നെയ്യാറ്റിന്‍കരയില്‍ 2011ല്‍ 6702 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി ഉപതിരഞ്ഞെടുപ്പില്‍ 30,507 വോട്ട് നേടി നില മെച്ചപ്പെടുത്തി. അരുവിക്കരയില്‍ കാര്‍ത്തികേയനെതിരേ 7694 വോട്ടായിരുന്നെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ അത് 34,145 ആയി ഉയര്‍ത്തി. ഇത് രാജഗോപാല്‍ ഫാക്ടര്‍ മാത്രമെന്ന വിലയിരുത്തലിലാണ് മറ്റ് മുന്നണികള്‍. അതേസമയം, ജില്ലയിലെ ദലിത്, പിന്നാക്ക, ന്യൂനപക്ഷ മേഖലകളില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ച എസ്ഡിപിഐ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശത്തില്‍ ജില്ലയില്‍ ഏഴു വാര്‍ഡുകളില്‍ എസ്ഡിപിഐ വിജയം നേടി.
സാമുദായിക സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പിനെ നന്നായി സ്വാധീനിക്കുന്ന മണ്ഡലങ്ങളാണ് തലസ്ഥാനത്ത് ഏറെയുമുള്ളത്. അതുകൊണ്ടുതന്നെ മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലും സാമുദായിക സന്തുലനം പ്രതിഫലിക്കും. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ നീലലോഹിതദാസന്‍ നാടാര്‍ എം എന്‍ ഗോവിന്ദന്‍നായരെ ഒരു ലക്ഷത്തിലധികം വോട്ടിന് തോല്‍പ്പിച്ചതും 89ല്‍ എ ചാള്‍സ് ഒഎന്‍വി കുറുപ്പിനെ അര ലക്ഷത്തിലധികം വോട്ടിനു തോല്‍പ്പിച്ചതും ഇതിനു തെളിവാണ്. കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മണ്ഡലങ്ങളില്‍ നാടാര്‍, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ പ്രബലശക്തിയാണ്. നാടാര്‍ സമുദായത്തില്‍ വ്യക്തമായ ആധിപത്യമുള്ള വിഎസ്ഡിപി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ആറ്റിങ്ങലും ചിറയിന്‍കീഴും സംവരണമണ്ഡലങ്ങളാണ്. വര്‍ക്കല ബിഡിജെഎസ്സിനായി ബിജെപി നീക്കിവച്ചിരിക്കുന്നു. മറ്റ് മണ്ഡലങ്ങളില്‍ നായര്‍ വിഭാഗം നിര്‍ണായക ശക്തിയാണ്. കേരള രാഷ്ട്രീയത്തിലുണ്ടായ കൂടുമാറ്റങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് സഹായകരമാവുമോയെന്നറിയാന്‍ കാത്തിരിക്കണം.
ആര്‍എസ്പി മുന്നണി മാറി യുഡിഎഫിലെത്തിയപ്പോള്‍, ജെഎസ്എസും കേരളാ കോണ്‍ഗ്രസ് ബിയും യുഡിഎഫ് വിട്ടു. ബാലകൃഷ്ണപ്പിള്ള എല്‍ഡിഎഫിനൊപ്പമാണ്. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും കേരളാ കോണ്‍ഗ്രസ് എമ്മില്‍നിന്നു പുറത്തുവന്ന് എല്‍ഡിഎഫിലെത്താനുള്ള ഒരുക്കത്തിലാണ്. വിജയസാധ്യത കണക്കിലെടുത്ത് സിറ്റിങ് എംഎല്‍എമാര്‍ ഭൂരിഭാഗവും വീണ്ടും മല്‍സരിക്കാനാണു സാധ്യത. യുഡിഎഫില്‍ ഓരോ മണ്ഡലത്തില്‍നിന്നും നാലുപേരുകളാണ് പ്രാഥമിക പട്ടികയിലുള്ളത്.
വാമനപുരത്ത് എംഎം ഹസ്സന്‍, പി എസ് പ്രശാന്ത്, രമണി പി നായര്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കോവളം കോണ്‍ഗ്രസ്സിനാണെങ്കില്‍ എ വിന്‍സന്റായിരിക്കും സ്ഥാനാര്‍ഥി. സംവരണ മണ്ഡലങ്ങളായ ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്ക് ജെ ലീന, കെ എസ് ഗോപകുമാര്‍, കാവല്ലൂര്‍ മധു എന്നിവരെ പരിഗണിക്കുന്നു. നേമത്ത് പി കെ വേണുഗോപാലിനെ പോരാട്ടത്തിനിറക്കിയേക്കും. എല്‍ഡിഎഫില്‍ കഴക്കൂട്ടത്ത് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും നേമത്ത് വി ശിവന്‍കുട്ടിയും ആറ്റിങ്ങലില്‍ ബി സത്യനും മല്‍സരിച്ചേക്കും. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മുന്‍ എംപി ടി എന്‍ സീമ, മുന്‍ മേയര്‍ കെ ചന്ദ്രിക, വര്‍ക്കലയില്‍ ആനത്തലവട്ടം ആനന്ദന്‍, വാമനപുരത്ത് എ എ റഹീം, കാട്ടാക്കടയില്‍ മുന്‍ സര്‍വകലാശാലാ യൂനിയന്‍ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍, അരുവിക്കരയില്‍ ഐ ബി സതീഷ്, പാറശ്ശാലയില്‍ ബെന്‍ ഡാര്‍വിന്‍, ആന്‍സലന്‍, നെയ്യാറ്റിന്‍കരയില്‍ സി കെ ഹരീന്ദ്രന്‍ എന്നിവരെയാണ് സിപിഎം പരിഗണിക്കുന്ന പുതുമുഖങ്ങള്‍. നേമം- ഒ രാജഗോപാല്‍, വട്ടിയൂര്‍ക്കാവ്- കുമ്മനം രാജശേഖരന്‍, കാട്ടാക്കട- പി കെ കൃഷ്ണദാസ്, കഴക്കൂട്ടം- വി മുരളീധരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ പോരിനിറക്കാനാണ് ബിജെപിയുടെ നീക്കം. കേരളത്തിന്റെ പൊതുമനസ്സിനൊപ്പം തിരുവനന്തപുരം നില്‍ക്കുമോയെന്നറിയാന്‍ രണ്ടര മാസംകൂടി കാത്തിരിക്കേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക