|    Jun 22 Fri, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തലസ്ഥാനം പിടിച്ചാല്‍ ഭരണമെന്ന് ചരിത്രം; വിധി നിര്‍ണായകമാവും

Published : 8th March 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരളത്തിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ തലസ്ഥാനം കൂടിയാണ് തിരുവനന്തപുരം. കേരളത്തിലെ ഏത് തിരഞ്ഞെടുപ്പിലും ശ്രദ്ധാകേന്ദ്രമാവുക തിരുവനന്തപുരത്തിന്റെ രാഷ്ട്രീയചിത്രം തന്നെയാണ്. തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാമെന്നതാണ് മുന്‍കാലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു സംസ്ഥാന ഭരണം. ഈ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. 1996ല്‍ ഒമ്പത് സീറ്റും 2006 ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടി. യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന 1991, 2001, 2011 വര്‍ഷങ്ങളില്‍ തലസ്ഥാന ജില്ലയും ഐക്യമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. 1991ല്‍ എട്ടും 2001ല്‍ ഒരു സ്വതന്ത്രനടക്കം 10ഉം 2011ല്‍ ആദ്യം എട്ടും പിന്നീട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഒമ്പതും സീറ്റാണ് ജില്ലയിലെ യുഡിഎഫ് സമ്പാദ്യം.
കഴിഞ്ഞ തവണ 14ല്‍ ഒമ്പതും യുഡിഎഫ് നേടിയപ്പോള്‍ രണ്ടു സീറ്റിനാണ് ഇടതിന് ഭരണം പോയത്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് ജയസാധ്യതയുണ്ടായിരുന്ന സീറ്റുകള്‍ പാഴാക്കിയതെന്ന് സിപിഎം നേതാക്കള്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. സ ര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരക്കാരും ഏറെയുള്ള തലസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. തലസ്ഥാന ജില്ല ഒരു മുന്നണിയോടും സ്ഥിരമായ രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്താറില്ലെന്നതാണ് സത്യം. അതതു കാലത്തെ രാഷ്ട്രീയാന്തരീക്ഷം, വികസന പദ്ധതികള്‍, സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ മികവ്, സാമുദായിക താല്‍പര്യങ്ങള്‍ എന്നിവയൊക്കെ വോട്ട് ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് പതിവ് പ്രവചനരീതികള്‍ ഭരണതലസ്ഥാനത്ത് അപ്രസക്തമാവും. 14 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം യുഡിഎഫിന്റെയും അഞ്ചെണ്ണം എല്‍ഡിഎഫിന്റെയും അക്കൗണ്ടിലാണ്.
വര്‍ക്കല, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവ യുഡിഎഫും ആറ്റിങ്ങ ല്‍, ചിറയിന്‍കീഴ്, വാമനപുരം, നേമം, കോവളം എന്നിവ എല്‍ഡിഎഫും കൈവശം വയ്ക്കുന്നു. നെയ്യാറ്റിന്‍കരയില്‍ 2011ല്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഎമ്മിലെ ആര്‍ ശെല്‍വരാജാണ് ജയിച്ചത്. എന്നാല്‍, അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ഏതാണ്ട് അതേ ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ചു. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന അരുവിക്കരയില്‍ മകന്‍ ശബരീനാഥന്‍ പിതാവിന്റെ അതേ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തിയ എല്‍ഡിഎഫ് ഫൈന ല്‍ വിജയത്തിന്റെ പ്രതീക്ഷയിലാണ്. 26 അംഗ ജില്ലാ പഞ്ചായത്തില്‍ 19ഉം ഇടതിനൊപ്പമായിരുന്നു. നേരത്തെ ഭരണം പിടിച്ചിരുന്ന യുഡിഎഫ് ആറിലൊതുങ്ങി. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറന്നു. വിജയത്തിന് മാറ്റ് കുറവാണെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി.
നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികളുടെ ഭരണവും പിടിച്ചെടുത്തു. യുഡിഎഫാവട്ടെ കോ ര്‍പറേഷനില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ ആറിന്റെ സ്ഥാനത്ത് 34 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. വര്‍ക്കല, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികളുടെ ഭരണവും യുഡിഎഫിന് നഷ്ടമായി. 73 ഗ്രാമപ്പഞ്ചായത്തുകളില്‍ 50ഓളം ഇടതുമുന്നണി പിടിച്ചപ്പോള്‍ നേരത്തെ അത്രത്തോളം ഭരിച്ചിരുന്ന യുഡിഎഫിന് ലഭിച്ചതാവട്ടെ 19 മാത്രം. നാലിടത്ത് ബിജെപിയും കയറി. 11 ബ്ലോക്കുകളില്‍ ഒമ്പതിലും ഇടതിനാണ് മേല്‍ക്കൈ. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ജില്ലയാണ് തിരുവനന്തപുരം. നിയമസഭയില്‍ തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്നാണ് അവരുടെ അവകാശവാദം.
2011ലെ നിയമസഭ, 2014ലെ ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെയും അരുവിക്കര, നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുകളിലെയും പ്രകടനമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. നേമത്തും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലും ബിജെപിയിലെ പ്രമുഖരുടെ സാന്നിധ്യം ശക്തമായ ത്രികോണ മല്‍സരത്തിന് കളമൊരുക്കും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ ആറ് സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ നേടിയത് 34 സീറ്റാണ്. (തുടരും)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss