|    Apr 21 Sat, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തലസ്ഥാനം ചെങ്കടലായി; ചടങ്ങിന് പ്രമുഖരുടെ നീണ്ടനിര: സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ പതിനായിരങ്ങള്‍

Published : 26th May 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ 22ാം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത് വമ്പിച്ച ജനസാഗരത്തെ സാക്ഷി നിര്‍ത്തി. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും കൊണ്ട് തലസ്ഥാന നഗരം ചെങ്കടലായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ചടങ്ങിനായി തലസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നത്. ഉച്ചയോടെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള വീഥികളെല്ലാം ജനനിബിഡമായി.
ഉച്ചയ്ക്ക് രണ്ടു മണിയോടെ വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. 2500ഓളം പേര്‍ക്ക് ഇരിക്കാനാവും വിധം ക്രമീകരിച്ച പ്രധാന പന്തല്‍ മിനിറ്റുകള്‍ക്കകം തന്നെ നിറഞ്ഞു. കൂടാതെ, ഗാലറികളിലും ഗ്രൗണ്ടിലുമായി പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ചടങ്ങ് വീക്ഷിക്കുന്നതിന് സ്റ്റേഡിയത്തിനകത്ത് എല്‍സിഡി സ്‌ക്രീനുകളും സജ്ജമാക്കിയിരുന്നു. സ്റ്റേഡിയത്തിന് പുറത്തും നാലിടത്ത് എല്‍സിഡി സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു. ഇതിനിടെ ചെറിയ തോതില്‍ മഴ പെയ്‌തെങ്കിലും ചടങ്ങിനെ ബാധിച്ചില്ല.
മൂന്നു മണിയോടെ തന്നെ വിവിഐപികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയിലേക്ക് എത്തിയിരുന്നു. വൈകീട്ട് 3.30ഓടെ പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. സകുടുംബം എത്തിയ പിണറായി എല്ലാവരോടും ചിരിച്ചും വിശേഷം പങ്കുവച്ചുമാണ് ചടങ്ങിനെത്തിയത്. കൂടാതെ, മറ്റു മന്ത്രിമാരും കുടുംബാംഗങ്ങളോടൊപ്പമാണ് ചടങ്ങിന് എത്തിച്ചേര്‍ന്നത്. കൃത്യം നാലു മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിച്ചു. ആദ്യം ഗവര്‍ണര്‍ പി സദാശിവത്തില്‍ നിന്നു പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് ഘടകകക്ഷികളുടെ നിയമസഭാകക്ഷി നേതാക്കളായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു. ആറാമതായി എ കെ ബാലന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് കെ ടി ജലീല്‍, ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്തീന്‍, കെ രാജു, ടി പി രാമകൃഷ്ണന്‍, സി രവീന്ദ്രനാഥ്, കെ കെ ശൈലജ, ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിലത്തെ ഊഴം തോമസ് ഐസക്കിന്റേത് ആയിരുന്നു.
പിണറായിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് വിളികളോടെയാണ് അഭിവാദ്യം ചെയ്തത്.
ചടങ്ങിനായി വിഐപികളുടയും സിനിമാ താരങ്ങളുടെയും നീണ്ടനിരയും ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, സിനിമാ താരങ്ങളായ മമ്മൂട്ടി, ദിലീപ്, മധു, നടനും എംപിയുമായ ഇന്നസെ ന്റ്, കൊല്ലത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിനിമാതാരം മുകേഷ്, സംവിധായകന്മാരായ രഞ്ജി പണിക്കര്‍, രഞ്ജിത്, മധുപാല്‍, ഷാജി കൈലാസ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്ര ന്‍, എസ്ഡിപിഐ സംസ്ഥാനസമിതിയംഗം നാസറുദ്ദീന്‍ എളമരം, എംപിമാര്‍, എംഎല്‍എമാ ര്‍ മുന്‍മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, മതസാമുദായിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുവേ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ രാജ്ഭവനിലാണ് നടക്കാറുള്ളത്. 2006ല്‍ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയാണ് ആദ്യമായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയി ല്‍ സത്യപ്രതിജ്ഞ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss