|    Aug 22 Tue, 2017 9:05 am
FLASH NEWS

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിന് തടസ്സം;സ്വകാര്യ സ്‌കൂള്‍ വികസനത്തിന് അനുമതി

Published : 4th November 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി നഗരസഭാ സ്റ്റേഡിയം പുനര്‍ നവീകരിക്കുന്നതിനു തടസ്സം നില്‍ക്കുന്ന പുരാവസ്തു വകുപ്പ് സ്വകാര്യ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കിയത് വിവാദത്തില്‍. പുരാവസ്തു നിയമത്തിന്റെ പേരുപറഞ്ഞ് നഗരത്തിലെ വിവിധ വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വകുപ്പ് ഉദ്യോഗസ്ഥരാണ് തലശ്ശേരി കോട്ടയില്‍ നിന്നു 50 മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ കെട്ടിടം വികസിപ്പിക്കാന്‍ അനുമതി നല്‍കിയത്. സംഭവത്തിനു പിന്നില്‍ വന്‍ അഴിമതിയാണെന്നു മുന്‍ പിടിഎ ഭാരവാഹികള്‍ ആരോപിച്ചു. പുരാവസ്തു ഗവേഷണ വകുപ്പിലെ ആറ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 23 ലക്ഷം രൂപ നല്‍കിയാണ് സ്‌കൂള്‍ കെട്ടിടത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കാന്‍ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കിയതെന്നാണ് ആരോപണം. സ്‌കൂള്‍ പിടിഎ കെട്ടിടം വികസിപ്പിക്കാന്‍ പണം സ്വരൂപിക്കാന്‍ കുട്ടികള്‍ക്ക് അഞ്ചുരൂപ മുതല്‍ 100 രൂപ വരെയുള്ള രശീതി നല്‍കുകയും ഇത്തരത്തില്‍ സമാഹരിക്കുന്ന തുക നല്‍കാനുമാണ് മാനേജ്‌മെന്റ് ആലോചിച്ചതെന്നുമാണ് പിടിഎ ഭാരവാഹികള്‍ പരാതി ഉന്നയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ കുട്ടികളില്‍ നിന്നു സമാഹരിച്ച തുക 13 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയില്‍ വരുമെന്നാണ് ഇവര്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പാണ് കൈക്കൂലി നല്‍കിയതെന്നാണ് ആരോപണം. കുട്ടികളില്‍ നിന്നു ശേഖരിച്ച തുക മാനേജ്‌മെന്റ് സ്വീകരിക്കുന്നതിന് മുമ്പ് തന്നെ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ നടത്താനുള്ള കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിക്കാനായി 23 ലക്ഷം രൂപയാണ് ഇടനിലക്കാര്‍ വഴി സ്‌കൂള്‍ മാനേജ്‌മെന്റ് ഡല്‍ഹിയിലെത്തി നല്‍കിയതെന്നാണ് ആരോപണം. പുരാവസ്തു ഗവേഷണ വകുപ്പ് തലശ്ശേരി നഗരത്തിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും മലബാറിലെ ഏറ്റവും വലിയ ജനറല്‍ ആശുപത്രിയായ തലശ്ശേരി ജനറല്‍ ആശുപത്രിയുടെ വികസനത്തിനും കെട്ടിടം നിര്‍മിക്കുന്നതിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂള്‍ കെട്ടിടം വികസിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇക്കാര്യം നഗരസഭാ അധികൃതര്‍ അറിഞ്ഞിട്ടും പുരാവസ്തു ഗവേഷണ വകുപ്പിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നെഹ്‌റു സര്‍ക്കാരില്‍ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുല്‍കലാം ആസാദിന്റെ പേരില്‍ തലശ്ശേരിയില്‍ സ്ഥാപിക്കപ്പെട്ട ആസാദ് ലൈബ്രറിയുടെ  വികസനത്തിനും എതിര്‍വാദം ഉന്നയിച്ചത് പുരാവസ്തു വകുപ്പാണ്. കേന്ദ്ര പുരാവസ്തു വകുപ്പ് തലശ്ശേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ വികസനത്തിനും തടസ്സം നില്‍ക്കുന്നതു പുരാവസ്തു വകുപ്പിലെ നിയമങ്ങള്‍ ഉപയോഗിച്ചാണ്. 50 മീറ്റര്‍ അകലെയുള്ള സ്വകാര്യ സ്‌കൂളിന് കെട്ടിട നിര്‍മാണാനുമതി മുന്‍ പിടിഎ ഭാരവാഹികള്‍ പറയുന്നത്. ഇതിനു പുറമെ, സമീപത്തു തന്നെയുള്ള മറ്റൊരു സ്വകാര്യ സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കാന്‍ കെട്ടിടം നിര്‍മിക്കാനായി 10 വര്‍ഷം മുമ്പ് ഇതേ വിധത്തില്‍ കൈക്കൂലി നല്‍കിയതായും ആരോപണമുണ്ട്. എംപി, എംഎല്‍എമാരുടെ ഫണ്ടില്‍ നിന്നു 14 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനെ പുരാവസ്തു നിയമം കാട്ടിയാണ് തടസ്സപ്പെടുത്തുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ പുനപ്പരിശോധിക്കണമെന്ന ആവശ്യം തലശ്ശേരി നഗരസഭാ കൗണ്‍സിലില്‍  ഉന്നയിക്കാത്തതും ശ്രദ്ധേയമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക