|    Sep 23 Sun, 2018 6:34 am
FLASH NEWS

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മാനേജര്‍ തസ്തിക നികത്താന്‍ നടപടിയില്ല

Published : 28th August 2018 | Posted By: kasim kzm

തലശ്ശേരി: ദിനേന നിരവധി യാത്രക്കാര്‍ വന്നുപോവുന്ന ഉത്തര മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ തലശ്ശേരി സ്റ്റേഷനില്‍ സ്റ്റേഷന്‍ മാനേജര്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. തസ്തിക നികത്തുന്നതു സംബന്ധിച്ച് റെയില്‍വേക്ക് അനക്കമില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ജനപ്രതിനിധികളും തയ്യാറായിട്ടില്ല.
ഫലത്തില്‍ സ്റ്റേഷന്‍ മാനേജരുടെ അഭാവത്തില്‍, എ ഗ്രേഡ് സ്റ്റേഷനായി ഉയര്‍ത്തപ്പെട്ട തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ദൈനംദിന ഭരണക്രമീകരണങ്ങള്‍ താളംതെറ്റിയിരിക്കുകയാണ്. ദക്ഷിണ റെയില്‍വേയുടെ ആറു ഡിവിഷനുകളില്‍പ്പെട്ട പ്രധാന സ്റ്റേഷനാണ് തലശ്ശേരി. ദക്ഷിണ റെയില്‍വേയുടെ ഭരണപരിധിക്കകത്ത് നേരത്തെ 90 സ്റ്റേഷനുകള്‍ ഉണ്ടായിരുന്നു. നിലവിലത് 70 ആയി ചുരുങ്ങി. മംഗലാപുരം, കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി എന്നിവയാണ് ഡിവിഷനിലെ പ്രധാന സ്റ്റേഷനുകള്‍.
ആറു കോടിയില്‍പരം രൂപയുടെ വരുമാനം റെയില്‍വേക്ക് നേടിക്കൊടുത്തതിലൂടെയാണ് തലശ്ശേരി സ്റ്റേഷന്‍ എ ഗ്രേഡ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. എന്നാല്‍, മാനേജറുടെ അഭാവം മൂലം പ്രതാപം മങ്ങി.
റിസര്‍വേഷന്‍, ടിക്കറ്റ് കൗണ്ടര്‍, പാര്‍സല്‍ സര്‍വീസ്, കാറ്ററിങ് സര്‍വീസ്, ശുദ്ധജല വിതരണം എന്നീ സംവിധാനങ്ങള്‍ താറുമാറായി. സ്റ്റേഷന്‍ മാസ്റ്ററാണ് മാനേജരുടെ ഡ്യൂട്ടി ഏറ്റെടുത്തിരിക്കുന്നത്. നിരവധി ദീര്‍ഘദൂര, ഹ്രസ്വദൂര ട്രെയിനുകള്‍ കടന്നുപോവുന്ന തലശ്ശേരിയില്‍ മാനേജര്‍ ഇല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുള്ള സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് യഥാര്‍ഥത്തില്‍ എന്താണ് സ്റ്റേഷനില്‍ നടക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.
ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ വരുന്നവര്‍ക്ക് ടിക്കറ്റുകള്‍ കൗണ്ടറില്‍നിന്ന് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താവുള്ള ഉത്തരവാദിത്തം ഉള്‍പ്പെടെ മാനേജര്‍ക്കാണ്. ചട്ടപ്രകാരം 24 മണിക്കൂറാണ് സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം. എന്നാല്‍, സ്റ്റേഷന്‍ മാനേജരുടെ അഭാവത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ മാത്രമാണ് പാര്‍സല്‍ സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കേന്ദ്രത്തില്‍ പരിശോധന നടത്തിയിരുന്നു. സ്റ്റേഷനിലെ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്റ്റിങ് രീതിയും നടപ്പാവുന്നില്ല.
മതിയായ ശുചീകരണം ഇല്ലാത്തതിനാല്‍ സ്റ്റേഷന്‍ പരിസരം വൃത്തിഹീനമായി. സ്റ്റേഷനില്‍ നാഥനില്ലാത്തതിനാല്‍ റെയില്‍വേ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറുന്നതായും പരാതിയുണ്ട്. കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്ഥലം എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തയ്യാറായിട്ടില്ല. ചുരുക്കത്തില്‍, കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷനായ തലശ്ശേരിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാതാവുന്നിടത്തേക്കാണ് കാര്യങ്ങള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss