|    Jan 16 Mon, 2017 6:33 pm

തലശ്ശേരി റെയില്‍വേ സ്റ്റേഷന് അധികൃതരുടെ അവഗണന

Published : 5th August 2016 | Posted By: SMR

തലശ്ശേരി: അധികൃതരുടെ അവഗണനയും നഗരസഭാ അധികൃതരുടെ താല്‍പര്യക്കുറവും കാരണം തലശ്ശേരി നഗരസഭ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതം. റെയില്‍വേ സ്റ്റേഷന്റെ പൊതുവികസനം, തലശ്ശേരി-മൈസൂര്‍ റെയില്‍വേ എന്നീ ആവശ്യങ്ങളോടെല്ലാം റെയില്‍വെ മന്ത്രാലയം അനുവര്‍ത്തിച്ച നിഷേധ നിലപാട് മറ്റു ആവശ്യങ്ങളോടും തുടരുകയാണ്.
പ്രതിദിനം ആറ് ലക്ഷത്തിലേറെ രൂപ വരുമാനമുള്ള സ്റ്റേഷനിലെ വികസന പദ്ധതികളെല്ലാം സാങ്കേതിക കാരണം പറഞ്ഞ് മുടങ്ങുകയാണ്. ദീര്‍ഘദൂര തീവണ്ടികള്‍ക്ക് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതാണു യാത്രക്കാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലൂടെ പ്രതിദിനം 56 തീവണ്ടികളാണ് കടന്നുപോവുന്നത്. ഇതില്‍ 28 തീവണ്ടികള്‍ക്കാണ് തലശ്ശേരിയില്‍ സ്‌റ്റോപ്പുള്ളത്. പകുതി വണ്ടികള്‍ക്കും സ്റ്റോപില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.
തലശ്ശേരി സംഗമം ജങ്ഷനില്‍ നിന്നു ടിസി മുക്കില്‍ അവസാനിക്കുന്ന മേല്‍പാലം പണിതതു വഴി തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 15 കിലോ മീറ്ററായി ചുരുങ്ങിയിരുന്നു. അതുവരെ സാധാരണ ഗതിയില്‍ മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ ഓടുന്ന തീവണ്ടികള്‍ കേവലം 15 കിലോ മീറ്ററായി വേഗം കുറയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഒരു തീവണ്ടി തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ 28 മിനുറ്റ് തിട്ടപ്പെടുത്തുന്നതായി റെയില്‍വേ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ അതിവേഗ വണ്ടികള്‍ എ ക്ലാസ് പട്ടികയിലുള്ള തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇത്രയും സമയമെടുത്ത് നിര്‍ത്തുകയെന്നത് അപ്രയോഗീകമാണെന്നാണ് റെയില്‍വേ അധികൃതരുടെ വാദം. മേലൂട്ട് മേല്‍പാലം പരിസരത്ത് നിന്നും തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒന്നര കിലോ മീറ്റര്‍ ദൂരം തീവണ്ടികള്‍ നീങ്ങി വരാന്‍ ഒരുപാട് സമയമെടുക്കുന്നുണ്ട്. ഇത് റെയില്‍വേയ്ക്ക് പ്രതിദിനം വന്‍നഷ്ടമുണ്ടാക്കുന്നുവെന്നും റെയില്‍വേ അധികൃതര്‍ പറയുന്നത്.
ഇതിനു പുറമെ റെയില്‍വേ സ്റ്റേഷന്‍ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറുന്നത് പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല ആക്ഷേപവും ശക്തമാണ്. സ്റ്റേഷന്‍ പരിസരത്ത് തന്നെ മണ്ണിട്ട് നികത്തുന്നത് കണ്ടില്ലെന്നു നടിക്കുകയാണ്. സ്‌റ്റേഷനിലെത്തുന്നവരുടെ സുരക്ഷയ്ക്കായി ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. സ്റ്റേഷനില്‍ മെയിന്‍ ലൈന്‍, ലൂപ്പ് ലൈന്‍, സോര്‍ട്ടിങ് ലൈന്‍ എന്നീ ആവശ്യങ്ങളോടും അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്.
യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ നടപ്പാത നിര്‍മാണത്തിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും തുടര്‍ നടപടികളെടുക്കുന്നതില്‍ നഗരസഭ അധികൃതര്‍ വിമുഖത കാട്ടുകയാണ്. തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു 1000 മീറ്റര്‍ ദൂരെയാണ് നടപ്പാത നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിച്ചു വരികയാണെന്നാണ് നഗരസഭ അധികൃതരുടെ മറുപടി.
നടപ്പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇപ്പോള്‍ നഗരത്തിലെയും നഗരപരിസരത്തെയും മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി അടിഞ്ഞുകൂടുന്ന ഓവുചാലാണുള്ളത്. നടപ്പാത നിര്‍മാണത്തിനായി പലതവണ മണ്ഡലത്തിലെ എംപിമാരെയും എംഎല്‍എമാരെയും നേരിട്ടും നിവേദനങ്ങള്‍ വഴിയും സമീപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
150 വര്‍ഷം പിന്നിടുന്ന തലശ്ശേരി നഗരസഭ റെയില്‍വേ നടപ്പാത യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വികസന ആക്ഷന്‍ കമ്മിറ്റിയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക