|    Mar 23 Thu, 2017 1:57 pm
FLASH NEWS

തലശ്ശേരി പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിമരണം

Published : 10th October 2016 | Posted By: SMR

തലശ്ശേരി: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയെ തലശ്ശേരി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേനിയിലെ മാവട്ടം ആണ്ടിപ്പെട്ടി സ്വദേശി കാളിമുത്തു (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ലോക്കപ്പില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സേലം സ്വദേശി രാജു(43)വാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരമറിയിച്ചതെന്ന് പോലിസ് വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ നാലിന് കാളിമുത്തു മൂത്രമൊഴിക്കാന്‍ എഴുന്നേറ്റിരുന്നു. ഇരുവരെയും തങ്ങള്‍ മര്‍ദിച്ചിരുന്നില്ലെന്നും കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ നാട്ടുകാരുടെ മര്‍ദനമേറ്റിരുന്നതായും പോലിസ് വിശദീകരിച്ചു. കാളിമുത്തുവിന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുള്ളതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംശയകരമായ സാഹചര്യത്തില്‍ ടെംപിള്‍ ഗേറ്റ് പരിസരത്തു കണ്ട കാളിമുത്തുവിനെയും രാജുവിനെയും എഎസ്‌ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
പ്രദേശത്ത് മോഷണം പതിവായെന്ന നാട്ടുകാരുടെ പരാതിയില്‍ സ്ഥലത്തെത്തിയതായിരുന്നു പോലിസ്. ഈ സമയം ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലിസ് വാദം. 10 വര്‍ഷത്തോളമായി പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്ന ഇരുവരും പെരിങ്ങത്തൂര്‍, കടവത്തൂര്‍ ഭാഗങ്ങളിലെ കടവരാന്തകളിലാണ് ഉറങ്ങിയിരുന്നത്.
അതേസമയം, ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ്, സിപിഎം, ബിജെപി നേതാക്കളെത്തി.
തുടര്‍ന്ന് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് വി കെ സുബ്രഹ്മണ്യം, ആര്‍ഡിഒ നവ്‌ജ്യോത് ഖോസ, കണ്ണൂര്‍ പോലിസ് ചീഫിന്റെ ചുമതലയുള്ള വയനാട് പോലിസ് ചീഫ് കാര്‍ത്തിക്, തലശ്ശേരി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സത്യനാഥ് എന്നിവരെത്തി. മൃതദേഹം ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാളിമുത്തുവിന്റെ മരണവിവരം ബന്ധുക്കളെ അറിയിക്കാനായി പോലിസ് തേനിയിലേക്കു തിരിച്ചു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക