|    Jun 22 Fri, 2018 4:58 pm
FLASH NEWS

തലശ്ശേരി നഗരസഭയുടെ ആസ്തി രജിസ്റ്റര്‍കാണാതായി

Published : 6th November 2016 | Posted By: SMR

ഷാജി പാണ്ട്യാല

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ സൂക്ഷിക്കേണ്ട നഗരസഭയുടെ ആസ്തി സംബന്ധിച്ച രജിസ്റ്റര്‍ കാണാതായി. തിരുവനന്തപുരത്ത് നിന്നു നഗരസഭയിലത്തിയ ഓഡിറ്റ് വിഭാഗമാണ് ആസ്തി രജിസ്റ്റര്‍ കാണാനില്ലെന്ന വിവരം സ്ഥിരീകരിച്ചത്. ഇതോടെ തലശ്ശേരി നഗരസഭയുടെ പിറവി മുതലുള്ള ആസ്തികളെ കുറിച്ചുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ഭൂമി കൈയേറ്റ മാഫിയയാണെന്നാണ് ആക്ഷേപം. ആസ്തി രജ്‌സിറ്റര്‍ കാണാതായതോടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആസ്തികളെ കുറിച്ചുള്ള വിവരവും അവ കൈയേറിയിട്ടുണ്ടെങ്കില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള തെളിവുകളും നഷ്ടപ്പെടും. ഇത് നഗരസഭയ്ക്കു വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയാക്കും. മലയാളവര്‍ഷം 1042 കന്നി 21ന് അതായത് 1866 ഒക്‌ടോബര്‍ 6നാണ് തലശ്ശേരി നഗരസഭ പ്രവര്‍ത്തനം തുടങ്ങിയത്. ഐക്യകേരള പിറവിക്ക് ശേഷം തലസ്ഥാനതല പദവിക്കായി പരിഗണിക്കപ്പെട്ടിരുന്ന അഞ്ചാമത്തെ സ്ഥലമായിരുന്നു തലശ്ശേരി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയായിരുന്നു മറ്റു സ്ഥലങ്ങള്‍. മദിരാശി സംസ്ഥാനത്തെ കണ്ണാമറ ലൈബ്രറി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ലൈബ്രറിയായി പരിഗണിക്കപ്പെട്ടിരുന്നതും തലശ്ശേരി വിജെടി ലൈബ്രറിയായിരുന്നു. ഇപ്പോഴത് ആസാദ് ലൈബ്രറിയാണ്. ഏറ്റവും കൂടുതല്‍ പാര്‍ക്കുകള്‍ ഉണ്ടായിരുന്ന നഗരസഭയും തലശ്ശേരി തന്നെയാണ്. പൊതുജനങ്ങള്‍ക്ക് ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, ബാസ്‌കറ്റ് ബോള്‍, കബഡി, ഗോട്ടി എന്നിവ കളിക്കാനും സ്ഥലം തലശ്ശേരി നഗരസഭയിലുണ്ടായിരുന്നു. പ്രസ്തുത സ്ഥലങ്ങളില്‍ മിക്കതും ദുരൂഹകാരണങ്ങളാല്‍ കൈമാറ്റം ചെയ്യപ്പെടുകയോ നഗരസഭയുടെ കൈവശാവകാശത്തില്‍ നിന്ന് നഷ്ടപ്പെടുകയോ ചെയ്തതായാണു സൂചന. ഇതേ ഘട്ടത്തിലാണ് തലശ്ശേരി സെമിനാരിയുടെ ഭാഗമായുള്ള സ്ഥലത്ത് പഴയകാല മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ നഗരസഭയുടെ ഉടമസ്ഥതയിലും കൈവകാശത്തിലുമായി നടന്നിരുന്നത്. ഇത് പോലെ നഗരസഭയുടെ നിയന്ത്രണത്തിലുള്ള, കൈവശാവകാശമുള്ള ഏഴോളം ഡിസ്‌പെന്‍സറികളും തലശ്ശേരി ചാലില്‍ കോത്തപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷയ രോഗികളെ ചികില്‍സിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറിയുടെ സ്ഥലവും ഇന്ന് ആരുടെ ഉടമസ്ഥതയിലാണെന്നതും അവ്യക്തമാണ്. തലശ്ശേരി നഗരപരിധിക്ക് പുറത്തും തലശ്ശേരി നഗരസഭയ്ക്ക് വന്‍തോതില്‍ ഭൂമി ഉണ്ടായിരുന്നതായി രേഖകളുണ്ട്. ചെറുകുന്നില്‍ ഇത്തരത്തിലുണ്ടായിരുന്ന ഭൂമി നെല്‍വയലായി മാറിയെന്നും അത് സ്വകാര്യവ്യക്തിയുടെ കൈയിലാണെന്നും റിപോര്‍ട്ടുണ്ട്.1960 വരെ അഞ്ച് ബസ്സുകള്‍ നഗരസഭയുടെ നിയന്ത്രണത്തില്‍ സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ സെമിനാരിയുടെ ഭൂപരിധിയില്‍പെടുന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പഴയ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ കടലില്‍ നിന്നുള്ള ഉപ്പുകാറ്റേറ്റ് ജീര്‍ണാവസ്ഥയിലാണ്. ഇതുകാരണം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ജീവഹാനി സംഭവിക്കുമെന്ന പിഡബ്ല്യൂഡി എന്‍ിനീയറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് സ്‌കൂള്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. പ്രസ്തുത സ്‌കൂള്‍ പിന്നീട് ചിറക്കരയില്‍ പ്രവര്‍ത്തിക്കുകയും അത് ചിറക്കര ഹൈസ്‌കൂളായി മാറുകയും ചെയ്തു. 1946-47-48 കാലയളവുകളില്‍ തലശ്ശേരിയില്‍ 41 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍സിപ്പല്‍ പരിധിയില്‍ ഇത് 17 എണ്ണമായിരുന്നു. ഇതില്‍ 9 എണ്ണം സ്വന്തം കെട്ടിടത്തിലും 8 എണ്ണം വാടകകെട്ടിടത്തിലുമായിരുന്നു. ഇതേസമയം പുന്നോലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ നിയന്ത്രണത്തിലുമായിരുന്നു. ഹിന്ദു ആണ്‍കുട്ടികള്‍ പഠിച്ചിരുന്ന നാല് സ്‌കൂളുകളും മുസ്്‌ലിം വിഭാഗത്തിലെ ആണ്‍കുട്ടികള്‍ പഠിച്ചിരുന്ന ആറ് സ്‌കൂളുകളും ഹിന്ദു പെണ്‍കുട്ടികള്‍ക്ക് ഒന്നും മുസ്്‌ലിം പെണ്‍കുട്ടികള്‍ക്ക് മൂന്നുമായിരുന്നു. മൂന്ന് സ്‌കൂളുകളും അവ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരം ആസ്തി രജ്‌സിറ്ററിലുണ്ട്.ഇത്തരത്തില്‍ നിരവധി സ്ഥലത്ത് ഭൂമികളും സ്വന്തമായ കെട്ടിടങ്ങളും ഇവയെല്ലാം ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നതിന് കൃത്യമായ നികുതി പിരിവിലൂടെ ക്രമീകരണം നടത്തുകയും ചെയ്ത തലശ്ശേരി നഗരസഭയുടെ സുപ്രധാന ഭൂമി സംബന്ധമായ രേഖകളാണ് കാണാതായിട്ടുള്ളത്. 2016 ജൂലൈ 21നു തിരുവനന്തപുരത്ത് നിന്നെത്തിയ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് നഗരസഭയിലെ ആസ്തി സംബന്ധിച്ച സുപ്രധാന രേഖകള്‍ കാണാതായ വിവരം പുറത്തായത്. 2014-15 കാലത്തെ നഗരസഭയിലെ ആസ്തിയും മറ്റും പരിശോധിക്കാനായിരുന്നു ഓഡിറ്റ് വിഭാഗമെത്തിയിരുന്നത്. ആസ്തി രജിസ്റ്റര്‍ കാണാതായതിനെക്കുറിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓഡിറ്റ് ഓഫിസര്‍മാര്‍ നഗരസഭയ്ക്ക് രേഖാമൂലം കത്ത് നല്‍കുകയും ചെയ്തിരുന്നു. കത്ത് ലഭിച്ച് രണ്ട് മാസത്തിനകം ആസ്തി രജിസ്റ്റര്‍ ഹാജരാക്കണമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായില്ലെന്നതും ദുരൂഹമാണ്. തലശ്ശേരി നഗരസഭാ അധികാര പരിധിയിലാണെന്ന് ഇതേവരെ അവകാശപ്പെട്ടിരുന്ന സ്റ്റേഡിയത്തിന് മേല്‍ റവന്യൂ വിഭാഗം അവകാശമുന്നയിച്ചതും ഇതേ ഘട്ടത്തിലാണെന്നതും ശ്രദ്ധേയമാണ്. നഗരസഭയുടെ കൈവശമുണ്ടായിരുന്ന പല ഭൂമികളും എന്നന്നേക്കുമായി നഷ്ടപ്പെടുകയും ഇനി നഷ്ടപ്പെടാനുള്ള ഭൂമിയെക്കുറിച്ച് വ്യക്തത വരുത്താനുള്ള ആസ്തി രജിസ്റ്റര്‍ അപ്രത്യക്ഷമാവുകയും ചെയ്ത ഘട്ടത്തിലാണ് സ്റ്റേഡിയത്തിനു മേല്‍ അവകാശവാദം ഉന്നയിക്കപ്പെട്ടത്. 400 വര്‍ഷം പഴക്കമുള്ള ചരിത്രരേഖകള്‍ തലശ്ശേരി ആര്‍ഡിഒ ഓഫിസ് ലൈബ്രറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇത് പുനര്‍വായനയ്ക്കായി നഗരസഭ അധികൃതര്‍ ഒരു വിരമിച്ച ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയതിനു പിന്നിലും ദൂരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss