|    Jun 24 Sat, 2017 12:36 am
FLASH NEWS

തലശ്ശേരി നഗരത്തിലെ ഓവുചാലുകള്‍ അടഞ്ഞിട്ട് മാസങ്ങള്‍

Published : 22nd October 2016 | Posted By: SMR

തലശ്ശേരി: നഗരസഭയിലെ പല ഓവുചാലുകളും പൂര്‍ണമായും അടഞ്ഞിട്ട് മാസങ്ങളായിട്ടും അധികൃതര്‍ക്കു അനക്കമില്ല. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ പ്രധാനവും അപ്രധാനവുമായ ഓടകള്‍ ഭൂരിഭാഗവും സ്ലാബിട്ട് അടച്ചെങ്കിലും ബസ് സ്റ്റാന്റിലേക്ക് കടക്കുന്ന ഭാഗങ്ങളില്‍ സ്ലാബുകള്‍ പലതും തുറന്ന നിലയിലാണ്. രൂക്ഷവും അസഹനീയവുമായ ദുര്‍ഗന്ധം കാരണം ഓടകള്‍ക്ക് സമീപത്തു കൂടിയുള്ള കാല്‍നടയാത്ര അസാധ്യമായിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് ഓടകള്‍ തുറന്ന് മണ്ണ് നീക്കി വൃത്തിയാക്കിയെങ്കിലും കടകളില്‍ നിന്നു തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓടകളില്‍ നിറഞ്ഞ് ഒഴുകാതെ കെട്ടിക്കിടക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന മാലിന്യങ്ങള്‍ ഓടയില്‍ കുടുങ്ങി നില്‍ക്കുകയാണ്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ലോഡ്ജുകളുടെയും വിവിധ ചെറുകിട ആശുപത്രികളുടേയും സെപ്റ്റിക് ടാങ്കുകള്‍ നേരിട്ട് ഓടയിലേക്ക് ബന്ധിപ്പിച്ചതിനാല്‍ മാലിന്യങ്ങള്‍ പൂര്‍ണമായും ഓവുചാലില്‍ കെട്ടിക്കിടക്കുകയാണ്. ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ മൂക്കുപൊത്താതെ ഒരടി പോലും നഗരത്തിലെത്തുന്നവര്‍ക്ക് കാല്‍നടയായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നിട്ടും നഗരസഭ അധികൃതരും ആരോഗ്യ വിഭാഗവും ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ്. ഇത്തരം ഓടകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടകളിലും തട്ടുകടകളിലേയും വെള്ളം ശേഖരിക്കുന്നത് ഓടയുടെ എതിര്‍ ഭാഗത്തുള്ള കോണ്‍ക്രീറ്റ് കിണറില്‍ നിന്നാണെന്നും ആക്ഷേപമുണ്ട്. കാലപ്പഴക്കം കാരണം തകര്‍ച്ചയിലായ ഇത്തരം കിണറില്‍ നിന്ന് വെള്ളം എടുത്താണ് ഭക്ഷണം പാചകം ചെയ്യുന്നത് ജനങ്ങള്‍ക്കറിയില്ലെങ്കിലും നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് വ്യക്തമായി അറിയാം. രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വ്യത്തിഹീന ചുറ്റുപാടുകളെ ഒഴിവാക്കാന്‍ നഗരഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍ തലശ്ശേരി നഗരം വിവിധ തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക