|    Dec 16 Sat, 2017 11:02 am
FLASH NEWS

തലശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം;പ്രതിവര്‍ഷം സമ്പാദിച്ചത് രണ്ടുകോടി

Published : 1st October 2016 | Posted By: Abbasali tf

തലശ്ശേരി: തലശ്ശേരിയില്‍ അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രമുഖ സര്‍വകലാശാലകളുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടി. പിയര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അമൃത കോളജില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയത്. സംഭവത്തില്‍ പിണറായി സ്വദേശി അജയനും വട്ടിയൂര്‍ക്കാവ് സ്വദേശിനി ടിന്റു വി ഷാജിയെയും പോ ലിസ് അറസ്റ്റ് ചെയ്തു.   ഒരു വ്യാജ സര്‍ട്ടിഫിക്കറ്റിന് 40000 രൂപ മുതല്‍ വാങ്ങിയിരുന്നതെന്നു പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് പ്രതിവര്‍ഷം രണ്ടു കോടിയോളം രൂപ സമ്പാദിച്ചതായാണു പ്രാഥമിക നിഗമനം. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് അടിസ്ഥാന യോഗ്യതകള്‍ക്ക് പുറമെ അനുബന്ധ യോഗ്യതകള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പ്രധാനമായും നിര്‍മിച്ചത്. കഴിഞ്ഞ 23 വര്‍ഷമായി തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജയനും സുഹൃത്തുക്കളും ചേര്‍ന്ന് ഇതുവഴി കോടികളാണു കൈക്കലാക്കിയത്.പ്രമുഖ ദൃശ്യമാധ്യമ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തലശ്ശേരി സ്വദേശിക്ക് നിയമനം ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുകയും തലശ്ശേരിയിലും തുടര്‍ന്ന് ധര്‍മടം പോലിസ് സ്‌റ്റേഷനിലേക്കും അന്വേഷണം നീളുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംശയത്തിന് ഇടനല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം തലശ്ശേരിയാണെന്ന് അറിഞ്ഞിട്ട് രണ്ടു വര്‍ഷമായിട്ടും പോലിസ് അന്വേഷിക്കാതിരുന്നത് ദുരൂഹതയുയര്‍ത്തുന്നതാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാവ് എസ്എസ്എല്‍സിയും ബിരുദവും തുടര്‍ന്ന് എല്‍എല്‍ബിയും നേടിയത് ഇതേ സ്ഥാപനം നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെയാണെന്നു നാലുവര്‍ഷം മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ സേവനം ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കീഴ്‌കോടതികളില്‍ പ്രോസിക്യൂട്ടര്‍മാരായി വിവിധ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം ലഭിക്കാനും സ്ഥാപനം പലര്‍ക്കും അഡീഷനല്‍ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയയതായി വിവരമുണ്ട്. കേസന്വേഷിക്കുന്ന പോലിസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രമോഷന്‍ നേടിയതും ഇതേ സ്ഥാപനത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിലാണെന്നും ആക്ഷേപമുണ്ട്. ഡിഇഒ, സ്‌കൂളുകളിലെ ക്ലറിക്കല്‍ തസ്തികകളില്‍ നിന്നു പ്രൊമോഷന്‍ ലഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചിരുന്നു.മുന്‍ മന്ത്രിമാരുടെ കുടുംബങ്ങളില്‍പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 20 കൊല്ലം മുമ്പ് മൈസൂര്‍ കേന്ദ്രീകരിച്ച് ടിസിഎച്ച് ബിരുദം നല്‍കിയതിനു പിന്നിലും സ്ഥാപനത്തിനു പങ്കുണ്ട്. കംപ്യൂട്ടറിലെ ഹാര്‍ഡ്ഡിസ്‌കിലെ വിവരങ്ങള്‍ നീക്കം ചെയ്താലും തിരിച്ചെടുക്കാവുന്ന സോഫ്റ്റവെയര്‍ ഉള്ളതിനാല്‍വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ പട്ടികയും പോലിസിനു ലഭിച്ചതായാണു വിവരം. അതേസമയം, പൊടുന്നനെ ഉണ്ടായ റെയ്ഡിനു പിന്നിലും ദുരൂഹത ഉയരുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിച്ചവരുടെ പട്ടിക കേന്ദ്ര മിലിറ്ററി ഇന്റലിജന്‍സിനു ലഭിക്കുന്നത് തടയാനാണു നീക്കമെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക