|    Aug 18 Sat, 2018 12:15 am
FLASH NEWS

തലശ്ശേരിയിലെ പോലിസ് ക്രൈം സ്‌ക്വാഡ് യൂനിറ്റ് പിരിച്ചുവിട്ടു

Published : 24th September 2017 | Posted By: fsq

 

തലശ്ശേരി: തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈം സ്‌ക്വാഡ് യൂനിറ്റ് പിരിച്ചുവിട്ടു. സ്‌ക്വാഡ് അംഗങ്ങള്‍ക്കെതിരേ നേരത്തെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനു ലഭിച്ച പരാതികളില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ പരാതികളില്‍ വസ്തുതകളുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു സ്‌ക്വാഡ് പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതെന്നാണു സൂചന. ഉത്തരവിനെ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പോലിസ് സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് ഹാജരാവാന്‍ നിര്‍ദേശം ലഭിച്ചു. ഇതേത്തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പോലിസ് യൂനിഫോമില്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്‌ക്വാഡ് രൂപീകരിച്ച ആദ്യഘട്ടങ്ങളില്‍ വളരെ സജീവമായിരുന്നെങ്കിലും ക്രമേണ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങി. ചേറ്റംകുന്ന്, ന്യൂ മാഹി എന്നിവിടങ്ങളിലെ വീടുകളില്‍ നടന്ന കവര്‍ച്ചകള്‍, പൊന്ന്യം സര്‍വീസ് സഹകരണ ബാങ്ക് കൊള്ള,എന്നിവയിലെല്ലാം അന്വേഷണ മികവ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സാധാരണ പോലിസുകാരുടെ രീതിയിലേക്ക് മാറുകയായിരുന്നു. അതേസമയം തന്നെ മോഷ്ടാക്കള്‍, പോക്കറ്റടിക്കാര്‍, ഒരു ഗ്രാം മുതല്‍ അഞ്ച് ഗ്രാം വരെയുള്ള കഞ്ചാവ് വില്‍പ്പനക്കാര്‍ എന്നിവരെയെല്ലാം പിടികൂടി സ്‌ക്വാഡ് നിലനിര്‍ത്തേണ്ടത് ആവശ്യകതയാണെന്ന് ബോധ്യപ്പെട്ടുത്താനും സ്ഥലംമാറി വരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്വാധീനിക്കാനും സ്‌ക്വാഡിലെ ചിലര്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം വസ്തുതാപരമാണെന്നു കണ്ടെത്തിയത്. തലശ്ശേരി മെയിന്‍ റോഡിലെ ജ്വല്ലറിക്കുള്ളില്‍ നടന്ന കൊലപാതകത്തില്‍ ക്രൈം സ്‌ക്വാഡിനു കാര്യമായ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകത്തില്‍ അന്വേഷണം എത്തുമെത്താതെ സിബിഐ ഏറ്റെടുത്തിട്ടും മന്ദഗതിയിലാണ്. ഒരു പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥന്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യരുതെന്ന സംസ്ഥാന പോലിസ് ചട്ടം പലപ്പോഴും സ്‌ക്വാഡിന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടതിനാല്‍ ആഭ്യന്തര വകുപ്പിനു പോലിസ് സേനയ്ക്കുള്ളില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നതോടെയാണ് ക്രൈം സ്‌ക്വാഡ് യൂനിറ്റ് പിരിച്ചുവിട്ടതെന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss